Connect with us

Culture

ലയാലി സൂഫിയ: സൂഫി സംഗീതത്തിലൊരു മലയാളിപ്പെണ്‍തിളക്കം

നന്നായി പാടുമായിരുന്ന ഉമ്മയുടെ പാട്ടുകള്‍ ശബ്നമിന്റെ സംഗീതത്തെ വളര്‍ത്തുന്നതില്‍ നിര്‍ണായക സ്വാധീനമായിട്ടുണ്ട്. കെ ജി ക്ലാസുകളില്‍ പഠിക്കുന്ന സമയത്തു തന്നെ സദസിനെ അത്ഭുതക്കടലിലേക്ക് തള്ളിവിട്ടുകൊണ്ട് ഷബ്നം മനോഹരമായി പാടുമായിരുന്നു.

Published

on

ഷബീര്‍ രാരങ്ങോത്ത്

വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലില്‍ വീണേ
പൊന്നിളം കയ്യില്‍ മെല്ലെ കോരിയെടുക്കാന്‍ വാ
മുണ്ടകന്‍ കൊയ്ത്തു കഴിഞ്ഞ് ആറ്റക്കിളി പോകും നേരം
മഞ്ഞണിത്തൂവല്‍ കൊണ്ടൊരു കൂടൊരുക്കാന്‍ വാ…
മലയാളിയുടെ ഗൃഹാതുരതയെ ഇത്രമാത്രം താരാട്ടിയ മറ്റൊരു ഗാനമുണ്ടാവില്ല. അതു പാടിയ കുഞ്ഞു ശബ്ദത്തിന് ഓരോ മലയാളിയുടെയും മനസ്സില്‍ മകളുടെ സ്ഥാനമായിരുന്നു. വെണ്ണിലാ ചന്ദനക്കിണ്ണത്തിനു ശേഷം ‘ഒരു ചിക് ചിക് ചിറകില്‍’ എന്ന ഗാനത്തിലൂടെയും ആ ശബ്ദം വീണ്ടും മലയാളിയുടെ മനം കീഴടക്കി. ആ മനോഹര ശബ്ദത്തിന്റെയുടമ ഇന്ന് ഇന്ത്യയിലെ തന്നെ ആദ്യത്തെ പെണ്‍ഖവാലി സംഘം രൂപീകരിച്ച് സംഗീത രംഗത്ത് സജീവമാണ്. കുഞ്ഞുഷബ്നം ഇന്ന് ഷബ്നം റിയാസ് എന്ന അറിയപ്പെടുന്ന ഗായികയാണ്.
ഏഴാം വയസില്‍ തന്റെ സംഗീത രംഗത്തെ പ്രാഗത്ഭ്യം ശബ്‌നം തെളിയിച്ചിരുന്നു. ഗായകന്‍ ഉണ്ണിമേനോനോടൊപ്പം ‘വസന്തകാലമേഘങ്ങള്‍’ എന്ന ലളിതഗാന കാസറ്റിലൂടെയാണ് ശബ്‌നത്തിന്റെ പ്രൊഫഷണല്‍ സംഗീത രംഗത്തേക്കുള്ള അരങ്ങേറ്റം.
നന്നായി പാടുമായിരുന്ന ഉമ്മയുടെ പാട്ടുകള്‍ ശബ്നമിന്റെ സംഗീതത്തെ വളര്‍ത്തുന്നതില്‍ നിര്‍ണായക സ്വാധീനമായിട്ടുണ്ട്. കെ ജി ക്ലാസുകളില്‍ പഠിക്കുന്ന സമയത്തു തന്നെ സദസിനെ അത്ഭുതക്കടലിലേക്ക് തള്ളിവിട്ടുകൊണ്ട് ഷബ്നം മനോഹരമായി പാടുമായിരുന്നു. പാട്ടുമത്സരങ്ങള്‍ക്ക് ഷബ്നം ഒരനിവാര്യതയായിരുന്നു. സ്‌കൂള്‍ കലോത്സവങ്ങളിലെ മിന്നുന്ന വിജയങ്ങളാണ് ഷബ്നമിനെ ലളിതഗാന കാസറ്റിലേക്കെത്തിക്കുന്നത്. ഈ കാസറ്റ് ഷബ്നമിന്റെ അമ്മാവന്‍ തന്റെ സുഹൃത്ത് വഴി സംഗീത സംവിധായകന്‍ ഔസേപ്പച്ചന് കൈമാറിയിരുന്നു. യാദൃച്ഛികമായാണ് അദ്ദേഹത്തിലൂടെ കമല്‍ ഈ ഗാനങ്ങള്‍ കേള്‍ക്കുന്നത്. താന്‍ സംവിധാനം ചെയ്യുന്ന അഴകിയ രാവണന്‍ എന്ന സിനിമയിലേക്ക് ഒരു കുഞ്ഞുശബ്ദം തിരക്കി നടക്കുകയായിരുന്ന കമലിന്റെ മനസിനെ ഷബ്നമിന്റെ ആലാപനവും ശബ്ദവും സ്വാധീനിച്ചു. ഉടന്‍ തന്നെ ഷബ്നമിനോട് എ.