ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര കര്‍ഷക സംഘം രാഷ്ട്രപതിക്ക് നിവേദനം നല്‍കി. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിച്ച ശേഷം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുസ്ലിംലീഗ് എം.പിമാരുടെ നേതൃത്വത്തിലുള്ള നിവേദക സംഘത്തിന് ഉറപ്പ് നല്‍കി. ബുധനാഴ്ച്ച 11 മണിക്കാണ് രാഷ്ട്പതി ഭവനില്‍ വച്ച് എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കര്‍ഷക സംഘം നേതാക്കള്‍ രാഷ്ട്രപതി ഭവനിലെത്തി നിവേദനം നല്‍കിയത്.

രാജ്യവ്യാപകമായി കര്‍ഷകരുടെ വായ്പ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുക, കര്‍ഷകര്‍ക്ക് സ്ഥിര വരുമാനവും പെന്‍ഷനും അനുവദിക്കുക, ക്ലാസ് ഫോര്‍ ജീവനക്കാരുടെ വേതനത്തിന് സമാനമായ വരുമാനവും പെന്‍ഷനും അനുവദിക്കുക, കാര്‍ഷികോല്‍പ്പന്നങ്ങളുടെ സമഗ്രമായ സംഭരണവും ഉല്‍പ്പാദന ചെലവിന്റെ രണ്ടിരട്ടിയായി എം.എസ്.പിയും ഉയര്‍ത്തുക, കാര്‍ഷികവിളകളുടെ കയറ്റുമതി നയ രൂപീകരണത്തില്‍ കേരളത്തോടു കാണിച്ച അവഗണന അവസാനിപ്പിക്കുക, ബാങ്ക് വായ്പ തട്ടിപ്പിനെപ്പറ്റി സമഗ്രവും സുതാര്യമായ അന്വേഷണം നടത്തുക, കിട്ടാക്കടങ്ങളെ കുറിച്ചും വന്‍കിടക്കാരുടെ എഴുതിത്തള്ളിയ വായ്പകളെക്കുറിച്ചും അന്വേഷണം നടത്തുക, പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണശ്രമം ഉപേക്ഷിക്കുക എന്നിവയാണ് കര്‍ഷക നേതാക്കള്‍ നിവേദനത്തില്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍. എം.പിമാരെ കൂടാതെ കുറുക്കോളി മൊയ്തീന്‍, സി. ശ്യാംസുന്ദര്‍, മണ്‍വിള സൈനുദ്ദീന്‍, ഡോക്ടര്‍ കുഞ്ഞാലി, പി.പി മുഹമ്മദ് കുട്ടി തുടങ്ങിയ കര്‍ഷക സംഘം നേതാക്കള്‍ രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു.