ഹരിപ്പാട്: സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ആറാട്ടുപുഴ വലിയഴീക്കല്‍ ബീച്ചിലാണ് സംഭവം. മാന്നാര്‍ കുട്ടംപേരൂര്‍ കുമരംമ്പള്ളില്‍ ശ്രീകുമാറിന്റെ മകന്‍ വിശ്വജിത്ത് (16) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മാവേലിക്കര ബിഷപ് ഹോഡ്ജസ് സ്‌കുളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് വിശ്വജിത്ത്.

ചൊവ്വാഴ്ച ഉച്ചയോടെ കൂട്ടുകാരുമായി കുളിക്കാനെത്തിയതാണ് വിശ്വജിത്ത്. കടലില്‍ കുളിക്കുന്നതിനിടയില്‍ തിരയില്‍ പെട്ട് കാണാതാവുകയായിരുന്നു. കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ കായംകുളം പൊലീസ് സ്‌റ്റേഷനില്‍ എത്തി വിവരമറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. വിശ്വജിത്തിനായി നേവി ഹെലികോപ്റ്ററില്‍ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ കടല്‍ പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് പ്രതികൂലമായ കാലാവസ്ഥയില്‍ ചൊവ്വാഴ്ച വൈകിട്ടോടെ തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു.

പിന്നീട് തറയില്‍ക്കടവില്‍ ഭാഗത്ത് പാറകളോട് ചേര്‍ന്ന് മൃതദേഹം കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്തു.