വി.എം സ്റ്റുഡിയോയിലെത്താന്‍ ആവശ്യപ്പെട്ട് ഫോണ്‍ വന്നു. തെല്ലൊരമ്പരപ്പോടെ മദ്രാസ് എ.വി.എം സ്റ്റുഡിയോയിലെത്തിയ ഷബ്നമിനെ കാത്ത് സുപ്രസിദ്ധ സംഗീത സംവിധായകന്‍ വിദ്യാസാഗര്‍ ഇരിപ്പുണ്ടായിരുന്നു. തന്റെ ആദ്യ മലയാള ഗാനത്തിനായുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം. ഒരു ലളിതഗാനം പാടാനായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. ‘ആരോഹണം അവരോഹണം’ എന്നു തുടങ്ങുന്ന ലളിതഗാനമാണ് ഷബ്നം പാടിയത്. പല്ലവി പാടിത്തീര്‍ന്ന ഉടനെ വിദ്യാജി പാട്ടു നിര്‍ത്താനാവശ്യപ്പെട്ടു. ‘അടുത്ത ചിത്രയാണിത്, ആളെ കാണുന്നതു പോലെയല്ല, പക്വതയാര്‍ന്ന ശബ്ദമാണ്’ എന്നായിരുന്നു വിദ്യാസാഗറിന്റെ ആദ്യ പ്രതികരണം. ‘വെണ്ണിലാ ചന്ദനക്കിണ്ണം’ എന്ന മനോഹര ഗാനവും പാടിയാണ് ഷബ്നം അവിടെ നിന്ന് മടങ്ങുന്നത്. ആദ്യ ഗാനം തന്നെ യേശുദാസിനൊപ്പം എന്നത് സ്വപ്ന തുല്യമായിരുന്നു ഷബ്നമിന്. ആ സന്തോഷം നല്‍കിയ ഊര്‍ജം പിന്നീടുള്ള സംഗീത യാത്രയില്‍ അവര്‍ക്ക് മുതല്‍ക്കൂട്ടായി. ചില ആഘോഷ പരിപാടികളില്‍ പ്രാര്‍ഥനാ ഗാനങ്ങള്‍ ആലപിക്കാനും മറ്റുമായി ഷബ്‌നമിനെ ക്ഷണിക്കാറുണ്ടായിരുന്നു. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് പ്രസിദ്ധ സംഗീതജ്ഞ ഓമനക്കുട്ടി ടീച്ചറെ കണ്ടുമുട്ടുന്നത്. ആ ബന്ധം പിന്നീട് അവരുടെ കീഴില്‍ സംഗീതമഭ്യസിക്കാന്‍ പ്രേരണയായി.
‘വെണ്ണിലാ ചന്ദനക്കിണ്ണം’ എന്ന പാട്ട് ഹിറ്റായി മാറിയതോടെ സ്റ്റേജ് ഷോകളില്‍ ഷബ്നം ഒരു സ്ഥിരസാന്നിധ്യമായി. ഓരോ വേദികളും അവര്‍ക്ക് സന്തോഷകരമായ ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ജനങ്ങളുടെ സ്നേഹവും പരിഗണനയും ഇക്കാലത്ത് വേണ്ടുവോളമനുഭവിക്കാന്‍ അവര്‍ക്ക് സാധിച്ചു. സിനിമയില്‍ ഒരുമിച്ച് പാടിയിരുന്നെങ്കിലും ദാസേട്ടനെ നേരിട്ട് കാണാന്‍ സാധിച്ചത് അത്തരമൊരു ഷോയ്ക്കിടയിലാണ്. ഇരുവരുമൊരുമിച്ച് ‘വെണ്ണിലാ ചന്ദനക്കിണ്ണം’ പാടിയാണ് അന്ന് പിരിഞ്ഞത്.


‘നിഴലുകള്‍’ എന്ന ഒരു സീരിയലിനു വേണ്ടിയും ഷബ്നം പാടുകയുണ്ടായി. ആ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാളികളുടെ വാനമ്പാടി ചിത്ര ഈ ഗാനം കേട്ട് അതിന്റെ മനോഹാരിതയില്‍ അലിഞ്ഞ് അതു താന്‍ പാടിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചതായി പറഞ്ഞിട്ടുണ്ട്. ആ ഗാനത്തിന് ദൃശ്യ, ക്രിട്ടിക്സ് അവാര്‍ഡുകള്‍ ലഭിക്കുകയുണ്ടായി. പിയാനോയില്‍ ലണ്ടന്‍ ട്രിനിറ്റിയുടെ അംഗീകാരവും ഇതിനിടയില്‍ ശബ്‌നം കരഗതമാക്കിയിട്ടുണ്ട്.
സംഗീതത്തില്‍ ബിരുദ പഠനം നടത്തിക്കൊണ്ടിരിക്കെയാണ് വിവാഹം. ‘ആകാശഗംഗ’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ റിയാസാണ് വരന്‍. ഒരു ഷോയ്ക്കിടെ ഷബ്നമിനെ കണ്ട് ഇഷ്ടപ്പെട്ടാണ് റിയാസ് വിവാഹാലോചനയുമായെത്തുന്നത്.
കുടുംബത്തോടൊപ്പം മുന്നോട്ടു പോകാനായിരുന്നു പിന്നീട് ഷബ്നം താല്പര്യപ്പെട്ടത്. പ്രൊഫഷണല്‍ സംഗീത രംഗത്തു നിന്നും നീണ്ട ഇടവേളയെടുത്ത് കുടുംബത്തോടൊപ്പം ഷബ്നം ചിലവഴിച്ചു. ഇതിനിടയില്‍ അവസരങ്ങളുമായി നിരവധിപേര്‍ തേടിയെത്തിയിരുന്നെങ്കിലും ഷബ്നം അവയെല്ലാം വേണ്ടെന്നുവെക്കുകയായിരുന്നു.
പാടാതിരിക്കാന്‍ മാത്രം എന്താണിത്ര വലിയ പ്രശ്നം എന്ന ചോദ്യങ്ങള്‍ അവര്‍ക്കു ചുറ്റും വലയം ചെയ്തു തുടങ്ങിയതോടെയാണ് ‘മൈലാഞ്ചി മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ’യില്‍ വിധികര്‍ത്താവിന്റെ റോളില്‍ ഷബ്നം പ്രത്യക്ഷപ്പെടുന്നത്. മനോരമ മ്യൂസിക്സിനു വേണ്ടി നിരവധി ഗാനങ്ങളും ശബ്‌നം ആലപിച്ചു.
