Connect with us

columns

ആര്‍.എസ്.എസും മുസ്‌ലിംകളും

നീതിയുടെ അളവുകോല്‍ വോട്ടും അധികാരവും മാത്രമല്ലെന്ന് ലോകചരിത്രം പലവുരു പഠിപ്പിച്ചതാണ്. ശുദ്ധന്മാര്‍ ചിലപ്പോള്‍ ദുഷ്ടന്റെ ഫലം ചെയ്‌തേക്കുമെന്ന ചൊല്ല് വെറുതയല്ല പഴമക്കാര്‍ പറഞ്ഞ് വെച്ചതെന്നാണ് അഞ്ചംഗ സംഘത്തിന്റെ ആര്‍.എസ്.എസ് ദൗത്യം കണ്ടപ്പോള്‍ തോന്നിയത്.

Published

on

ഷംസീര്‍ കേളോത്ത്

കഴിഞ്ഞ ബുധനാഴ്ചയാണ് ഡല്‍ഹി ഗുഡ്ഗാവിലെ ഭോറാകാലാനില്‍ സ്ഥിതിചെയ്യുന്ന പള്ളിയിലേക്ക് ഒരു സംഘം ഇരച്ച് കയറി ആരാധനയ്‌ക്കെത്തിയവരെ മര്‍ദ്ദിക്കുകയും പള്ളിക്ക് താഴിട്ട് പൂട്ടുകയും ചെയ്തത്. പൊതുസ്ഥലത്തല്ല, സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ ഏറെ കാലമായി നിലകൊള്ളുന്ന ആരാധനാലയമാണ് അക്രമിക്കപ്പെട്ടത്. പള്ളിയില്‍ ആളുകളെകൂട്ടി പ്രദേശത്ത് മുസ്‌ലിം സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന വാദമുയര്‍ത്തി യാണ് അക്രമികള്‍ മസ്ജിദ് അക്രമിച്ചത്. തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളാണ് അക്രമത്തിന് പിന്നില്‍. സംഭവം പരാമര്‍ശിക്കാനുള്ള കാരണം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ്ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതും ഉയര്‍ന്ന ഉദ്യോഗങ്ങളില്‍നിന്ന് വിരമിച്ച വരേണ്യപാശ്ചാത്തലമുള്ള ചില മുസ്‌ലിം വ്യക്തികളും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. ആര്‍.എസ്.എസ് പ്രത്യേകിച്ച് മോഹന്‍ ഭാഗവത് മുസ്‌ലിംകളോട് പുതിയ സമീപനം സ്വീകരിച്ചേക്കുമെന്ന ചിലരുടെ വാദങ്ങള്‍ ദൈനംദിന മുസ്‌ലിംവിരുദ്ധ അതിക്രമങ്ങള്‍ തുടരുമ്പോള്‍ അപഹാസ്യവും പരിഹാസ്യവുമാവുകയാണ്.സ്വകാര്യ വ്യക്തികള്‍ എന്നതിലുപരിമുസ്‌ലിം പ്രശ്‌നങ്ങള്‍ ആര്‍.എസ്.എസ് നേതാവിന് മുമ്പാകെ അവതരിപ്പിക്കാനുള്ള സംഘമായി തങ്ങളെ സ്വയം അവരോധിച്ചാണ് അഞ്ചംഗ സംഘം ഈ ഉദ്യമത്തിനിറങ്ങിയത്. ഇവരുടെ സംഘ്പരിവാരവുമായുള്ള സംഭാഷണം ആര്‍.എസ്.എസ് മുസ്‌ലിംകളുമായി അടുക്കുന്നതിന്റെ സൂചനായി പോലും ചിലര്‍ വിലയിരുത്തി. മാറ്റത്തിന്റെ തുടക്കമാണിതെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഡയലോഗ് അല്ലാതെ മറ്റെന്ത് ഓപ്ഷനാണ് രാജ്യത്തെ മുസ്‌ലിംകള്‍ക്കുള്ളതെന്ന, പുറമേ നിരുപദ്രവകരവും എന്നാല്‍ യഥാര്‍ഥ തലത്തില്‍ അപകടകരവുമായ വാദമാണിവര്‍ ഉയര്‍ത്തുന്നത്. ഉത്തരേന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മത സംഘടനയുടെ നേതാവ് പറഞ്ഞത്: ‘അല്ലങ്കില്‍ തന്നെ മോഹന്‍ ഭാഗവതിന് മുസ്‌ലിംകളോട് യാതൊരു വിരോധവുമില്ലെന്ന് തനിക്കറിയാമെന്നാണ്’. ആര്‍.എസ്.എസ് തങ്ങളുടെ ഹിന്ദുത്വ അജണ്ടയില്‍നിന്ന് മാറി മതനിരപേക്ഷതയെ സ്വീകരിക്കുകയാണെന്നാണോ ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്. അതല്ല ആര്‍.എസ്.എസിന്റെ മറ്റൊരു രാഷ്ട്രീയ കാപട്യമാണോ നീക്കത്തിന്പിന്നിലുള്ളത്? സംഭാഷണത്തില്‍ ഉയര്‍ത്തപ്പെട്ടതും പരാമര്‍ശിക്കാതെ വിട്ടതുമായ കാര്യങ്ങളും കൂടിക്കാഴ്ചക്ക് ശേഷം ആര്‍.എസ്.എസും മോഹന്‍ഭാഗവത് തന്നെയും എടുത്ത നിലപാടുകളും അവര്‍ നേതൃത്വം നല്‍കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികളും സംഘ്പരിവാറിന്റെ മറ്റൊരു കാപട്യം നിറഞ്ഞ തന്ത്രമായി മാത്രമേ ഈ കൂടിക്കാഴ്ചയെ കാണാനാവൂ എന്ന് കൂടുതല്‍ സ്പഷ്ടമാക്കുകയാണ് ചെയ്യുന്നത്.

