കോഴിക്കോട്: മാരകായുധങ്ങള്‍ പൂജക്ക് വെക്കുന്ന ചിത്രം പരസ്യപ്പെടുത്തി ഹിന്ദുത്വ തീവ്രവാദി നേതാവ് പ്രതീഷ് വിശ്വനാഥ്. തോക്കുകള്‍, വാളുകള്‍, റിവോള്‍വറുകള്‍, മഴു, കത്തി തുടങ്ങിയ മാരകായുധങ്ങളാണ് ഇദ്ദേഹം പൂജക്ക് വെച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ആയുധ പൂജ… ഞാനും നിങ്ങളും ഇന്ന് സ്വതന്ത്രരായി ആത്മാഭിമാനത്തോടെ ജീവിക്കുന്നത് ഭവാനി ദേവിക്ക് മുന്നില്‍ ഉടവാള്‍ വെച്ചു വണങ്ങി ശത്രുവിനോട് പോരാടാനുറച്ച് എഴുന്നേറ്റ വീര ശിവജിയുടെയും മറാത്തകളുടെയും വീര്യത്തിന്റെയും ത്യാഗത്തിന്റെയും തണലിലാണ്…. ആയുധം താഴെ വെയ്ക്കാന്‍ ഇനിയും സമയമായിട്ടില്ല… ശത്രു നമുക്കിടയില്‍ പതിയിരിക്കുവോളം ആയുധം ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണ്… മറ്റൊരു പാകിസ്ഥാനോ ബംഗ്ലാദേശോ താലിബാനോ അല്ല വരും തലമുറയ്ക്ക് സമ്മാനിക്കേണ്ടതെങ്കില്‍ വിശ്രമത്തിനുള്ള സമയമല്ല ഇത്….ദുര്‍ഗ്ഗാ ദേവി അനുഗ്രഹിക്കട്ടെ…ജയ് ശിവാജി, ജയ് ഭവാനി-പ്രതീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നിരന്തരം സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുകയും ആക്രമണത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഇദ്ദേഹം. പക്ഷെ ഇതുവരെ യാതൊരു നടപടിയും ഇതിന്റെ പേരില്‍ സ്വീകരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. ഇത്രയും ആയുധങ്ങള്‍ കൈവശം വെക്കാനും പ്രദര്‍ശിപ്പിക്കാനും അദ്ദേഹത്തിന് സാധിക്കുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്. ആയുധം പ്രദര്‍ശിപ്പിക്കുകയും വിദ്വേഷം പ്രചരിപ്പിച്ച് കലാപത്തിന് ആഹ്വാനം ചെയ്യുകയുമാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.