സഹീര്‍ കാരന്തൂര്‍

രാജ്യത്തെ വിവിധ കലാലയങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളുടെ ഉറച്ച രാഷ്ട്രീയ പ്രഖ്യാപനത്തിന്റെ ശബ്ദങ്ങളാണ് കേട്ടു കൊണ്ടിരിക്കുന്നത്. അവസാനമായി വിദ്യാര്‍ത്ഥി യൂണിയന്‍ തെരെഞ്ഞെടുപ്പ് നടന്ന ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലും രാജ്യത്തെ അപകടപ്പെടുത്തുന്ന കാവിവത്കരണത്തിനും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരായ പോരാട്ട ഐക്യപ്പെടലുകളുടെ വേദി സത്യമാക്കികൊണ്ട് രാഷ്ട്രീയ പ്രബുദ്ധത തെളിയിച്ചിരിക്കുകയാണ് ഒരു വലിയ വിദ്യാര്‍ത്ഥി സമൂഹം.
നിലവില്‍ ദേശീയ തലത്തിലടക്കം ശ്രദ്ധ നേടിയതായിരുന്നു ഇത്തവണത്ത ഹൈദരാബദ് കേന്ദ്ര സര്‍വകലാശാല തെരെഞ്ഞെടുപ്പ്. വലതുപക്ഷ രാഷ്ട്രീയത്തിന്റെ തീവ്രമുഖങ്ങളില്‍ ശ്വാസംമുട്ടിക്കഴിയുന്ന വിദ്യാര്‍ത്ഥി രാഷ്്ട്രീയ പ്രസ്ഥാനങ്ങളെയെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തികൊണ്ടുള്ള പോരാട്ടങ്ങള്‍ക്കായിരുന്നു എച്ച്.സി.യു സാക്ഷ്യം വഹിച്ചത്. അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന പേരില്‍ രൂപപ്പെടുത്തിയ മുസ്‌ലിം ദലിത് ആദിവാസി വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ സംഖ്യത്തോട് ഒരുമിച്ചായിരുന്നു ഇടതു വിദ്യാര്‍ത്ഥി സംഘടനകളും നിലയുറപ്പിച്ചത്. ഡോ. ബി.ആര്‍ അംബേദ്ക്കറിന്റെയും ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെയും മതേതര രാഷ്ട്രീയ ഭാവനയും അവര്‍ ഉയര്‍ത്തിപ്പിടിച്ച സാര്‍വത്രിക മൂല്യങ്ങളിലൂടെയും സാമൂഹ്യ പുരോഗതിയും സുരക്ഷിതത്വവും സാധ്യമാക്കാമെന്നുള്ള പാഠവും അവര്‍ നല്‍കികൊണ്ടിരിക്കുകയാണ്. അതോടൊപ്പം സോ കോള്‍ഡ് പുരോഗമനക്കാര്‍ക്കുള്ളിലെ മുസ്‌ലിം ഭീതി ഇനിയും ശമിച്ചിട്ടില്ലെന്നും തുറന്നുകാണിച്ചു തന്നു.
ഇന്ത്യന്‍ രാഷ്ട്രീയത്തിന് ദിശാ നിര്‍ണ്ണയം നടത്തുന്നതില്‍ അക്കാദമികമായ പങ്ക് നിര്‍വഹിക്കുന്നതില്‍ എന്നും മുന്നില്‍ നിന്ന കലാലയമാണ് ഹൈദരബാദ് കേന്ദ്ര സര്‍വകലാശാല. ഇത്തവണത്തെ തെരെഞ്ഞെടുപ്പും പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ രാഷ്ട്രീയ ഉണര്‍വും ഉയര്‍ച്ചയും ചര്‍ച്ച ചെയ്തു. ദേശീയ രാഷ്ട്രീയത്തില്‍ വരെ മാതൃകയാക്കാവുന്ന മുന്നണി സംഖ്യങ്ങള്‍ക്ക് രൂപം നല്‍കാന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചു. രാജ്യത്തെ സംഘ്പരിവാര ഭരണം ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെപോലും അപകടരമായ സ്ഥിതിവിശേഷങ്ങളിലേക്കു എത്തിച്ചുക്കൊണ്ടിരിക്കുകയും അവരുടെ ജീവനപഹരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍ പ്രതീക്ഷയുടെ തിരിനാളമുയര്‍ത്തുന്നത്. ഫാസിസ്റ്റ് ഭരണം അതിന്റെ ഉഗ്രരൂപം പ്രാപിക്കുകയും ജനജീവിതത്തിന്റെ താഴേതട്ട് വരേക്കും അതിന്റെ വിഷാംശങ്ങള്‍ ആഴ്ന്നിറങ്ങുകയും ചെയ്യുന്ന കാലത്ത് ആശയപരവും സാംസ്‌കാരവുമായ സ്വത്വ സംരക്ഷണത്തിനുള്ള പ്രാധാന്യം ഏറെയാണ്.