കൂടിക്കാഴ്ചയുടെ
പശ്ചാത്തലം

ദീര്‍ഘകാലം സര്‍ക്കാര്‍ സര്‍വീസിലിരുന്ന, ഉന്നതപദവികള്‍ അലങ്കരിച്ചിരുന്നവരാണ് മോഹന്‍ ഭാഗവതിനെ കണ്ടത്. എസ്.വൈ ഖുറേഷി മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു. നജീബ് ജംഗ് ജാമിഅ മില്ലിയ വി.സി, ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ തുടങ്ങി പ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്. ജനറല്‍ സമീറുദ്ദീന്‍ഷാ പട്ടാള ഉദ്യോഗസ്ഥനായിരുന്നു. മറ്റു രണ്ടു പേരും സമാനമായ രീതിയില്‍ രാജ്യ പുരോഗതിയില്‍ തങ്ങളുടെതായ പങ്ക് വഹിച്ചവരാണ്. ഓഗസ്റ്റ് മാസാവസാനമാണ് കൂടിക്കാഴ്ച നടന്നതെങ്കിലും ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്ത്‌വന്നത് ആഴ്ചകള്‍ കഴിഞ്ഞാണ്. അതും ചില മാധ്യമ പ്രവര്‍ത്തകര്‍ വിവരം പുറത്ത്‌വിട്ടപ്പോള്‍ മാത്രം. വാര്‍ത്തയായപ്പോള്‍ തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ രംഗത്തെത്തിയത് എസ്. വൈ ഖുറേഷിയും നജീബ് ജംഗുമാണ്. ഖുറേഷിയേക്കാള്‍ മോഹന്‍ ഭാഗവതിനെ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്നത് നജീബ് ജംഗ് ആണെന്നാണ് അദ്ദേഹം നല്‍കിയ അഭിമുഖങ്ങളില്‍നിന്ന് മനസ്സിലാവുക. ഡല്‍ഹി ഭരണാധികാരിയായിരുന്ന നാളുകളില്‍ ബി.ജെ.പിക്ക് സര്‍വസമ്മതനായിരുന്നു അദ്ദേഹം. ഒന്നാം കെജ്രിവാള്‍ സര്‍ക്കാറിനെതിരെ ആദ്യം വാളോങ്ങിയതും അദ്ദേഹമായിരുന്നു. കൊറോണക്കുമുമ്പ് താനും ഭാഗവതുമായി ചര്‍ച്ച നടന്നിരുന്നുവെന്നും അതിന്റെ തുടര്‍ ചര്‍ച്ചകളില്‍ സുഹൃത്തുക്കളെകൂടി പങ്കെടുപ്പിച്ചതാണെന്നുമാണ് നജീബ് ജംഗിന്റെ വാദം. ആര്‍.എസ്.എസ് പരമോന്നത നേതാവിന്റെ ചിട്ടയായതും ആഢംബര രഹിതവുമായ ജീവിതം തങ്ങളെ ആകര്‍ഷിച്ചെന്നും കൂടിക്കാഴ്ചയില്‍ പങ്കെടുത്തവര്‍ പറയുകയുണ്ടായി. കൂടിക്കാഴ്ചാ വാര്‍ത്ത യെ ആര്‍.എസ്.എസ് നിഷേധിച്ചില്ലെന്ന് മാത്രമല്ല നടന്നതായി സൂചനയും നല്‍കി. ഡല്‍ഹി സര്‍വകലാശാല അധ്യാപകനും രാജ്യസഭാംഗവുമായ ഹിന്ദുത്വ ചിന്തകന്‍ രാകേഷ് സിന്‍ഹ പ്രമുഖ ഇംഗ്ലീഷ് പത്രത്തില്‍ സംഘ്പരിവാര്‍ നീക്കത്തെ ശ്ലാഘിച്ചു വിലയിരുത്തിയും മുസ്‌ലിംകളെ ഉപദേശിച്ചും ലേഖനവുമെഴുതി.

ചോദ്യങ്ങള്‍ ഉത്തരങ്ങള്‍

മോഹന്‍ ഭാഗവതുമായുള്ള കൂടിക്കാഴ്ചയിലുന്നയിച്ചതിനേക്കാള്‍ ഗൗരവകരമായ ചോദ്യങ്ങളാണ് ഉന്നയിക്കപ്പെടാതെ പോയ പല ചോദ്യങ്ങളും. ഒരു യോഗത്തില്‍ എല്ലാം പറയാന്‍ കഴിയില്ലല്ലോ എന്നാണ് അഞ്ചംഗ സംഘം ഇതിന് നല്‍കിയ മറുപടി. രാജ്യത്തെ മുസ്‌ലിംകളെയാകെ ജിഹാദി എന്ന് വിളിക്കുന്നതിനെ പറ്റിയുള്ള സങ്കട ഹരജിയാണ് പ്രധാനമായും അഞ്ചംഗസംഘം ഭാഗവതിനു മുമ്പാകെ വെച്ചത് എന്നാണ് അവരുടെ വാക്കുകളില്‍നിന്ന് മനസ്സിലായത്. ജിഹാദി വിളി ഉടന്‍ അവസാനിപ്പിക്കണമെന്ന് മോഹന്‍ ഭാഗവത് അനുകൂലമായി പ്രതികരിച്ചതായി ഇവര്‍ അവകാശപ്പെടുകയും ചെയ്തു. കൂടിക്കാഴ്ച കഴിഞ്ഞ് നാളിത്രയായിട്ടും സര്‍സംഘ് ചാലക് അത്തരമൊരു ആഹ്വാനം അണികളോട് നടത്തിയിട്ടില്ല. പൊതുഇടങ്ങളിലും സൈബറിടങ്ങളിലും സംഘ്പരിവാര്‍ അനുകൂലികളും നേതാക്കളും മുസ്‌ലിംകളെ രാജ്യ വിരുദ്ധരാക്കുന്നത് തുടരുകയും ചെയ്യുന്നു. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗത്തെ പാകിസ്താന്‍ പക്ഷപാതികളും ആഭ്യന്തര ശത്രുവായും ചിത്രീകരിച്ച് അവഹേളിച്ചത് സംഘ്പരിവാരമാണ്. മുന്‍ പരമോന്നത നേതാവും സംഘ ബുദ്ധികേന്ദ്രവുമായിരുന്നഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ട്.

സമകാലിക രാഷ്ട്രീയ പരിതസ്ഥിതിയില്‍ ഇന്ത്യന്‍ മുസ്‌ലിമിന്റെ അസ്തിത്വത്തെ പ്രതിസന്ധിയിലാക്കി ഭരണഘടനാവകാശങ്ങളെതന്നെ ഇല്ലാതാക്കുന്ന പൗരത്വ ഭേദഗതി നിയമമോ ആള്‍ക്കൂട്ട ആക്രമണങ്ങളോ, ഗ്യാന്‍വാപി പള്ളിയോ ഹിജാബ് വിവാദമോ ഉള്‍ക്കൊള്ളിക്കപ്പെടാത്ത ചര്‍ച്ചക്ക് എന്ത് പ്രസക്തിയാണുള്ളത്. എല്ലാവരും ഹിന്ദുക്കളാണെന്നും മുസ്‌ലിംകളും ക്രിസ്ത്യാനികളുമൊക്കെ ആ നിര്‍വചനത്തില്‍ ഉള്‍ക്കൊള്ളിക്കപ്പെടുമെന്നുമാണ് മോഹന്‍ ഭാഗവത് കരുതുന്നതെന്നും അവര്‍ പറയുന്നു. ഭാഗവത് തന്നെ ഇത് ഇതിന് മുമ്പും പറഞ്ഞിരുന്നു. പുണ്യഭൂമിയും പിതൃഭൂമിയും ഇന്ത്യയായിരിക്കുന്നവരാണ് ഇന്ത്യക്കാരെന്നായിരുന്നു സവര്‍ക്കര്‍ പ്രഖ്യാപിച്ചത്. ഇന്ത്യക്ക് പുറത്തുള്ള ജറുസലേമിനേയും മക്കയേയും മദീനയേയും പുണ്യഭൂമിയായി കാണുന്നവരെ ഇന്ത്യക്കാരായി കാണില്ലെന്നും അദ്ദേഹം സിദ്ധാന്തിച്ചിരുന്നു. സംഘ്പരിവാരത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറ അതാണ്. എന്നാല്‍ പിന്നീട്‌വന്ന സംഘ ബുദ്ധിജീവി ഗോള്‍വാക്കര്‍ വ്യത്യസ്തവും എന്നാല്‍ കൂടുതല്‍ അപകരവുമായ വ്യാഖ്യാനമാണ് അതിന് നല്‍കിയത്. ഇന്ത്യന്‍ മതവിശ്വാസങ്ങളെ അംഗീകരിച്ച് ദൈവങ്ങളെ അംഗീകരിച്ച് ഭൂരിപക്ഷത്തിന്റെ സാംസ്‌കാരിക ചിഹ്നങ്ങളുമായി ഇഴകിച്ചേര്‍ന്ന്(രണ്ടാംകിട പൗരന്മാരെ പോലെ) ജീവിച്ചാല്‍ മുസ്‌ലിംകളാദി ന്യൂനപക്ഷങ്ങള്‍ക്ക്‌രാജ്യത്ത് ജീവിക്കാമെന്ന് പ്രഖ്യാപിച്ചു. സ്വതന്ത്ര ഇന്ത്യയിലെ ഹിന്ദുത്വ ചിന്തകരില്‍ പ്രമുഖനായ ബല്‍റാജ്മധോക് എന്നയാളും സമാന ചിന്തയാണ് മുന്നോട്ട്‌വെച്ചത്. ഇന്ത്യന്‍വത്കരണം എന്നത് ഹിന്ദുവത്കരണം എന്നതാണ് ആര്‍.എസ്.എസ് മുന്നോട്ട്‌വെക്കുന്ന ദേശീയത. മോഹന്‍ ഭാഗവതിന്റെ വാക്കുകളും ഈ വാദത്തിന്റെതുടര്‍ച്ച മാത്രമാണ്. അവിശ്വാസി വിശ്വാസി എന്നീ ദ്വന്ദങ്ങളാണ് സെമിറ്റിക് മതങ്ങളുടെ ആശയഘടനയെ രൂപപ്പെടുത്തുന്നതെന്ന് അറിയാത്ത ആളൊന്നുമല്ല ഭാഗവത്. അതറിഞ്ഞിട്ടും അദ്ദേഹത്തിന് കാഫിര്‍ എന്ന പദം മുസ്‌ലിംകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിലപാട്. അതിന് നജീബ് ജംഗ് സര്‍വാത്മനാ സമ്മതം മൂളുകയും ചെയ്തത്രേ. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ മധ്യപ്രദേശില്‍ നിന്നുള്ള ബി.ജെ.പി എം.പി ഏകദൈവത്തിലുള്ള വിശ്വാസമാണ് തീവ്രവാദമെന്ന് പ്രഖ്യാപിച്ചിരുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമഭാവനയുടെ മതനിരപേക്ഷ ആശയമായിരുന്നു മോഹന്‍ ഭാഗവത് വെച്ച്പുലര്‍ത്തുന്നതെങ്കില്‍ അദ്ദേഹം ബി.ജെ.പി എം.പിയെ തിരുത്തുമായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല, പലപ്പോഴും ഇന്ത്യന്‍ മുസ്‌ലിമിനെ അപരവത്കരിച്ച് മാറ്റിനിര്‍ത്താനാണ് ആര്‍.എസ്.എസ് ശ്രമിച്ചിട്ടുള്ളത്. ആര്‍.എസ്.എസിന്റെ ഹിന്ദു എന്ന നിര്‍വചനത്തില്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളും ഉള്‍പ്പെടുമെങ്കില്‍ എന്തിനാണ് ചില സമുദായങ്ങള്‍ ജനസംഖ്യാസന്തുലിതാവസ്ഥയെ വെല്ലുവിളിക്കാന്‍ നോക്കുന്നുവെന്ന് മോഹന്‍ ഭാഗവതും ആര്‍.എസ്.എസും വിലപിക്കുന്നത്. കൂടിക്കാഴ്ചക്ക് ശേഷവും ഈ ആരോപണം ഉന്നയിക്കുകവഴി തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്ന് തന്നെയാണ് മോഹന്‍ ഭാഗവത് പ്രഖ്യാപിച്ചിരിക്കുന്നത്.

