ന്യൂഡല്‍ഹി: സുനന്ദ പുഷ്‌ക്കറിന്റെ മരണത്തില്‍ ശശിതരൂരിനെ പ്രതിയാക്കി ഡല്‍ഹി പൊലീസ്. സുനന്ദയുടെ മരണം ആത്മഹത്യയാണെന്നും പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു.
ഡല്‍ഹി പട്യാല കോടതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡന കുറ്റങ്ങള്‍ എന്നിവ ശശിതരൂരിനെതിരെ ചുമത്തിയിട്ടുണ്ട്. തരൂരിനെതിരെ ജാമ്യമില്ലാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ 2014 ജനുവരി 17നാണ് സുനന്ദ പുഷ്‌ക്കറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്ന് മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. സുനന്ദയുടെ മുറിയില്‍ നിന്നും ഉറക്കഗുളികകളും കണ്ടെടുത്തിരുന്നു. മരണകാരണമല്ലെങ്കിലും സുനന്ദ പുഷ്‌ക്കറിന്റെ ശരീരത്തില്‍ പരിക്കുകളുണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്നാണ് സുനന്ദയുടെ മരണത്തില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചത്.
സുനന്ദ പുഷ്‌ക്കറിന്റെ മരണം കൊലപാതകമാണെന്നും ശശിതരൂരിന് പങ്കുണ്ടെന്നും ആരോപിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയിരുന്നു. എന്നാല്‍ മരണം കൊലപാതകമല്ലെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേരുകയായിരുന്നു.
അതേസമയം, നിലവില്‍ ശശി തരൂരിന്റെ രാഷ്ട്രീയ പശ്ചാത്തലവും പൊതുസമൂഹത്തിലുള്ള സ്വാധീനവും മൂലം ഗാര്‍ഹിക പീഡനക്കുറ്റം ഉള്‍പ്പെടെയുള്ള ജാമ്യമില്ലാക്കുറ്റം നിലനില്‍ക്കില്ലെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.
Be the first to write a comment.