കൊളംബോ: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ ശ്രീലങ്ക പൊരുതുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 622 നെതിരെ 183 ന് പുറത്തായി ഫോളോ ഓണിന് നിര്‍ബന്ധിതരായ ശ്രീലങ്ക മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ രണ്ടുവിക്കറ്റിന് 209 എന്ന നിലയിലാണ്. ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ എട്ടു വിക്കറ്റ് കൈയിലിരിക്കെ അവര്‍ക്കിനിയും 230 റണ്‍സ് വേണം.

ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ തകര്‍ത്താടിയ പിച്ചില്‍ ലങ്കന്‍ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകരുന്നതാണ് അവരുടെ ഒന്നാം ഇന്നിങ്‌സില്‍ കണ്ടത്. രവിചന്ദ്രന്‍ അശ്വിന്‍ 63 റണ്‍സിന് അഞ്ചു വിക്കറ്റെടുത്തപ്പോള്‍ സിംഹളീസ് ഗ്രൗണ്ടില്‍ ദില്‍റുവന്‍ പെരേരക്കു (51) മാത്രമാണ് അര്‍ധസെഞ്ച്വറിയെങ്കിലും നേടാന്‍ കഴിഞ്ഞത്. പരിക്കുമാറിയെത്തിയ ദിനേഷ് ചണ്ഡിമല്‍ 10 റണ്‍സിന് പുറത്തായി. മുഹമ്മദ് ഷമി 13 റണ്‍സിന് രണ്ടും രവീന്ദ്ര ജഡേജ 84 റണ്‍സിന് രണ്ടും ഉമേഷ് യാദവ് 12 റണ്‍സിന് ഒന്നും വിക്കറ്റെടുത്തു.

ഒന്നാം ഇന്നിങ്‌സില്‍ 439 റണ്‍സ് ലീഡ് സ്വന്തമാക്കിയ ഇന്ത്യ ലങ്കയെ ഫോളോ ഓണിന് അയക്കുകയായിരുന്നു. ഉപുല്‍ തരംഗയെ (2) പെട്ടെന്ന് നഷ്ടമായെങ്കിലും ദിമുത് കരുണരത്‌നെ (92 നോട്ടൗട്ട്) യും കുസാല്‍ മെന്‍ഡിസും (110) ചേര്‍ന്ന രണ്ടാം വിക്കറ്റ് സഖ്യം ആതിഥേയര്‍ക്ക് ശക്തമായ അടിത്തറ നല്‍കി. സ്റ്റംപെടുക്കാന്‍ മിനുട്ടുകള്‍ മാത്രം ശേഷിക്കെയാണ് മെന്‍ഡിസിനെ പാണ്ഡ്യയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ പിടിച്ചത്. 135 പന്ത് നേരിട്ട മെന്‍ഡിസ് 17 ഫോറടിച്ചു.

സ്റ്റംപെടുക്കുമ്പോള്‍ കരുണര്തനെക്കൊപ്പം പുഷ്പകുമാര (2) ആണ് ക്രീസില്‍.