ലക്‌നൗ: ബി.ആര്‍.അംബേദ്കറുടെ പ്രതിമകള്‍ വ്യാപകമായി തകര്‍ക്കപ്പെടുന്ന പശ്ചാത്തലത്തില്‍ യു.പിയില്‍ അംബേദ്കര്‍ പ്രതിമകള്‍ ഇരുമ്പ് കൂട്ടിലാക്കുന്നു. ബദൗനിലെ അംബേദ്കര്‍ പ്രതിമയാണ് ഇരുമ്പ് കവചത്തിനുള്ളിലാക്കിയത്. സമീപത്ത് പൊലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫിറോസാബാദ് ജില്ലയിലെ നഗ്ല ജമ്മാന്‍ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസവും അംബേദ്കര്‍ പ്രതിമ തകര്‍ക്കപ്പെട്ടിരുന്നു. രാവിലെയാണ് പ്രതിമ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടത്. തുടര്‍ന്ന് ഗ്രാമവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും റോഡുപരോധിക്കുകയും ചെയ്തിരുന്നു. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എത്തിയാണ് രംഗം ശാന്തമാക്കിയത്.

കഴിഞ്ഞ ഒരു മാസത്തിനിടയില്‍ യു.പിയില്‍ മാത്രം ആറിടത്താണ് അംബേദ്കര്‍ പ്രതിമകള്‍ തകര്‍ക്കപ്പെട്ടത്. ഏപ്രില്‍ 14ന് അംബേദ്കറുടെ ജന്‍മദിനത്തില്‍ പ്രതിമകള്‍ തകര്‍ക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. മീററ്റ്, ബുദയൂം, സഹാറന്‍പൂര്‍, ഫിറോസാബാദ്, ബുലന്ദ്ശഹര്‍ എന്നിവിടങ്ങളിലെ പ്രതിമകളാണ് മാര്‍ച്ചില്‍ തകര്‍ക്കപ്പെട്ടത്.