തിരുവനന്തപുരം: നിയമസഭയില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാത്തതില്‍ മന്ത്രിമാര്‍ക്ക് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ റൂളിങ്. ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കണമെന്ന് സ്പീക്കര്‍ മന്ത്രിമാരോട് ആവശ്യപ്പെട്ടു. നിരുത്തരവാദപരമായ സമീപനമാണ് മന്ത്രിമാരുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. മന്ത്രിമാരുടെ പെരുമാറ്റത്തില്‍ ന്യായീകരണമില്ല. പ്രതിപക്ഷം ഉന്നയിച്ച പരാതി വസ്തുതാപരമാണ്. അതിനാല്‍ സഭാസമ്മേളനം അവസാനിക്കുന്ന 25നകം എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ലഭിച്ചിരിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി. ചോദ്യത്തോര വേളയില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. 240 ചോദ്യങ്ങള്‍ക്കു വരെ ഒരു ദിവസം മറുപടി നല്‍കിയിരുന്നില്ലെന്ന് പരാതിയില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടര്‍ന്നാണ് സ്പീക്കറുടെ റൂളിങ്.