ആര്‍.എസ്.എസ് തന്ത്രം

പാര്‍ലമെന്ററി വോട്ട് സമവാക്യത്തില്‍ ഭരണം പിടിക്കാനായെങ്കിലും ഭരണഘടനാമൂല്യങ്ങള്‍ പ്രകാരം ധാര്‍മികമായി യാതൊരു ഔന്നിത്യവുമില്ലാത്ത സംഘ്പരിവാര്‍ പ്രത്യയശാസ്ത്രത്തെ വെള്ളപൂശാന്‍ മാത്രമേ ഇത്തരം ഇടപെടല്‍ കൊണ്ട് സാധിക്കൂ. ഭരണഘടനാസ്ഥാനത്തുള്ളവരോട് സംഭാഷണങ്ങളിലേര്‍പ്പെടുന്നതിന്പകരം വര്‍ഗീയ ഫാഷിസ്റ്റ് നയങ്ങളുടെ നീണ്ടകാല ചരിത്രമുള്ള ആര്‍.എസ്.എസിനെ സംസാരിച്ച് നന്നാക്കിയെടുക്കാമെന്ന ചിന്ത ബാലിശമാണ്. ഗാന്ധി പോലും ശ്രമിച്ച് പരാജയപ്പെട്ട കാര്യമാണത്. ഫാഷിസത്തിന്റെ വിളയിടങ്ങളില്‍ അവരുടെ പ്രത്യയശാസ്ത്രം വേര് പിടിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുക എന്നതാണ് കാലഘട്ടം ആവശ്യപ്പെടുന്ന ദൗത്യം. അല്ലാതെ അവരോട് സംസാരിച്ച് അവര്‍ക്ക് രാജ്യത്തിന്റെ പൊതു മനഃസാക്ഷിയില്‍ ഇതുവരെ ലഭിക്കാത്ത സാധുത നിര്‍മിച്ചുനല്‍കലല്ല. നീതിയുടെ അളവുകോല്‍ വോട്ടും അധികാരവും മാത്രമല്ലെന്ന് ലോകചരിത്രം പലവുരു പഠിപ്പിച്ചതാണ്. ശുദ്ധന്മാര്‍ ചിലപ്പോള്‍ ദുഷ്ടന്റെ ഫലം ചെയ്‌തേക്കുമെന്ന ചൊല്ല് വെറുതയല്ല പഴമക്കാര്‍ പറഞ്ഞ് വെച്ചതെന്നാണ് അഞ്ചംഗ സംഘത്തിന്റെ ആര്‍.എസ്.എസ് ദൗത്യം കണ്ടപ്പോള്‍ തോന്നിയത്.

Article

ത്രിപുരയേക്കാള്‍ വലുതാണ് സഖാവെ ഇന്ത്യ

യാത്രയില്‍ രാഹുല്‍ഗാന്ധി ബി.ജെ.പി സംഘ്പരിവാര്‍ വിരുദ്ധ പ്രസംഗം അല്ലാതെ മറ്റൊന്നും പറഞ്ഞിട്ടില്ല. ഭാരത് ജോഡോ യാത്ര കോണ്‍ഗസ് പാര്‍ട്ടിയുടെ കേവലം ജനസമ്പര്‍ക്ക യാത്ര മാത്രമല്ല. വിളിപ്പാടകലെ എത്തിനില്‍ക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ രാജ്യത്ത് ബി.ജെ.പിയും ആര്‍.എസ്.എസും പരീക്ഷിച്ച വെറുപ്പിന്റെ രാഷ്ട്രീയത്തെ ഇല്ലായ്മ ചെയ്യാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗം തന്നെയാണ്. ആത്മാര്‍ത്ഥയുള്ള ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമാണ് സി. പി.എം നടത്തുന്നതെങ്കില്‍ ആ മുന്നൊരുക്കത്തില്‍നിന്ന് എങ്ങിനെയാണ് സി. പി.എമ്മിന് മാറിനില്‍ക്കാനാവുക.

