ഡല്‍ഹി: ബലാത്സംഗക്കേസുകളില്‍ ആരോപണവിധേയരായവരുടെ പേരു വിവരങ്ങള്‍ അവര്‍ കുറ്റക്കാരാണെന്നു തെളിയും വരെ വെളിപ്പെടുത്തരുതെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ശുപാര്‍ശ. കള്ളക്കേസുകളില്‍ പെടുത്തുന്നതില്‍നിന്നു സംരക്ഷണം ലഭിക്കുന്നതിനു വേണ്ടിയാണിത്.

ബലാത്സംഗത്തിന് ഇരയാകുന്നവരുടെ പേരുവിവരം വെളിപ്പെടുത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. അതുപോലെ തന്നെ തെറ്റായ ആരോപണങ്ങളില്‍നിന്ന് പ്രതികള്‍ക്കും സംരക്ഷണം നല്‍കേണ്ടത് അനിവാര്യമാണെന്നും മനുഷ്യാവകാശ കമ്മിഷനും സെന്റര്‍ ഫോര്‍ വിമന്‍സ് ഡെവലപ്‌മെന്റ് സ്റ്റഡീസും നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.

2012ലെ പോക്‌സോ നിയമപ്രകാരം 18 വയസിനു താഴെ പ്രായമുള്ളവരുമായുള്ള ലൈംഗിക ബന്ധം കുറ്റകരമാണ്. എന്നാല്‍ ഇന്നത്തെ സാമൂഹിക വ്യവസ്ഥിതിയില്‍ അത്തരം ഇടപഴലുകള്‍ക്കു സാധ്യത കൂടുതലാണ്. അതേസമയം തന്നെ തെറ്റായ കേസുകള്‍ക്കും ആരോപണങ്ങള്‍ക്കും സാധ്യത വര്‍ധിക്കുന്നുമുണ്ട്. പുതിയ സാഹചര്യത്തില്‍ ഇക്കാര്യവും പരിഗണിക്കണമെന്നും പഠനം വ്യക്തമാക്കുന്നു.ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്തതും ആയവരുമായ എഴുപതോളം കുറ്റവാളികളുമായി അഭിമുഖം നടത്തിയ ശേഷമാണ് പഠനറിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.