മധ്യപ്രദേശ്: ഝാൻസിയിൽ തീവണ്ടിയിൽ കന്യാസ്ത്രീകളെ കയ്യേറ്റം ചെയ്ത കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. അൻജൽ അർജാരിയ, പർഗേഷ് അമാരിയ എന്നിവരാണ് അറസ്റ്റിലായത്. രാഷ്ട്രഭക്ത് സംഗതൻ സംഘടന പ്രസിഡന്‍റാണ് അൻജൽ അർജാരിയ. ഹിന്ദു ജാഗരൺ മഞ്ച് സെക്രട്ടറിയാണ് പർഗേഷ് അമാരിയ.

കഴിഞ്ഞ മാര്‍ച്ച് 19 നാണ് ഉത്തര്‍പ്രദേശിലെ ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കന്യാസ്ത്രീകള്‍ക്ക് നേരെ കയ്യേറ്റശ്രമമുണ്ടായത്. തിരുഹൃദയ സന്യാസി സമൂഹത്തിന്‍റെ ഡല്‍ഹി പ്രൊവിന്‍സിലെ മലയാളി അടക്കമുള്ള നാല് കന്യാസ്ത്രീകള്‍ക്ക് നേരെയാണ് കയ്യേറ്റ ശ്രമമുണ്ടായത്.

രണ്ട് പേര്‍ സന്യാസ വേഷത്തിലും മറ്റുള്ളവര്‍ സാധാരണ വേഷത്തിലും ആയിരുന്നു. മതം മാറ്റാന്‍ ഒപ്പമുള്ള രണ്ട് പെണ്‍കുട്ടികളെ കൊണ്ടുപോകുന്നുവെന്നാരോപിച്ചാണ് ആക്രമണത്തിന് ചിലര്‍ ശ്രമിച്ചത്. തീവണ്ടിയില്‍ നിന്ന് ബലം പ്രയോഗിച്ച് പുറത്തിറക്കുകയും ചെയ്തിരുന്നു. അക്രമത്തിന്‍റെ വീഡിയോ ദൃശ്യം പ്രചരിച്ചതോടെയാണ് വിഷയം വാര്‍ത്തയായത്.