Published

on

അഡ്വ. കെ.എ ലത്തീഫ്

2023 ജനുവരി 21ന് ത്രിപുരയിലെ അഗര്‍ത്തലയില്‍ നടന്ന റാലി കൗതുകകരമായിരുന്നു. സി.പി.എമ്മും കോണ്‍ഗ്രസുമാണ് ത്രിപുരയില്‍ സംയുക്ത റാലി നടത്തിയത്. ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പാര്‍ട്ടി പതാകകള്‍ക്ക്പകരം ദേശീയ പതാകയുമായാണ് രബീന്ദ്രഭവന് മുന്നില്‍ റാലി നടത്തിയത്. ത്രിപുര മുന്‍മുഖ്യമന്ത്രിയും സി.പി. എം പോളിറ്റ് ബ്യൂറോ അംഗവുമായ മാണിക്ക് സര്‍ക്കാര്‍, മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സമീര്‍ രജ്ജന്‍ ബര്‍മന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, ഇടതുമുന്നണി ചെയര്‍മാന്‍ നാരാണ്‍കര്‍, കോണ്‍ഗ്രസ് ത്രിപുര സംസ്ഥാന പ്രസിഡണ്ട് ബിരാജിക് സിന്‍ഹ, ത്രിപുരയുടെ ചുമതലയുള്ള എ.സി.സി ജനറല്‍ സെക്രട്ടറി അജയ്കുമാര്‍ എന്നിവരാണ് റാലിക്ക് നേതൃത്വം കൊടുത്തത്.

ഇരുപാര്‍ട്ടികളുടെയും അഖിലേന്ത്യ തലത്തില്‍തന്നെ അറിയപ്പെടുന്ന മുതിര്‍ന്ന നേതാക്കള്‍ എന്ത് രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ആരൊക്കെ ഉന്നയിച്ചാലും റാലി ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യവും അത് നല്‍കുന്ന സന്ദേശവും മതേതര ഭാരതത്തിന്റെ ഭാവി അപകടകരമായിനില്‍ക്കുന്ന ഘട്ടത്തില്‍ പ്രതീക്ഷയുടെ പുതുനാമ്പാണ്. ഒരു കാലത്ത് ത്രിപുര സംസ്ഥാനം ഭരിച്ച, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതിപക്ഷ രാഷ്ട്രീയത്തേയും കായികമായി ഉള്‍പ്പെടെ അടിച്ചൊതുക്കി സ്റ്റാലിനിസ്റ്റ് രീതിയില്‍ ഭരണം നടത്തിയ, സി.പി.എം പാര്‍ട്ടി ഇന്ന് നിലനിലപ്പിന്റെ ജീവവായു തേടുന്ന ഘട്ടത്തിലാണ് പിടിവള്ളിയായി കോണ്‍ഗ്രസിന്റെ കൈപിടിക്കാന്‍ തയ്യാറായത്.

ആ തീരുമാനത്തെ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രിയ കൂട്ടായ്മ സ്വാഗതം ചെയ്യേണ്ടത് തന്നെയാണ്. രബീന്ദ്രഭവന് മുന്നില്‍ നടന്ന റാലിക്ക്‌ശേഷം ഇരുപാര്‍ട്ടിയിലേയും നേതാക്കള്‍ ചീഫ് ഇലക്ടറല്‍ ഓഫീസറെ സമീപിച്ച് ഫിബ്രവരി 16ന് നടക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നിര്‍ഭയമായി വോട്ട് ചെയ്യാന്‍ അവസരം സൃഷ്ടിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി.

ഇന്ത്യ എന്ന പ്രവിശാലമായ രാജ്യത്തെ ഒരു കൊച്ചു സംസ്ഥാനം മാത്രമാണ് ത്രിപുര. 60 അസംബ്ലി മെമ്പര്‍മാര്‍ മാത്രമുള്ള നിയമസഭ. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 42.22 ശതമാനം വോട്ടും 16 എം.എല്‍. എമാരുമുള്ള സി.പി.എം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൈപിടിക്കാന്‍ ഉണ്ടായ ചേതോവികാരം 2021ല്‍ നടന്ന ത്രിപുര ട്രൈബല്‍ ഏരിയ ഓട്ടേണമെസ് ജില്ല കൗണ്‍സില്‍ തിരെഞ്ഞടുപ്പ് ഫലത്തിലെ ചില സൂചനകളാണ്. ആ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെയും സി.പി.എമ്മിനെയും ഞെട്ടിച്ചാണ് ഇന്‍ഡീജിയസ് നാഷനിലിസ്റ്റ് പാര്‍ട്ടി ഓഫ് ത്രിപുര 28 കൗണ്‍സില്‍ സീറ്റുകളില്‍ 18 ഉം പിടിച്ചെടുത്തത്. കൗണ്‍സിലില്‍ ബി.ജെ.പി 9 ലേക്ക് ചുരുങ്ങിയപ്പോള്‍ സി.പി.എമ്മിന് ഒരു സീറ്റ് പോലും നേടാനായില്ല. മുമ്പ് കൈയ്യില്‍ ഉണ്ടായിരുന്ന 25 സീറ്റ്കളാണ് സി.പി.എമ്മിന് നഷ്ടപ്പെട്ടത്.

കൂടാതെ കഴിഞ്ഞതവണ ലഭിച്ച 49 ശതമാനം വോട്ട് 12 ശതമാനമായി കുറഞ്ഞു. അതായത് 37 ശതമാനത്തിന്റെ വോട്ട് ചോര്‍ച്ച. നിയമസഭയിലെ ആകെ 60 സീറ്റില്‍ 20 എണ്ണവും ഈ മേഖലയില്‍ നിന്നാണ്. നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വരട്ട് തത്വശാസ്ത്രം ഉപേക്ഷിച്ച് ആവശ്യമായ ജാഗ്രത കാണിച്ചില്ലെങ്കില്‍ ത്രിപുരയുടെ മണ്ണില്‍ എന്നന്നേക്കുമായി പാര്‍ട്ടി അവസാനിക്കുമെന്ന തിരിച്ചറിവില്‍നിന്നാണ് സി.പി.എം അഞ്ച് ഇടതുപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസുമായി ചേര്‍ന്ന് ജനാധിപത്യ മതേതര സംഖ്യം എന്ന പേരില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ രംഗത്തിറങ്ങുന്നത്. അതിന്റെ മുന്നോടിയായാണ് സംയുക്ത റാലി നടത്തിയത്. ബി.ജെ.പിക്ക് എതിരെ മതേതര കക്ഷികള്‍ ഒന്നിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരിയും യോഗത്തില്‍ പ്രസംഗിച്ചെങ്കിലും പിന്നീട് മാധ്യമങ്ങളോട് പറഞ്ഞതാണ് ഏറെ രസകരം.

ത്രിപുരയില്‍ സി.പി.എം കോണ്‍ഗ്രസുമായി ആശയപരമായ സഖ്യമല്ലെന്നും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് റാലി എന്നുമായിരുന്നു. കേരളത്തില്‍നിന്നുള്ള തമ്പ്രാക്കന്‍മാരുടെ കണ്ണുരുട്ടലാകാം ഈ വിചിത്ര വാദത്തിന് കാരണം. ഇന്ത്യയിലും കേരളത്തിലും ഇന്നുള്ള ഒരു മുന്നണിയിലേയും പാര്‍ട്ടികള്‍ തമ്മില്‍ ആശയപരമായ സംഖ്യമല്ലെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. സി. പി.എം സെക്രട്ടറി പറഞ്ഞതുപോലെ ജനാധിപത്യവും ഭരണഘടനയും രാജ്യതാല്‍പര്യവും സംരക്ഷിക്കുന്നതിന് അത്തരം ആശയങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന രാഷട്രീയ മുന്നേറ്റത്തിന് എതിരെയുള്ള വിഷയാധിഷ്ഠിത കൂട്ടായ്മയാണ് മുന്നണികളും സഖ്യങ്ങളും. ആശയപരമായ സഖ്യമാണെങ്കില്‍ പിന്നെ രണ്ട് പാര്‍ട്ടികളായി നിലകൊള്ളണ്ട ആവശ്യമില്ലല്ലോ.