കുടുംബകാര്യങ്ങള്‍ക്കിടയില്‍ നിലച്ചു പോയ പഠനത്തെ വീണ്ടും സജീവമാക്കാനുള്ള ആലോചനകള്‍ പുനര്‍ജനിക്കുന്നത് ഇക്കാലത്താണ്. അങ്ങനെയാണ് ഷബ്നം എം.എ മ്യൂസിക് ചെയ്യണമെന്ന തീരുമാനത്തിലേക്കെത്തുന്നത്. ഏതാണ്ട് ഇക്കാലയളവില്‍ തന്നെയാണ് സൂഫി സംഗീതത്തോട് ചേര്‍ന്ന് സഞ്ചരിക്കാന്‍ ഷബ്നം തീരുമാനിക്കുന്നത്. ഒരു സംഗീത ശാഖ എന്നതിലുമപ്പുറം അതിലെ ആത്മീയാംശം കൂടി പുണരുകയായിരുന്നു ഷബ്നം. ഷബ്നമിന്റെ ഉമ്മൂമ്മയുടെ ഉപ്പൂപ്പ വാവാശാന്‍ ഭാഗവതര്‍ സ്വാതി തിരുനാളിന്റെ സദസില്‍ ഖവാലി അവതരിപ്പിക്കുകയും സമ്മാനങ്ങള്‍ വാങ്ങുകയുമുണ്ടായിട്ടുണ്ട്. ഈ പാരമ്പര്യവും ഒരു പക്ഷെ ഷബ്നമിനെ സൂഫി സംഗീതത്തോട് കൂടുതല്‍ അടുപ്പിക്കുന്നതിന് കാരണമായിട്ടുണ്ടാവാം. സംഗീതത്തില്‍ അവര്‍ കൂടുതല്‍ പഠനത്തിനു തയ്യാറായി. നുസ്‌റത് ഫതേഹ് അലി ഖാനെ പോലെയുള്ള സംഗീതജ്ഞരുടെ ഖവാലികള്‍ ഈ പഠനത്തിന് കൈത്താങ്ങാവുകയും ഒടുവില്‍ ടഡഎക ങഡടകഇ: ടഠഞഡഇഠഡഞഋ അചഉ ങഅചകഎഋടഠഅഠകഛചട എന്ന ഒരു പുസ്തകം ഷബ്നമിന്റെ തൂലികയാല്‍ പിറവി കൊള്ളുകയും ചെയ്തു. ഭാരതീയ സംഗീതത്തിലെ വിപ്ലവ ചിന്തകളുള്ള സംഗീതജ്ഞന്‍ ടി എം കൃഷ്ണയായിരുന്നു ആ പുസ്തകത്തിന്റെ പ്രകാശനം നടത്തിയത്.
പുസ്തകം പുറത്തിറങ്ങിയതോടെ ഷബ്നമിനെത്തേടി നിരവധി ഖവാലി കണ്‍സര്‍ട്ടുകള്‍ എത്തി. ആ സന്ദര്‍ഭത്തിലാണ് എന്തുകൊണ്ട് തനിക്ക് ഒരു ബാന്റുണ്ടാക്കിക്കൂടാ എന്ന് ഷബ്‌നം ചിന്തിക്കുന്നത്. ആ ചിന്ത ‘ലയാലി സൂഫിയ’ എന്ന ബാന്റിന്റെ പിറവിയിലേക്കാണ് നയിച്ചത്. ഒരേ ഖവാലി ഓരോ വേദിയിലും വ്യത്യസ്തമായ അനുഭവങ്ങളാണുണ്ടാക്കുക. ഇംപ്രൊവൈസേഷനുള്ള അപാരമായ സാധ്യതകളാണ് ഈ അനുഭവങ്ങളുടെ സൃഷ്ടിപ്പിനു പിന്നില്‍. ആ സംഗീതത്തോട് ചേര്‍ന്നു കഴിയുമ്പോള്‍ സ്രഷ്ടാവില്‍ നിന്നു വന്നുചേരുന്ന ഒരു ഊര്‍ജമുണ്ട്, ആ ഊര്‍ജം പാടുന്നവരുടെയുള്ളില്‍ നിറയുമ്പോള്‍ അത്ഭുതങ്ങള്‍ സംഭവിക്കും. പലപ്പോഴും സ്രഷ്ടാവിന്റെ സ്നേഹം ഖവാലി വേദികളില്‍ അത്തരത്തില്‍ ഷബ്നം അനുഭവിച്ചിട്ടുണ്ട്.


