തിരുവനന്തപുരം: വിവാദമായതിനെത്തുടര്‍ന്ന് ഈ വര്‍ഷത്തെ എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി. സമാന ചോദ്യപേപ്പര്‍ സ്വകാര്യ സ്ഥാപനം പുറത്തിറക്കിയതിനെത്തുടര്‍ന്നാണ് നടപടി. ഈ മാസം 30ന് പരീക്ഷ വീണ്ടും നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. എസ്എസ്എല്‍സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ തയാറാക്കിയ അധ്യാപകന് മലപ്പുറത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനവുമായി ബന്ധമുണ്ടെന്ന ആരോപണവും ഉയര്‍ന്നിരുന്നു. മലപ്പുറത്തെ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് അധ്യാപകനെതിരായ ആക്ഷേപം. ഈ സ്‌കൂളിലെ മോഡല്‍ പരീക്ഷക്കു നല്‍കിയ അതേ ചോദ്യങ്ങള്‍ പൊതുപരീക്ഷക്കും വന്നതായാണ് വിവരം. സിലബസിലില്ലാത്ത ചോദ്യങ്ങള്‍ വന്നതിനാല്‍ കണക്കുപരീക്ഷ റദ്ദാക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.