ഒന്ന് മറ്റേതില്‍ ലയിക്കുന്നതോടെ തീരാവുന്ന പ്രശ്‌നമല്ലേഉള്ളൂ. ഇതു പറയുമ്പോള്‍ ഇക്കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ സി.പി. എം കോണ്‍ഗ്രസുമായി ഉണ്ടാക്കിയ സംഖ്യത്തെ പാര്‍ട്ടി എന്ത് ഓമനപേരിട്ടാണ് വിളിക്കുക. തമിഴ്‌നാട്ടില്‍ സ്റ്റാലിന്റെ കീഴില്‍ കോണ്‍ഗ്രസും മുസ്‌ലിംലീഗും ഉള്‍പ്പെടെയുള്ള മുന്നണിയില്‍നിന്ന് മത്സരിക്കുക. പ്രചാരണ പരിപാടികളില്‍ ഒന്നിച്ച് പങ്കെടുക്കുക എന്തിന് ഏറെ സി.പി.എം സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ സാമഗ്രികളിലും മറ്റും രാഹുല്‍ ഗാന്ധിയുടെയും ഖാദര്‍ മൊയ്തീന്റെയും ഉള്‍പ്പെടെ ഫോട്ടോ വെച്ച് വോട്ട് തേടുക. അങ്ങനെ വിജയിച്ചു വരുന്നവരെ മാലയിട്ട് സ്വീകരിച്ച് വിജയാരവം മുഴക്കുക. ഇതിന്റെ പേര് എന്താണ് എന്ന് സി.പി.എം വിശദീകരിക്കണം.

പ്രത്യയശാസ്ത്രപരമായ തകര്‍ച്ച നേരിട്ട് കൊണ്ടിരിക്കുന്ന ഒരേയൊരു പാര്‍ട്ടി സി. പി.എം ആണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ശ്രീനഗറില്‍ നടക്കുന്ന രാഹുല്‍ഗാന്ധിയുടെ ഭാരത ജോഡോ യാത്രയില്‍ പങ്കെടുക്കാനുള്ള കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ ക്ഷണം നിരസിച്ചതിലൂടെ സി.പി.എം ചെയ്ത്‌രിക്കുന്നത്. ക്ഷണം നിരസിക്കാന്‍ പാര്‍ട്ടി പറഞ്ഞ ന്യായമാണ് പരിഹാസ്യ മാകുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയായി ജോഡോ യാത്ര തുടങ്ങിയതിന് ശേഷം സമാപനത്തില്‍ യാത്രയെ പ്രതിപക്ഷത്തിന്റെ വേദിയാക്കി മാറ്റുന്നതിനോട് യോജിക്കുന്നില്ലെന്നാണ് ജനറല്‍ സെക്രട്ടറി സീതാറാം യേച്ചൂരി പറഞ്ഞത്, അല്ലെങ്കില്‍ അദ്ദേഹത്തിന് മുകളിലുള്ള ചില അദൃശ്യ ശക്തികള്‍ പറയിപ്പിച്ചത്.

യാത്ര കോണ്‍ഗ്രസിന്റെ പരിപാടിയാണെന്നും അതിന് വിജയം ആശംസിക്കുന്നതായും സെക്രട്ടറി തുടര്‍ന്ന് പറയുന്നു. കന്യാകുമാരിയില്‍നിന്ന് കശ്മീര്‍ വരെ ഒരു മനുഷ്യന്‍ നടക്കുന്നു. രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹ്യ-വിദ്യാഭ്യാസ-കലാരംഗത്ത അതികായകര്‍ അദ്ദേഹത്തോടൊപ്പം നടക്കുന്നു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ മുന്നേറ്റം. ഭരണഘടനയും ജനാധിപത്യവും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും മനസ്സില്‍ കുളിര്‍മഴ പെയ്യിപ്പിക്കുന്ന അനുഭവം.

വെയിലും മഴയും മഞ്ഞും പൊടിയും വകവെക്കാതെ നടക്കുന്ന ആ മനുഷ്യന്‍ കന്യാകുമാരിയില്‍നിന്ന് സ്റ്റാലിന്റെ കൈയ്യില്‍നിന്ന് ഏറ്റ്‌വാങ്ങിയത് ദേശീയ പതാകയായിരുന്നു. അഗര്‍ത്തലയിലെ രബീന്ദ്രഭവന് മുന്നിലേക്ക് സി.പി.എമ്മും കോണ്‍ഗ്രസും നടത്തിയ സംയുക്ത റാലിയില്‍ പിടിച്ച അതേ ദേശീയ പതാക. യാത്ര ആരംഭിച്ചത് മുതല്‍ രാഹുല്‍ ഗാന്ധി പറഞ്ഞുകൊണ്ടേയിരിക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയത്തിന് എതിരെയും ഫാസിസത്തില്‍ നിന്ന് മോചിപ്പിച്ച് ഇന്ത്യയെ ഒന്നിപ്പിക്കുന്നതിനെ കുറിച്ചുമാണ്.

ഈ യാത്രയില്‍ രാഹുല്‍ഗാന്ധി ബി.ജെ.പി സംഘ്പരിവാര്‍ വിരുദ്ധ പ്രസംഗം അല്ലാതെ മറ്റൊന്നും പറഞ്ഞിട്ടില്ല. ഭാരത് ജോഡോ യാത്ര കോണ്‍ഗസ് പാര്‍ട്ടിയുടെ കേവലം ജനസമ്പര്‍ക്ക യാത്ര മാത്രമല്ല. വിളിപ്പാടകലെ എത്തിനില്‍ക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ രാജ്യത്ത് ബി.ജെ.പിയും ആര്‍.എസ്.എസും പരീക്ഷിച്ച വെറുപ്പിന്റെ രാഷ്ട്രീയത്തെ ഇല്ലായ്മ ചെയ്യാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗം തന്നെയാണ്. ആത്മാര്‍ത്ഥയുള്ള ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമാണ് സി. പി.എം നടത്തുന്നതെങ്കില്‍ ആ മുന്നൊരുക്കത്തില്‍നിന്ന് എങ്ങിനെയാണ് സി. പി.എമ്മിന് മാറിനില്‍ക്കാനാവുക. രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും സ്റ്റാലിനും നീതിഷും പവാറും അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ഉഴുത് മറിച്ച മണ്ണില്‍ അവസാനമായി വിളവെടുക്കാന്‍ നേരത്ത് അരിവാളുമായി സി.പി.എം ഇറങ്ങും എന്നതാണ് മുന്‍ അനുഭവം.

ദേശീയ തലത്തില്‍ ബി.ജെ.പിക്ക് ബദലായി അംഗബലം കൊണ്ടും അധികാര പങ്കാളിത്തം കൊണ്ടും ജനപിന്തുണകൊണ്ടും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാത്രമേ ഉള്ളൂ എന്ന് കുട്ടികള്‍ക്കു പോലും അറിയാമെന്നിരിക്കെ രാഷ്ട്രീയ ട്രിപ്പീസ് കളിക്കുന്ന സി.പി.എം ചില വസ്തുതകള്‍ തിരിച്ചറിയേണ്ടതുണ്ട്. 2019 ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ആകെ വോട്ടവകാശം ഉണ്ടായിരുന്നവര്‍ തൊണ്ണൂറ്റി ഒന്ന് കോടി പത്തൊമ്പത് ലക്ഷത്തി അമ്പതിനായിരത്തി എഴുന്നൂറ്റി മുപ്പത്തിനാല് ആണ്. 37.36 ശതമാനം വോട്ട് മാത്രം വാങ്ങിയാണ് ബി.ജെ.പി 303 സീറ്റ് തനിച്ച് കരസ്ഥമാക്കിയത്. സി.പി.എം പാര്‍ട്ടിക്ക് ലഭിച്ചത് 1.75 ശതമാനം വോട്ടുകള്‍ മാത്രം.