രോഹിത് വെമുലയുടെ ജീവത്യാഗം ജാതീയ വിളയാട്ടത്തിന്റെ ആധുനിക മുഖമായി രാജ്യത്തെയും ഭരണകൂടത്തെയും വേട്ടയാടിയപ്പോഴാണ് ആ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ജാതീയതക്കും ഫാസിസത്തിനുമെതിരായ പോരാട്ടങ്ങള്‍ക്ക് രോഹിതിലൂടെ രാജ്യത്തെ വിദ്യാര്‍ത്ഥി സമൂഹത്തിന് മാതൃക സൃഷ്ടിച്ചത്. എന്നാല്‍ ഇവിടെ ഉയര്‍ന്നു വന്ന അക്രമോത്സുക രഷ്ട്രീയത്തിനെതിരെയും കാമ്പസിനകത്തും പുറത്തും നടക്കുന്ന വേട്ടയാടലുകള്‍ക്കെതിരെയുമുള്ള വിപുലമായൊരു ഐക്യത്തിന്റെ അന്തരീക്ഷമായിരുന്ന ഈ ഐക്യം ജസ്റ്റിസ് ഫോര്‍ രോഹിത് വെമുലക്ക് ശേഷം ഉടന്‍ പ്രതീക്ഷിച്ചതായിരുന്നെങ്കിലും പിന്നെയും കാത്തിരിക്കേണ്ടി വന്നു അത് യാഥാര്‍ത്ഥ്യമാവാന്‍.
മുസ്‌ലിം ലീഗിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന് സര്‍വകലാശാലയിലെ തെരെഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് കാഴ്ച വെക്കാന്‍ സാധിച്ചത്. ഇത്തരത്തില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ സജീവമായൊരു കാമ്പസില്‍ ശക്തമായ നിലപാടുകള്‍ മുന്നോട്ടു വെച്ചുകൊണ്ടേ ഏതു കൂട്ടായ്മക്കും അതിജീവനം സാധിക്കൂ. മുസ്‌ലിം സ്വത്വവും രാഷ്ട്രീയവും ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് കാമ്പുള്ള കാഴ്ചപ്പാടുകള്‍ കൊണ്ടേ നിലനില്‍പ്പുള്ളൂ എന്ന ബോധ്യത്തോടു തന്നെയായിരുന്നു എം. എസ്.എഫ് തെരെഞ്ഞടപ്പ് നേരിട്ടിരുന്നത്. കാമ്പസിനകത്തും പുറത്തും നടക്കുന്ന ഇസ്‌ലാമോ ഫോബിയ അടക്കം മുസ്‌ലിംകള്‍ക്കെതിരായ ദുഷ്പ്രചാരണങ്ങളെ ആശയപരമായി തന്നെ നേരിട്ടായിരുന്നു എം.എസ്.എഫ് തെരെഞ്ഞെടുപ്പിനെ സമീപിച്ചത്. അംബേദ്കര്‍ സറ്റുഡന്റ് അസോസിയേഷന്‍ നേതൃത്വം കൊടുത്ത എ.എസ്.ജെ സംഖ്യത്തിലൂടെ ഈ രാഷ്ട്രീയ പ്രതിനിധാനത്തോട് പരമാവധി നീതി പുലര്‍ത്താന്‍ എം.എസ്.എഫിന് സാധിച്ചിട്ടുണ്ട്. അത് വിദ്യാര്‍ത്ഥികളും ഏറ്റെടുത്തതിന്റെ സൂചനയാണ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കുള്ള എം.എസ്.എഫിന്റെ തകര്‍പ്പന്‍ ജയം.
എന്നാല്‍ ഇടതു വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐ മുസ്‌ലിം വിരുദ്ധതയുടെ തനി നിറം പുറത്ത് കാണിച്ചു തരികയായിരുന്നു വിജയാഘോഷ വേളകളിലെ അവരുടെ മുദ്രാവാക്യ വിളികളിലൂടെ. ഫാസിസത്തിനെതിരായ മഹാസംഖ്യത്തിലെ കൂട്ടുകക്ഷിയായിരുന്നിട്ടും മുന്നണി മര്യാദകള്‍ പോലും അറിയാത്തവരെപ്പോലെ വിദ്യാര്‍ത്ഥി സംഘടനകളെ പേരേടുത്ത് തെറി വിളിക്കേണ്ടി വരുന്ന സാഹചര്യം അവരുടെ പുരോഗമനവാദങ്ങളൊക്കെ എത്രത്തോളം പരിഷ്‌കൃതമാണെന്നും മനസ്സിലാക്കിത്തരുന്നുണ്ട്. പൊതു ശത്രുവിനെ നേരിടാന്‍ അഭിപ്രായ ഭിന്നതകള്‍ മാറ്റിവെക്കുന്നതില്‍ തെറ്റില്ല എന്ന നിലപാടായിരുന്നു എ.എസ്.എ എടുത്തത്. സംഘ്പരിവാര സംഘടയായ എ.ബി.വി.പി അത്രമേല്‍ നാടിനാപത്താണെന്നും പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട ശ്രീരാഗ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ എല്ലാ മുന്നണി ധാരണകളേയും ലംഘിക്കുന്നതായിരുന്നു എസ്.എഫ്.ഐ യുടെ പ്രതികരണങ്ങള്‍. ഈ നടപടി അവര്‍ക്കിടയില്‍ വരെ അഭിപ്രായഭിന്നതകളുണ്ടാക്കിയെന്നതാണ് സത്യം.
ദേശീയ രാഷ്ട്രീയത്തില്‍ ശക്തമായ ചുവടുകള്‍ അനിവാര്യമാക്കികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ കലാലയങ്ങള്‍ കേന്ദ്രീകരിച്ചും അല്ലാതെയും നടക്കുന്ന വിദ്യാര്‍ത്ഥി മുന്നേറ്റങ്ങള്‍ നല്‍കുന്ന പ്രതീക്ഷകളും സന്ദേശങ്ങളും ഏറെ വിലപ്പെട്ടതു തന്നെയാണ്.