കെയ്‌റോ: ഈജിപ്തിലെ ഉത്തര സിനായ് പ്രവിശ്യയില്‍ പള്ളിക്കു നേരെ ഭീകരാക്രമണം. 235 പേര്‍ കൊല്ലപ്പെട്ടു. 120 പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് വിവരം. അല്‍ ആരിഷിനു സമീപം അല്‍ റൗദ വില്ലേജില്‍ വെള്ളിയാഴ്ച ജുമുഅ നസ്‌കാരം കഴിഞ്ഞ് വിശ്വാസികള്‍ പള്ളിയില്‍നിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ബോംബ് സ്‌ഫോടനത്തിലൂടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വിശ്വാസികള്‍ക്കു നേരെ അക്രമികള്‍ വിവേചന രഹിതമായി വെടിയുതിര്‍ക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചവരെ പിടിച്ചു നിര്‍ത്തി വെടിവെച്ചു കൊന്നതായും റിപ്പോര്‍ട്ടുണ്ട്.

പള്ളിക്കു സമീപം നേരത്തെ തന്നെ സ്ഥാപിച്ചിരുന്ന സ്‌ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്ന് കരുതുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിനായ് മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഈജിപ്ഷ്യന്‍ പ്രസിഡണ്ട് അബ്ദുല്‍ ഫതഹ് അല്‍സിസി അറിയിച്ചു. ഭീകരതയുടേയും ഭീകരവാദികളുടെയും ശ്മശാന ഭൂമിയായി ഇവിടം മാറുമെന്നും അല്‍സിസി പറഞ്ഞു.

Egypt Attack

സ്‌ഫോടനത്തിനു പിന്നാലെ ആരിഷ് – റഫ റോഡ് അടച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രാഈല്‍ ഉപരോധത്തില്‍ ഒറ്റപ്പെട്ട ഫലസ്തീനിയന്‍ നഗരമായ ഗസ്സയിലേക്ക് കരമാര്‍ഗം എത്താനുള്ള പ്രധാന പാതയാണ് ആരിഷ് – റഫ റോഡ്. ഇസ്രാഈലിന്റെ എതിര്‍പ്പ് മറികടന്ന് അടുത്തിടെ മൂന്ന് ദിവസത്തേക്ക് ഈ പാത ഈജിപ്ത് തുറന്നു നല്‍കിയിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് ഭീകരാക്രമണമുണ്ടായത്.

സായുധ സംഘങ്ങള്‍ക്ക് സ്വാധീനമുള്ള സിനായ് പ്രവിശ്യയില്‍ ഭീകരാക്രമണങ്ങള്‍ നേരത്തെ തുടര്‍ക്കഥയായിരുന്നെങ്കിലും 2013ല്‍ മുഹമ്മദ് മുര്‍സിയുടെ നേതൃത്വത്തിലുള്ള മുസ്്‌ലിം ബ്രദര്‍ഹുഡ് സര്‍ക്കാറിനെ പുറത്താക്കി സൈന്യം നിയന്ത്രണം ഏറ്റെടുത്ത ശേഷം ഇതില്‍ അയവു വന്നിരുന്നു.

2014ലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 31 സൈനികര്‍ കൊല്ലപ്പെട്ടതാണ് ഇതിനു മുമ്പ് സിനായ് മേഖലയിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണം.നാല്‍പ്പത് തോക്കുധാരികള്‍ തങ്ങള്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പള്ളിക്കു പുറത്ത് ജീപ്പുകളില്‍ തോക്കുകളുറപ്പിച്ച് ഇവര്‍ നിലയുറപ്പിച്ചിരുന്നതായും അവര്‍ വെളിപ്പെടുത്തി. വിവിധ ദിശകളില്‍ നിന്ന് വെടിയുതിര്‍ത്തതു കൊണ്ടാണ് ഇത്രയും ഇത്രയും പേര്‍ കൊല്ലപ്പെടാനുള്ള കാരണം.

ആക്രമണത്തിന് പിന്നാലെ ഈജ്പ്ത് പ്രസിഡണ്ട് അബ്ദുല്‍ ഫത്താഹ് അല്‍ സിസി അടിയന്തര ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ആഭ്യന്തര മന്ത്രി, രഹസ്യാന്വേഷണ വിഭാഗം മേധാവി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ആക്രമണത്തെ ലോകരാഷ്ട്രങ്ങള്‍ അപലപിച്ചു. ഭീരുത്വം നിറഞ്ഞ ആക്രമമാണ് ഇതെന്ന് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ലോകം ഭീകരതയെ സഹിക്കില്ല. സൈനിമായി തന്നെ അവരെ തോല്‍പ്പിക്കും-ട്വിറ്ററില്‍ അദ്ദേഹം കുറിച്ചു. ഭീരുത്വവും തിന്മയും നിറഞ്ഞ ആക്രമാണിതെന്ന് യു.കെ പ്രധാനമന്ത്രി തെരേസ മെയ് പ്രതികിച്ചു. ഇസ്രയേല്‍, അഫ്ഗാനിസ്താന്‍,പാകിസ്താന്‍, തുടങ്ങിയ രാഷ്ട്രങ്ങളും ആക്രമണത്തെ അപലപിച്ചു.