71 സീറ്റില്‍ മത്സരിച്ച പാര്‍ട്ടി ജയിച്ചത് 3 സീറ്റില്‍ മാത്രം. 1980ല്‍ ഏഴാം ലോക്‌സഭയില്‍ 64 സീറ്റില്‍ മത്സരിച്ച് 37 എം.പിമാരുണ്ടായ പാര്‍ട്ടിക്ക് 2019 ല്‍ മൂന്ന് സീറ്റിലേക്ക് ചുരുങ്ങിയത് അനുഭവത്തില്‍ നിന്ന് പാഠം പടിക്കാന്‍ പാര്‍ട്ടി തയ്യാറാവുന്നില്ല എന്നതുകൊണ്ടാണ്. ഇന്ത്യയുടെ ജനസംഖ്യയായ നൂറ്റി നാല്‍പത് കോടിയാണോ വലുത് ത്രിപുരയിലെ ജനസംഖ്യയായ നാല്‍പ്പത്തി ഒന്ന് ലക്ഷമാണോ വലുത് എന്ന് തിരിച്ചറിയാനാവാത്തവിധം അന്തമായ കോണ്‍ഗ്രസ് വിരോധം ചുമലിലേറ്റിയവര്‍ തെറ്റ് തിരുത്തി ജോഡോ യാത്രയില്‍ പങ്കെടുത്ത് ത്രിപുരയേക്കാള്‍ വലുതാണ് സഖാക്കളെ ഇന്ത്യ എന്ന് ഉറക്കെ വിളിച്ച് പറയുക. അതല്ലെങ്കില്‍ സി.പി.എം പാര്‍ട്ടിയുടെ ബി.ജെ.പി വാചോടകം തട്ടിപ്പ് മാത്രമാണെന്ന് മതേതര ഇന്ത്യ വിധിയെഴുതും.

 

Continue Reading

Article

വര്‍ഗീയതക്കെതിരായ സി.പി.എം ഒളിച്ചുകളി – എഡിറ്റോറിയല്‍

യാത്രയെ പിന്തുണക്കാതിരിക്കാനുള്ള കാരണമായി കമ്യൂണിസ്റ്റ് പാര്‍ട്ടി ന്യായം പറഞ്ഞത് ബി.ജെ.പിയെ നേരിടുന്നതിനുള്ള പ്രാപ്തി കോണ്‍ഗ്രസിനില്ലെന്നും അവരുടെ പോരാട്ടങ്ങള്‍ക്ക് ആത്മാര്‍ത്ഥതയില്ലെന്നുമായിരുന്നു. എന്നാല്‍ തങ്ങളുടെ നിലനില്‍പ്പിന്റെ വിഷയം വന്നപ്പോള്‍ അതേ കോണ്‍ഗ്രസിനെ ഒപ്പംകൂട്ടാന്‍ ഒരു തരത്തിലുള്ള പ്രത്യയശാസ്ത്ര പ്രശ്‌നങ്ങളും അവര്‍ക്ക് തടസമായിത്തീര്‍ന്നില്ല.

Published

on

ഫാസിസ്റ്റുകള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ സി.പി.എമ്മിന്റെ ഒളിച്ചുകളി നിര്‍ലജ്ജം തുടരുന്നതിന്റെ നഖചിത്രങ്ങളാണ് രാജ്യം ഏതാനും ദിവസങ്ങളിലായി കണ്ടുകൊണ്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍നിന്ന് മുടന്തു ന്യായങ്ങള്‍ പറഞ്ഞു വിട്ടുനിന്ന അവര്‍ ത്രിപുരയില്‍ നിലനില്‍പ്പിനുവേണ്ടി അതേ കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ തയാറായിരിക്കുകയാണ്. ഏതു പ്രതിസന്ധിഘട്ടത്തിലും സ്വന്തം താല്‍പര്യങ്ങള്‍ മാത്രമാണ് തങ്ങള്‍ക്കു പ്രധാനമെന്നാണ് ഈ നീക്കത്തിലൂടെ സി.പി.എം വീണ്ടും തെളിയിച്ചിരിക്കുന്നത്.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസ് പാര്‍ട്ടി പോലും പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ ഓളങ്ങള്‍ സൃഷ്ടിച്ചാണ് കശ്മീരിന്റെ മണ്ണില്‍ സമാപനത്തിലേക്കെത്തുന്നത്. തമിഴ്‌നാട്ടില്‍ നിന്നാരംഭിച്ച യാത്ര സഞ്ചരിച്ച വഴികളിലെല്ലാം ആവേശകരമായ സ്വീകരണമാണ് രാഹുലിനും സംഘത്തിനും ലഭിച്ചത്. രാജ്യത്തെ തകര്‍ക്കുകയും ജനങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാറിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം അവര്‍ ഭാരത് ജോഡോയാത്രക്കൊപ്പം നടന്ന് പ്രകടിപ്പിക്കുകയായിരുന്നു.

സാധാരണക്കാര്‍ മാത്രമല്ല വര്‍ഗീയതയെ എതിര്‍ക്കുന്ന മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും രാജ്യത്തിന്റെ ഐക്യവും പുരോഗതിയും ആഗ്രഹിക്കുന്ന സകല സംഘടനകളും വ്യക്തികളുമെല്ലാം ഈ യാത്രയെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. യാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നല്‍കിയ പിന്തുണ രാജ്യത്തുടനീളം ജാഥക്ക് ലഭിച്ചുകൊണ്ടേയിരുന്നു.

ശരത് പവാര്‍, ഫാറൂഖ് അബ്ദുല്ല, കമല്‍ഹാസന്‍, റിസര്‍വ് ബാങ്ക് മുന്‍ഗവര്‍ണര്‍ രഘുറാം രാജന്‍, സാമൂഹ്യ പ്രവര്‍ത്തകരായ മേധാ പട്കര്‍, പ്രശാന്ത് ഭൂഷണ്‍ അങ്ങിനെ ആ പട്ടിക നീണ്ടു കിടക്കുകയാണ്. എന്നാല്‍ യാത്ര ആരംഭിച്ചതുമുതല്‍ ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന് കൗതുകം എന്ന സമീപനമാണ് സി.പി.എം സ്വീകരിച്ചത്. കണ്ടെയിനര്‍ യാത്രയെന്ന് ആക്ഷേപിച്ച് ആരംഭിച്ച വിമര്‍ശനം മുഖ്യമന്ത്രി പിണറായി വിജയന്‍ വരേ ഏറ്റുപിടിച്ച് അവരുടെ ഫാസിസ്റ്റു വിരുദ്ധ പോരാട്ടം എത്രമാത്രം കാപട്യം നിറഞ്ഞതാണെന്ന തെളിയിക്കുകയുണ്ടായി.

യാത്രയെ പിന്തുണക്കാതിരിക്കാനുള്ള കാരണമായി കമ്യൂണിസ്റ്റ് പാര്‍ട്ടി ന്യായം പറഞ്ഞത് ബി.ജെ.പിയെ നേരിടുന്നതിനുള്ള പ്രാപ്തി കോണ്‍ഗ്രസിനില്ലെന്നും അവരുടെ പോരാട്ടങ്ങള്‍ക്ക് ആത്മാര്‍ത്ഥതയില്ലെന്നുമായിരുന്നു. എന്നാല്‍ തങ്ങളുടെ നിലനില്‍പ്പിന്റെ വിഷയം വന്നപ്പോള്‍ അതേ കോണ്‍ഗ്രസിനെ ഒപ്പംകൂട്ടാന്‍ ഒരു തരത്തിലുള്ള പ്രത്യയശാസ്ത്ര പ്രശ്‌നങ്ങളും അവര്‍ക്ക് തടസമായിത്തീര്‍ന്നില്ല. ബംഗാളിലെ പോലെ ത്രിപുരയിലും തുടച്ചുനീക്കപ്പെടുമെന്നുവന്നപ്പോഴാണ് സംയുക്തറാലി നടത്താനും മുന്നണിയായി മത്സരിക്കാനും സീറ്റുകള്‍ വീതംവെക്കാനുമെല്ലാം സി.പി.എം മുന്‍കൈ എടുത്തത്.

