കണ്ണൂര്‍: തളിപ്പറമ്പിനടുത്ത് കീഴാറ്റൂരിലെ നെല്‍വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ വയല്‍കിളി കൂട്ടായ്മയുടെ പ്രതിഷേധം ശക്തം. ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി സമര പ്രവര്‍ത്തകര്‍.

നിര്‍ദ്ദിഷ്ട ബൈപ്പാസിനെതിരെ സ്ത്രീകളുള്‍പ്പെടെയുള്ള പ്രവര്‍ത്തകരാണ് രാവിലെ മുതല്‍ വയലില്‍ നിലയുറപ്പിച്ചിരിക്കുന്നത്. പൊലീസ് സന്നാഹത്തോടെ റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് അധികൃതര്‍ എത്തിയപ്പോള്‍ പ്രതിഷേധവുമായി വയല്‍കിളി സമര പ്രവര്‍ത്തകര്‍ വയലില്‍ നിലയുറപ്പിക്കുകയായിരുന്നു. പ്രദേശവാസികളായ നൂറോളം പേര്‍ ഇപ്പോഴും സ്ഥലത്തുണ്ട്. പൊലീസ് സ്ഥലത്തുണ്ടെങ്കിലും സമരക്കാര്‍ ഇതുവരെ സംസാരിക്കാന്‍ കൂട്ടാക്കിയിട്ടില്ല. സി.പി.എം നേതൃത്വത്തിന്റെ നിലപാട് തള്ളി സി.പി.എം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ സമര രംഗത്തുണ്ട്.

ദേശീയ പാത നാലുവരിയാക്കി വികസിപ്പിക്കുമ്പോള്‍ തളിപ്പറമ്പ് നഗരത്തില്‍ റോഡ് വീതികൂട്ടുന്നത് ഒഴിവാക്കാനാണ് കീഴാറ്റൂര്‍ വയല്‍ വഴി ബൈപ്പാസ് നിര്‍മ്മിക്കുന്നത്. വയല്‍ നികത്തുന്നതിനെതിരെ സി.പി.എം മുന്‍ പ്രാദേശിക നേതാവ് സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിലാണ് പാര്‍ട്ടി അംഗങ്ങളും അനുഭാവികളും ഉള്‍പ്പെടെ വയല്‍കിളി കൂട്ടായ്മ രൂപീകരിച്ച് സമരത്തിനിറങ്ങിയത്.

സമരം പാര്‍ട്ടി വിരുദ്ധമാണെന്നാണ് സി.പി.എം ജില്ലാ നേതൃത്വത്തിന്റെ നിലപാട്. നെല്‍വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ തങ്ങളുടെ പ്രതിഷേധം മുഖവിലക്കെടുക്കാത്ത പാര്‍ട്ടി നിലപാടിനും സ്ഥലം എം.എല്‍.എ ജയിംസ് മാത്യുവിന്റെ ധിക്കാരപരമായ സമീപനവുമാണ് വയല്‍കിളി കൂട്ടായ്മ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.
എന്ത് വിലകൊടുത്തും നെല്‍വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നത് തടയുമെന്നാണ് വയല്‍കിളി കൂട്ടായ്മയുടെ നിലപാട്. പ്രതിഷേധം വകവെക്കാതെ പ്രവൃത്തി നടത്താനുള്ള അധികൃത നീക്കമാണ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുന്നതിലേക്കെത്തിയത്. സമീപത്തെ വൈക്കോല്‍ കൂനയ്ക്ക് തീയിട്ടാണ് പ്രതിഷേധത്തിന്റെ കനലൊലി തീര്‍ത്തിരിക്കുന്നത്.