ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ലേ പ്രവിശ്യ ചൈനയുടെ ഭാഗമാക്കിയന്ന ട്വിറ്റര്‍ ലൊക്കേഷന്‍ ടാഗിന് പിന്നാലെ സമാന രീതിയില്‍ കശ്മീര്‍ ചൈനയിലാക്കി ആമസോണിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പേഴ്സണല്‍ അസിസ്റ്റന്റ് അലക്സയും.

കശ്മീര്‍ പ്രദേശം ഏതുരാജ്യത്തിന്റെ ഭാഗമാണെന്ന ചോദ്യത്തോട് ചൈനയുടെ ഭാഗമാണ് കശ്മീര്‍ എന്നാണ് അലക്സ പറയുന്നത്. ഇത്തരത്തിലുള്ള വീഡിയോ ട്വിറ്ററില്‍ വൈറലതോടെ സംഭവത്തില്‍ വിശദീകരണവുമായി ആമസോണ്‍ തന്നെ രംഗത്തെത്തി. അലക്‌സ ഉപയോക്താവ് പങ്കു വച്ച വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ ആമസോണിനെതിരായ പ്രതിഷേധമായി ഉയര്‍ന്നിരുന്നു. കശ്മീര്‍ ഏത് രാജ്യത്തിന്റെ ഭാഗമാണെന്ന് അലക്സ ഉപയോക്താവ് ചോദിക്കുമ്പോള്‍, കശ്മീര്‍ ചൈനയുടെ ഭാഗമാണെന്ന് പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്.

അതേസമയം അലക്സയുടെ ഹിന്ദി പതിപ്പിലാണ് ഈ പിശക് കടന്നു കൂടിയിരിക്കുന്നതെന്ന് സംഭവം പരീക്ഷിച്ച പലരും സാക്ഷ്യപ്പെടുത്തുന്നു. ഭാഷ ഇംഗ്ലീഷിലേക്ക് മാറുമ്പോള്‍, കശ്മീര്‍ ഉത്തരേന്ത്യയുടെ ഭാഗമാണെന്നാണ് അലക്സ പറയുന്നത്. പ്രതിഷേധം ശക്തമായതോടെ സംഭവത്തില്‍ ആമസോണ്‍ നേരിട്ട് ഇടപെട്ടിട്ടുണ്ട്. തെറ്റ് ശ്രദ്ധയില്‍ പെടുത്തിയതിന് നന്ദിയുണ്ടെന്നും, വിവരം ഇതുമായി ബന്ധപ്പെട്ട ടീമിന് കൈമാറിയതായും ആമസോണ്‍ അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചു. തെറ്റ് തിരുത്തുമെന്നും, ഭാവിയിലും ഏത് സഹായത്തിനും തങ്ങളെ ബന്ധപ്പെടാമെന്നും അവര്‍ കുറിച്ചു.

നേരത്തെ, ട്വിറ്ററിന്റെ ലൊക്കേഷന്‍ ടാഗിങില്‍ കശ്മീരിലെ ലെഹ് മേഖല ചൈനയുടെ ഭാഗമായി കാണിച്ചത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. ലൈവ് ബ്രോഡ്കാസ്റ്റിനിടെ നടത്തിയ ജിയോ ടാഗിലാണ് ജമ്മു കശ്മീരിനെ ചൈനയുടെ ഭാഗമാക്കിക്കൊണ്ട് ട്വിറ്റര്‍ അടയാളപ്പെടുത്തിയത്. ലേയിലുള്ള ഹാള്‍ ഓഫ് ഫെയിം യുദ്ധസ്മാരകത്തില്‍ നിന്നും നാഷണല്‍ സെക്യുരിറ്റി അനലിസ്റ്റായ നിതിന്‍ ഗോഖലെ പങ്കുവെച്ച ലൈവ് ബ്രോഡ്കാസ്റ്റാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. ഈ വീഡിയോയുടെ ലൊക്കേഷന്‍ ടാഗ് നല്‍കിയത് ജമ്മു കശ്മീര്‍, പീപ്പള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന എന്നായിരുന്നു ട്വിറ്റര്‍ കാണിച്ചത്.

സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്. ഇത്തരം ശ്രമങ്ങള്‍ ട്വിറ്ററിന് അപകീര്‍ത്തികരമാണെന്ന് മാത്രമല്ല, നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണെന്നും ട്വിറ്റര്‍ മേധാവി ജാക്ക് ഡോര്‍സിയ്ക്ക് നല്‍കിയ കത്തില്‍ ഇലക്ട്രോണിക്‌സ്, ഐടി വകുപ്പ് സെക്രട്ടറി അജയ് സോവ്‌നെ പറഞ്ഞു. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായ നീക്കം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും നടപടി നിയമവിരുദ്ധമാണെന്നും ട്വിറ്ററിന് നല്‍കിയ കത്തില്‍ കേന്ദ്രം വ്യക്തമാക്കി.

അതേസമയം, സാങ്കേതിക പ്രശ്‌നം കൊണ്ട് സംഭവിച്ചതാണെന്നാണ് ട്വിറ്ററിന്റെ മറുപടി. ഇതുമായി ബന്ധപ്പെട്ട വൈകാരിക വിഷയങ്ങള്‍ മനസിലാക്കുന്നുവെന്നും അതിനെ ബഹുമാനിക്കുന്നുവെന്നും ജിയോ ടാഗ് പ്രശ്‌നം അതിവേഗം കണ്ടെത്തി പരിഹരിച്ചുവെന്നും ട്വിറ്റര്‍ അറിയിച്ചു. ഇന്ത്യന്‍ ഭരണകൂടത്തിനൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ ട്വിറ്റര്‍ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രം വൈകാരിക വിഷയങ്ങളെ ബഹുമാനിക്കുന്നുവെന്നും അംഗീകരിക്കുന്നുവെന്നും, കത്തിനോട് ട്വിറ്റര്‍ പ്രതികരിച്ചു