എന്നാല്‍ ബംഗാളിലെ കോണ്‍ഗ്രസ് സി.പി.എം സഖ്യത്തിന് അള്ളുവെച്ച കേരളഘടകമാകട്ടേ ഇവിടെ നിശബ്ദമാണ്. അത്രമേല്‍ പരിതാപകരമായ അവസ്ഥയിലാണ് മണിക്‌സര്‍ക്കാറും കൂട്ടരുമെന്നതാണ് അതിനു കാരണം. കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നുള്ള ഈ സമീപനം രാജ്യത്താകമാനം സ്വീകരിക്കണം എന്ന നിലപാടാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള പാര്‍ട്ടി ദേശീയ നേതൃത്വത്തിലെ ഭൂരിഭാഗത്തിനുമുള്ളത്. എന്നാല്‍ പാര്‍ട്ടിയുടെ ദേശീയ നേതൃത്വം എക്കാലത്തെയും വലിയ ദൗര്‍ബല്യത്തിലൂടെ കടന്നുപോകുമ്പോള്‍ തല്‍ക്കാലം അവര്‍ക്ക് കേരള ഘടകത്തിന് മുന്നില്‍ അപേക്ഷിക്കാനേ നിര്‍വാഹമുള്ളൂ.

മറുഭാഗത്താവട്ടേ മതേതര വിശ്വാസികളെ വീണ്ടും വീണ്ടും നിരാശപ്പെടുത്തുന്ന രീതിയിലുള്ള സമീപനം പിണറായി വിജയന്റെ നേതൃത്വത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്താതെയുള്ള മതേതരസഖ്യം രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം. അതിന്റെ ഭാഗമായാണ് തെലുങ്കാനയില്‍ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയില്‍ അദ്ദേഹം ആവേശത്തോടെ പങ്കുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും രാജ്യത്ത് മൂന്നു സംസ്ഥാനങ്ങളില്‍ ഭരണവും നാലു സംസ്ഥാനങ്ങളില്‍ മുഖ്യ പ്രതിപക്ഷത്തിന്റെ റോളും ആ പാര്‍ട്ടിക്കുണ്ട്.

രാജ്യത്താകമാനം വേരുകളുള്ള ഒരു പ്രസ്ഥാനത്തെ പുറത്തുനിര്‍ത്തിക്കൊണ്ടുള്ള ബി.ജെ.പിക്കെതിരായ പൊരാട്ടം അധര വ്യായാമമാണെന്നറിയാത്തവരല്ല കേരളത്തിലെ സി.പി.എം നേതാക്കള്‍. എന്നിട്ടും പക്ഷേ ഈ പൊറാട്ടു നാടകത്തിന് അവര്‍ മുതിരുന്നതിന്റെ പിന്നില്‍ ഒരൊറ്റ ലക്ഷ്യമേയുള്ളൂ. അത് വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെങ്കിലും ഒന്നോ രണ്ടോ സീറ്റുകള്‍ നേടിയെടുക്കുക എന്നതു മാത്രമാണത്. ഈ നീക്കംവഴി മതേതര വോട്ടുകള്‍ ചിന്നിച്ചിതറിപ്പോവുമെന്നതോ ഫാസിസ്റ്റുകള്‍ കൂടുതല്‍ കരുത്തരാകുമെന്നതോ അവരെ തെല്ലും അലോസരപ്പെടുത്തുന്നില്ല.

 

Continue Reading

Article

ബി.ബി.സി ഡോക്യുമെന്ററിയും ജനാധിപത്യ ഇന്ത്യയുടെ ഭാവിയും

പുള്ളിപ്പുലിയുടെ പുള്ളി മാറിയാലും ആര്‍.എസ്.എസിന്റെ വര്‍ഗീയത മാറില്ലെന്ന് എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പേ ഈ ലോകത്തോടു വിളിച്ചുപറഞ്ഞത് എന്റെ പിതാവ് ആണെങ്കില്‍ ഇടതുപക്ഷക്കാര്‍ ഞങ്ങള്‍ക്ക് സംഘ്പരിവാര്‍ വിരോധം പഠിപ്പിച്ചു സമയം കളയേണ്ട

Published

on

ഡോ. എം.കെ മുനീര്‍

ഫാഷിസം അതിന്റെ എല്ലാ രൂപ ഭാവത്തോടെയും ഇന്ത്യയില്‍ ഉറഞ്ഞുതുള്ളുകയാണ്. എങ്ങോട്ടാണ് നമ്മുടെ യാത്ര…? ഒരു ഡോക്യുമെന്ററിയെ പോലും അസഹിഷ്ണുതയോടെ നോക്കുന്ന ഭരണകൂടത്തിന് കീഴില്‍ നമ്മുടെ മഹിത ജനാധിപത്യത്തിന്റെ ഭാവി എന്താണ്… ഇന്ത്യന്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്ന ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നിടങ്ങളിലെല്ലാം ഭരണകൂടവും അനുയായികളും പ്രദര്‍ശനം തടയുന്നതിനായി ഏത് നെറികേടും ചെയ്തുകൊണ്ടിരിക്കുകയാണ്.

ഇന്ത്യയിലെ ഏറ്റവും ഉന്നത കലാലയമായ ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ പ്രദര്‍ശനം തടയുന്നതിനായി വൈദ്യുതിബന്ധം വിച്ഛേദിക്കുകയും തുടര്‍ന്ന് ഡോക്യുമെന്ററി മൊബൈല്‍ ഫോണില്‍ കണ്ടു പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തിരിക്കുന്നു. ഇത്തരം അപ്രഖ്യാപിത അടിയന്തരാവസ്ഥകള്‍ ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തിന് തീരാകളങ്കമാണ്. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കേള്‍ക്കുക എന്ന ജനാധിപത്യ മര്യാദ ബി.ജെ.പി ഭരണാധികാരികള്‍ പാലിക്കേണ്ടതുണ്ട്. അല്ലാതെ വിമര്‍ശനങ്ങളുടെ പേരില്‍ രാജ്യത്തെ കലാപങ്ങളിലേക്ക് മനപൂര്‍വം തള്ളിവിടുന്നത് ആര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ല.

ഗുജറാത്തില്‍ നടന്ന വര്‍ഗീയ കലാപത്തെ ഞെട്ടലോടെയാണ് രാജ്യം കാതോര്‍ത്തത്. അതിന്റെ വിങ്ങലും വേദനയും മനസ്സില്‍നിന്ന് ഒരു കാലത്തും മാഞ്ഞു പോകാത്തവിധം വേട്ടയാടുന്നുണ്ട്. ഇപ്പോള്‍ പ്രധാനമന്ത്രിയെക്കുറിച്ച് അത്യന്തം ഭയപ്പാടുകള്‍ സൃഷ്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററിയിലൂടെ ബി.ബി.സി പുറത്ത്‌വിട്ടിരിക്കുന്നത്. തീര്‍ത്തും ഫാക്റ്റ് ഫൈന്‍ഡിംഗ് ആയ ഒരു ഡോക്യുമെന്റേഷനാണ് ബി.ബി.സി തയ്യാറാക്കിയിരിക്കുന്നത്.

