തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ 49,900 രൂപയുടെ കണ്ണട വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ 5000 രൂപയുടെ കണ്ണട വാങ്ങിയ കഥ പറഞ്ഞ് കലക്ടര്‍ ബ്രോ എന്നറിയപ്പെട്ട മുന്‍ കോഴിക്കോട് കലക്ടര്‍ പ്രശാന്ത് നായര്‍ രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലെഴുതിയ കഥയിലൂടെയാണ് പ്രശാന്ത് സ്പീക്കര്‍ക്കെതിരെ ഒളിയമ്പെയ്തത്. ഇതോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്റെ കടക്കൂപുറത്ത് എന്ന പ്രയോഗത്തിന് കടക്ക് പുറത്ത് എന്ന വകഭേദവും പ്രശാന്ത് കൊണ്ടുവന്നിട്ടുണ്ട്.
75,000 രൂപയുടെ കണ്ണടയാണ് കടയിലെ സെയില്‍സ്മാന്‍ തനിക്കായി ശിപാര്‍ശ ചെയ്തതെന്നും എന്നാല്‍ അതൊഴിവാക്കി 5000 രൂപയുടെ കണ്ണടയാണ് താന്‍ വാങ്ങിയതെന്ന് പ്രശാന്ത് പറഞ്ഞു. പത്ത് വര്‍ഷമായി സര്‍ക്കാര്‍ ജോലി ചെയ്യുന്ന താന്‍ ഇതുവരെ മരുന്നിനും ആസ്പത്രിക്കും ചികിത്സക്കും ചെലവായ തുക സര്‍ക്കാറില്‍ നിന്ന് എഴുതി വാങ്ങിയിട്ടില്ല. വലിയ തുക ചെലവായ മൂന്ന് നാല് അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നെങ്കിലും ക്ലെയിം ചെയ്ത് തുടങ്ങേണ്ടിവരും എന്നറിയാം. ഡിങ്കാനുഗ്രഹത്താല്‍ വലിയ അസുഖങ്ങളൊന്നും വരാതെ, ക്ലെയിം ചെയ്യാന്‍ അവസരം ഉണ്ടാവാതിരിക്കട്ടെയെന്നും പ്രശാന്ത് പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

പത്ത് വര്‍ഷമായി സര്‍ക്കാര്‍ ജോലിയില്‍. ഇതുവരെ മരുന്നിനും ആസ്പത്രിക്കും ചികിത്സക്കും ചെലവായ തുക സര്‍ക്കാറില്‍ നിന്ന് എഴുതി വാങ്ങീട്ടില്ല. വലിയ തുക ചെലവായ മൂന്ന് നാല് അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട് ഇതുവരെ. (ഇത് വായിക്കുന്ന എന്റെ അച്ഛന്‍ എന്റെ പിടിപ്പുകേടിനെക്കുറിച്ച് വാചാലനാവുന്നത് എനിക്കിപ്പൊ കേള്‍ക്കാം.) എന്നെങ്കിലും ക്ലെയിം ചെയ്ത് തുടങ്ങേണ്ടി വരും എന്നറിയാം. ഡിങ്കാനുഗ്രഹത്താല്‍ വലിയ അസുഖങ്ങളൊന്നും വരാതെ, ക്ലെയിം ചെയ്യാന്‍ അവസരം ഉണ്ടാവാതിരിക്കട്ടെ.
രണ്ട് മാസം മുന്‍പ് പുതിയ കണ്ണട വാങ്ങാന്‍ തീരുമാനിച്ച് പ്രമുഖ കണ്ണാടിക്കടയുടെ കൊച്ചി ശാഖയില്‍ സുഹൃത്തിനൊപ്പം കയറി. അവിടത്തെ ഒന്നുരണ്ട് കോയിക്കോടന്‍ സ്റ്റാഫ് എന്നെ തിരിച്ചറിഞ്ഞു. അറിയുന്ന പൊാലീസുകാരന്‍ രണ്ടടി അധികം തരും എന്ന് പറഞ്ഞ പോലെ അവര്‍ ഏറ്റവും കിടിലം കണ്ണട ഐറ്റംസ് നിരത്തിത്തുടങ്ങി. ഞാന്‍ കെഞ്ചി.. കരുണകാണിക്കണം… ലുക്ക് ഇല്ലെന്നേ ഉള്ളൂ..സര്‍ക്കാരുദ്യോഗസ്ഥനാണ്. രണ്ട് മാസത്തിലൊരിക്കല്‍ കണ്ണട പൊട്ടിക്കുന്ന ശീലമുണ്ട്, ട്രെയിന്‍ യാത്രയില്‍ കണ്ണാടി കളയുന്ന ശീലവുമുണ്ട്.. എന്നെപ്പോലുള്ളവര്‍ക്ക് പറ്റിയത് തന്നാ മതി.. എവിടെ?! അവസാനം 75,000 ക്ക് തൊട്ടാപൊട്ടുന്ന ഐറ്റം എനിക്ക് വേണ്ടി സെലക്ട് ചെയ്ത് ഒരു കോയിക്കോടന്‍ അവന്റെ സെയില്‍സ്മാന്‍ സ്പിരിറ്റ് പ്രദര്‍ശിപ്പിച്ചു. അവിടന്ന് എങ്ങനേലും കൈച്ചിലായി പോവാന്‍ നോക്കുന്ന എന്നെ കട മൊയലാളി മലപ്പുറത്തൂന്ന് ഫോണിലൂടെ പിടികൂടാന്‍ നോക്കുന്നു. സെയില്‍സ്മാന്‍ വഴിമുടക്കി നില്‍ക്കുന്നു. ബിസ്മില്ല കേള്‍ക്കുന്ന ആടിന്റെ മാനസികാവസ്ഥയായിരുന്നു എനിക്ക്. ഇപ്പൊ തിരിച്ച് വരാന്ന് പറഞ്ഞ് സുഹൃത്ത്് എന്നെ അവിടുന്ന് സാഹസികമായി ഇറക്കി. ടേക്കോഫിന്റെ ക്ലൈമാക്‌സില്‍ ചാക്കോച്ചന്‍ അതിര്‍ത്തി കടന്ന പോലെ കടക്ക് പുറത്ത് ഇറങ്ങി. (കടക്കൂ പുറത്തല്ല, ഇറ്റ് ഈസ് കടക്ക് പുറത്ത്) രണ്ട് ദിവസം കഴിഞ്ഞപ്പൊ കണ്ണട വാങ്ങി,5000 സംതിംഗ്. ശുഭം.