തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് കുട്ടികള്‍ക്കിടയിലെ ആത്മഹത്യ കുത്തനെ ഉയര്‍ന്നതായി കണക്കുകള്‍. 158 കുട്ടികളാണ് കേരളത്തില്‍ ലോക്ക്ഡൗണിനിടെ മാത്രം ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ ഏഴ് മാസക്കാലത്തെ കണക്കുകളാണ് പൊലീസ് പുറത്ത് വിട്ടത്. 10 നും 18 വയസിനുമിടയിലുള്ളവരുടെ കണക്കാണിത്. പാലക്കാട് ജില്ലയില്‍ മാത്രം 23 കുട്ടികള്‍ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം റൂറലില്‍ 20 പേര്‍ ആത്മഹത്യ ചെയ്തു. നിസാര പ്രശ്‌നങ്ങള്‍ വരെ കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചുവെന്ന് പൊലീസ് വിലയിരുത്തുന്നു. മാര്‍ച്ച് 25 വരെയുള്ള കണക്കില്‍ 18 വയസില്‍ താഴെയുള്ള 66 കുട്ടികളാണ് സ്വയം ജീവന്‍ വെടിഞ്ഞത്.

ആത്മഹത്യ കൂടുതലും നടന്നിട്ടുള്ളത് അവരവരുടെ വീടുകളില്‍ തന്നെയാണ്. മറ്റുള്ളവരുമായി ഇടപഴകാന്‍ സാധിക്കാതെ ദിവസത്തില്‍ ഭൂരിഭാഗം സമയവും വീടിനുള്ളില്‍ കഴിയേണ്ടി വരുന്നത് ആത്മഹത്യയ്ക്ക് ഒരുകാരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അണുകുടുംബങ്ങളിലെ കുട്ടികളാണ് ആത്മഹത്യചെയ്തതില്‍ അധികവും. 132 പേരാണ് ഇത്തരത്തില്‍ ആത്മഹത്യ ചെയ്തിട്ടുള്ളത്.