കലാപത്തിന്റെ നേര്‍സാക്ഷികള്‍, ഇരകളോടൊപ്പം നിന്നവര്‍, കലാപത്തിന്റെ കെടുതികള്‍ അനുഭവിച്ചവര്‍, അതിന് സാക്ഷ്യംവഹിച്ച ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെയെല്ലാം അഭിമുഖം നടത്തിയാണ് ബി.ബി.സി ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. അതു കാണുമ്പോള്‍ അന്നത്തെ സംഭവ വികാസങ്ങള്‍ ഹൃദയത്തിലേക്ക് വീണ്ടും അലയടിക്കുകയാണ്. കലാപകാലത്തെ ഗുജറാത്ത് സംസ്ഥാന മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്രമോദിയുടെ ധാര്‍ഷ്ട്യം അദ്ദേഹം അന്ന് നടത്തിയ ഓരോ അഭിമുഖം കാണുമ്പോഴും ബോധ്യമാകും. ഇതിനെയെല്ലാം വളരെ പുച്ഛത്തോടെയാണ് മോദി സമീപിച്ചതെന്ന് അദ്ദേഹത്തിന്റെ ശരീരഭാഷകളില്‍നിന്നും വ്യക്തമാകും. മോദിയുടെ ഇത്തരം ചെയ്തികളില്‍ ഫാഷിസ്റ്റ് അനുയായികള്‍ അദ്ദേഹത്തിന്റെ പിന്നില്‍ ആവേശത്തോടെ അണിനിരക്കുന്നതും കാണാവുന്നതാണ്. നരേന്ദ്രമോദി ഇപ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. തന്നെ അഭിമുഖം നടത്തിയവരോട് അദ്ദേഹം അന്നു മുതല്‍ക്കേ കാണിച്ച ഏകാധിപതിയുടെ ശരീരഭാഷയും ശബ്ദവും ഇപ്പോഴും അദ്ദേഹം തുടരുകയാണ്. അത്തരമൊരു വ്യക്തി ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടരുന്നു എന്നത് എത്രമാത്രം അപകടകരമാണ് എന്ന് വിളിച്ചുപറയുന്നതാണ് ബി.ബി.സിയുടെ വെളിപ്പെടുത്തല്‍.

ഇതോടെ മതേതര ജനാധിപത്യ മൂല്യങ്ങളില്‍ അടിയുറച്ചുനില്‍ക്കുകയും എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി നിശബ്ദമായി നില്‍ക്കുകയും ചെയ്തിരുന്നവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ഇപ്പോള്‍ രാജ്യത്താകമാനം ദര്‍ശിക്കാന്‍ കഴിയും. അത് അങ്ങേയറ്റം പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. എന്നാല്‍ ഇതിനെല്ലാമിടയിലും കുളം കലക്കി മീന്‍പിടിക്കാന്‍ സി.പി.എം ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ഞങ്ങള്‍ മാത്രമാണ് ജനാധിപത്യ ചേരിയോട് പ്രതിബദ്ധതയുള്ളവരെന്ന് സ്ഥാപിക്കാന്‍ മറ്റൊരു തരം ഏകാധിപത്യ മനോഭാവത്തോടെയാണ് കേരള മുഖ്യമന്ത്രി പിണറായിയും സംഘവും നിലകൊള്ളുന്നത്. ബി.ബി.സി ഡോക്യുമെന്ററിയുടെ പ്രദര്‍ശന വിവാദങ്ങളുടെ മറവില്‍ കോണ്‍ഗ്രസിനേയും മുസ്‌ലിം ലീഗിനെയും കുത്തിനോവിക്കാന്‍ മറക്കാത്ത സി.പി.എമ്മിനോടും അവരുടെ ഊരയില്‍ കൂരകെട്ടി പാര്‍ക്കുന്നവരോടും സഹതപിക്കുവാനേ തല്‍ക്കാലം നിര്‍വാഹമുള്ളൂ.

ലോകം മുഴുവന്‍ ബി.ബി.സി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തുനിന്ന സമയത്താണ് ചിലര്‍ ആദ്യ ഭാഗത്ത് കോണ്‍ഗ്രസിനെതിരെ വല്ലതും ഉണ്ടോ എന്ന് ഇഴകീറി പരിശോധന നടത്തിയത്. ഇവരുടെയൊക്കെ മനോവൈകൃതത്തിന് ഈ നാട്ടില്‍ ചികിത്സ തല്‍ക്കാലം ലഭ്യമല്ല. ഇന്ത്യയില്‍ ജനാധിപത്യചേരിയുടെ മുന്നണിപ്പോരാളികളായി എക്കാലത്തും പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസ് മുന്നണിയാണെന്ന പരമയാഥാര്‍ത്ഥ്യം എല്ലാവര്‍ക്കുമറിയാം.

രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തന്നെ ഒരു ഓര്‍മപ്പെടുത്തലാണ്. ആര്‍.എസ്.എസുമായി സഹവസിക്കേണ്ടവര്‍ക്കെല്ലാം കോണ്‍ഗ്രസ് വിട്ടുപോകാം. അവശേഷിക്കുന്നവരെകൊണ്ട് ജനാധിപത്യ ചേരിയെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്ന ഉറച്ച സ്വരമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും നേതാക്കളോടുമായി രാഹുല്‍ ഗാന്ധി നടത്തിയത്.

അത്രമേല്‍ ശുദ്ധീകരിച്ച ജനാധിപത്യ പ്രസ്ഥാനമായി കോണ്‍ഗ്രസ് മാറിക്കഴിഞ്ഞിരിക്കുകയാണ്. അതുപോലെ മതേതര ചേരിയില്‍ എന്നും അടിയുറച്ചു നിലകൊണ്ട മുസ്‌ലിംലീഗ് എക്കാലത്തും ഫാഷിസ്റ്റ് വിരുദ്ധ ചേരിയില്‍ നിലകൊള്ളുന്ന പ്രസ്ഥാനമാണ്. പുള്ളിപ്പുലിയുടെ പുള്ളി മാറിയാലും ആര്‍.എസ്.എസിന്റെ വര്‍ഗീയത മാറില്ലെന്ന് എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പേ ഈ ലോകത്തോടു വിളിച്ചുപറഞ്ഞത് എന്റെ പിതാവ് ആണെങ്കില്‍ ഇടതുപക്ഷക്കാര്‍ ഞങ്ങള്‍ക്ക് സംഘ്പരിവാര്‍ വിരോധം പഠിപ്പിച്ചു സമയം കളയേണ്ട. കേരള ഗവര്‍ണറുമായി നിങ്ങള്‍ വീണ്ടും ഭായി ഭായി ആയ ഈ സമയത്ത് പ്രത്യേകിച്ചും നിങ്ങള്‍ക്കതിന് യാതൊരു അര്‍ഹതയുമില്ല.

ബി.ജെ.പിക്കെതിരായ സന്ധിയില്ലാസമരത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനോടൊപ്പം ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗും മുന്നണിപ്പോരാളികളായി എക്കാലത്തും ഉണ്ടാവുക തന്നെ ചെയ്യും. ജനാധിപത്യ ഇന്ത്യയുടെ സംരക്ഷണം ആഗ്രഹിക്കുന്നവര്‍ക്കെല്ലാം അതില്‍ അണിചേരാം. അതുവഴി മാത്രമാണ് രാജ്യം ഇന്നോളം വിജയപഥം താണ്ടിയിട്ടുള്ളത്. അതെല്ലാവര്‍ക്കും പാഠമാകണം.

Continue Reading

Trending