ഖവാലി വേദികളില്‍ നിറയുമ്പോഴും പാട്ടിന്റെ പുതിയ പൊരുളുകള്‍ തേടിയുള്ള യാത്രയിലാണ് ഷബ്നം. തന്റേതായ സംഗീതത്തില്‍ പുതിയ ഖവാലികള്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഷബ്നം ഇപ്പോള്‍.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Culture

കാന്താര 400 കോടി ക്ലബില്‍

സെപ്റ്റംബര്‍ 30നാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്.

Published

on

ഇന്ത്യന്‍ സിനിമയില്‍ ആകെ തരംഗമായ കന്നട ചിത്രം കാന്താര 400 കോടി ക്ലബ്ബില്‍. 400.09 കൂടിയാണ് കാന്താരിയുടെ കളക്ഷന്‍.ട്രേഡ് അനലിസ്റ്റ് ആയ തരന്‍ ആദര്‍ശാണ് ഇക്കാര്യം ഫീറ്റ് ചെയ്തത്.

സെപ്റ്റംബര്‍ 30നാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്. ചിത്രം വന്‍ വിജയമായതോടെ മറ്റു ഭാഷകളിലേക്കും ഡബ്ബ് ചെയ്തു. ഇന്ന് ഇന്ത്യയില്‍ അഞ്ചോളം ഭാഷകളില്‍ ചിത്രം ലഭ്യമാണ്.

ആര്‍ ആര്‍ ആര്‍, കെജിഎഫ് ചാപ്റ്റര്‍ ടു, പൊന്നിയന്‍ സെല്‍വന്‍1, ബ്രഹ്മാസ്ത്ര, വിക്രം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം 400 കോടി ക്ലബ്ബില്‍ എത്തുന്ന ആറാമത്തെ ഇന്ത്യന്‍ ചിത്രമാണിത്.ഋഷഭ് ഷെട്ടി കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ അദ്ദേഹം ത്‌ന്നെയാണ് അഭിനയിച്ചിരിക്കുന്നത്.

Continue Reading

Culture

ഗോവ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന് വര്‍ണാഭമായ തുടക്കം

79 രാജ്യങ്ങളില്‍നിന്നുള്ള 280 ചിത്രങ്ങള്‍ മേളയിലുണ്ടാകും.

Published

on

അമ്പത്തിമൂന്നാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന് തിരശീല ഉയര്‍ന്നു.

പ്രമുഖ താരങ്ങള്‍ പങ്കെടുത്തു. സില്‍ ഷെട്ടി ,അജയ് ദേവഗണ്‍, പങ്കജ് ത്രിപാഠി തുടങ്ങിയവര്‍ പങ്കെടുത്തു. ഗോവ ചലച്ചിത്രമേളയെ ലോകസിനിമാനിര്‍മാണ വേദിയാക്കി ഉയര്‍ത്തുമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ഡീറ്റര്‍ ബെര്‍ണര്‍ സംവിധാനം ചെയ്ത ഓസ്ട്രിയന്‍ ചിത്രം ‘ അല്‍മ ആന്റ് ഓസ്‌കര്‍ ‘ ആണ് ഉദ്ഘാടനചിത്രം.

79 രാജ്യങ്ങളില്‍നിന്നുള്ള 280 ചിത്രങ്ങള്‍ മേളയിലുണ്ടാകും. 28ന് മേള സമാപിക്കും. ഫ്രാന്‍സ് ആണ് കണ്‍ട്രി ഫോക്കസില്‍. ഇന്ത്യന്‍ പനോരമയില്‍ മഹേഷ് നാരായണന്റെ മലയാളത്തിലെ ‘അറിയിപ്പ്’ പ്രദര്‍ശിപ്പിക്കും.

Continue Reading

Art

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി 3 മുതല്‍ കോഴിക്കോട്ട് അരങ്ങ് കുറിക്കും

239 ഇനം കലാപരിപാടികള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും

Published

on

അറുപത്തിയൊന്നാമത് കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തീരുമാനമായി. കോഴിക്കോട് ജില്ലയിലാണ് ഇപ്രാവശ്യത്തെ സ്‌കൂള്‍ കലോത്സവം. ജനുവരി 3 മുതല്‍ 7 വരെയാണ് കലോത്സവം സംഘടിപ്പിക്കുന്നത്. 239 ഇനം കലാപരിപാടികളിലായി 14000 ത്തോളം വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്.

വെസ്റ്റ്ഹില്‍ വിക്രം മൈതാനിയാണ് കലോത്സവത്തിന്റെ പ്രധാന വേദി. ജില്ലയിലെ വിവിധ സ്‌കൂളുകളിലായി 24 ഓളം വേദികളാണ് ഒരുക്കുക. 239 ഇനം കലാപരിപാടികള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും. കൂടാതെ ദിശ ഹയര്‍ എജുക്കേഷന്‍ എക്‌സ്‌പോയും എക്‌സിബിഷനുകളും സംസ്‌കാരിക കലാ പരിപാടികളും ദൃശ്യവിസ്മയവും സംസ്ഥാന കലോത്സവത്തിന്റെ ഭാഗമായി നടക്കും.

Continue Reading

Trending