രക്തചംക്രമണവ്യവസ്ഥയിൽ ഉത്ഭവിക്കുന്നതും, 24 മണിക്കൂറിലധികം നീണ്ടുനിൽക്കുകയോ മരണത്തിൽ കലാശിക്കുകയോ ചെയ്യുന്നതുമായ മസ്തിഷ്കത്തിലെ കേന്ദ്രീകൃതമായ (ചിലപ്പോൾ വ്യാപകവും ആകാം) പ്രവർത്തനത്തകരാറിനെയാണു മസ്തിഷ്കാഘാതം (Cerebrovascular Accident; CVA) അഥവാ സ്ട്രോക്ക് (Stroke) എന്ന് ലോകാരോഗ്യ സംഘടന നിർവചിച്ചിരിക്കുന്നത് . 24 മണിക്കൂറിലധികം നീണ്ടുനിൽക്കുന്ന രോഗലക്ഷണങ്ങളുള്ള അവസ്ഥയേയും, അതല്ല ഇനി ലക്ഷണങ്ങൾ പെട്ടെന്ന് അപ്രത്യക്ഷമാകുകയും അതേസമയം തലച്ചോറിന്റെ സ്കാൻ ചിത്രത്തിൽ രോഗചികിത്സാപരമായി പ്രാധാന്യമുള്ള ഒരു ക്ഷതം (lesion) ദൃശ്യമാകുകയും ചെയ്യുന്നുവെങ്കിൽ അതിനെയും മസ്തിക്ഷാകാഘാതമായി നി‌‌ർവചിക്കാം എന്നാണു നിലവിലെ വൈദ്യശാസ്ത്ര സമവായം.

കാരണങ്ങൾ

തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ അടവ് സംഭവിക്കുകയോ രക്തധമനി പൊട്ടി രക്തസ്രാവമുണ്ടാകുകയോ ചെയ്യുമ്പോൾ തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയും തന്മൂലം മസ്തിഷ്കകലകൾക്ക് ലഭിക്കുന്ന ജീവവായുവും പോഷകങ്ങളും തടയപ്പെടുകയും ചെയ്യുന്ന അവസ്ഥ സംജാതമാകുന്നു. ഇതിനെത്തുടർന്നുണ്ടാകുന്ന നാഡീവ്യവസ്ഥയിലെ തകരാറുകൾമൂലം ശരീരത്തിന്റെ ഒരു വശം തളരുക, കൈകാലുകളിൽ ബലക്ഷയമുണ്ടാകുക, ശരീരഭാഗങ്ങളിൽ സ്പർശനശേഷി നഷ്ടമാകുക, സംസാരശേഷി, കാഴ്ച എന്നിവ ഭാഗികമായോ പൂർണമായോ നഷ്ടമാകുക, കണ്ണുകൾ ചലിപ്പിക്കുന്നതിനു ബുദ്ധിമുട്ടുണ്ടാകുക, നടക്കുമ്പോൾ വശങ്ങളിലേക്ക് ചരിയുക, വിവിധപ്രവർത്തികൾ ചെയ്യാൻ പറ്റായ്‌‌ക, എന്നിങ്ങനെയുള്ള പ്രശ്നങ്ങളിൽ ചിലത് രോഗിയിൽ ദൃശ്യമാകുന്നു. ബോധക്ഷയം, തലകറക്കം, സ്ഥലകാലബോധം നഷ്ടമാകൽ, അപസ്മാരം (ജന്നി),തലവേദന എന്നിവയും ലക്ഷണങ്ങളിലുൾപ്പെടാം.

ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുക.

രക്തമർദ്ദം, കൊഴുപ്പ്, പ്രമേഹം, ഹൃദ്രോഗം എന്നിവ നിയന്ത്രിച്ചു നിർത്തൽ, സ്ഥിരമായ വ്യായാമം, പുകവലിയൊഴിവാക്കൽ എന്നിവയിലൂടെ മസ്തിഷ്കാഘാത സാധ്യത കുറയ്ക്കാം. നേരത്തേ രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് രോഗിക്ക് അടിയന്തര ചികിത്സ നൽകുകയാണെങ്കിൽ നാഡീക്ഷയത്തിന്റെയും പക്ഷാഘാതത്തിന്റെയും ആക്കം കുറയ്ക്കാനാവും.