മീററ്റ്: ബി.ജെ.പി നേതാവ് ഹാരാര്‍പ്പണം നടത്തിയ അംബേദ്കര്‍ പ്രതിമയില്‍ ദളിത് അഭിഭാഷകര്‍ ശുദ്ധിക്രിയ നടത്തി. പാലും ഗംഗാജലവും ഉപയോഗിച്ചാണ് ശുദ്ധിക്രിയ നടത്തിയത്. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ജില്ലാ കോടതിക്ക് സമീപം സ്ഥാപിച്ചിരുന്ന അംബേദ്കര്‍ പ്രതിമയിലാണ് ബി.ജെ.പി നേതാവ് ഹാരാര്‍പ്പണം നടത്തിയത്.

‘ആര്‍.എസ്.എസ് നേതാവ് രാകേഷ് സിന്‍ഹയാണ് പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയത്. ബി.ജെ.പി സര്‍ക്കാര്‍ ദളിത് വിരുദ്ധരാണ്. അംബേദ്കറുടെ പേരുപയോഗിച്ച് ദളിത് വിഭാഗക്കാരെ ആകര്‍ഷിക്കുക മാത്രമാണ് അവരുടെ താല്‍പര്യം’-അഭിഭാഷകര്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.

അതിനിടെ ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂര്‍ നഗരത്തിലെ ക്ഷേത്രത്തില്‍ ബി.ജെ.പി എം.എല്‍.എ മനീഷ് അനുരാഗി ദര്‍ശനം നടത്തിയതിന് പിന്നാലെ ശുദ്ധിക്രിയകള്‍ ചെയ്തതായും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസമായിരുന്നു ഈ സംഭവം.