ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരിച്ചടിയായി സുപ്രീംകോടതിവിധി. മോദിയുടെ ജീവിതം പറയുന്ന സിനിമ െ്രെപംമിനിസ്റ്റര്‍ നരേന്ദ്ര മോദി തെരഞ്ഞെടുപ്പു കഴിയുന്നതു വരെ റിലീസ് ചെയ്യരുതെന്ന് സുപ്രിം കോടതി പറഞ്ഞു. സിനിമയുടെ റിലീസിന് തെരഞ്ഞെടുപ്പു കമ്മിഷന്‍ ഏര്‍പ്പെടുത്തിയ വിലക്കു ശരിവച്ചുകൊണ്ടാണ് സുപ്രിം കോടതി നടപടി.

സിനിമ റിലീസ് ചെയ്യുന്നതു വിലക്കിയ തെരഞ്ഞടുപ്പു കമ്മിഷന്‍ നടപടിയെ ചോദ്യം ചെയ്ത് നിര്‍മാതാക്കളാണ് സുപ്രിം കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പു കമ്മിഷന്റെ നടപടിയില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. വോട്ടെടുപ്പിന് ഇടയില്‍ സിനിമ റിലീസ് ചെയ്യുകയാണെങ്കില്‍ അത് ബിജെപിക്കു ഗുണം ചെയ്യുമെന്നു ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പു കമ്മിഷന്‍ സുപ്രിം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചിത്രം റിലീസ് ചെയ്യുന്നത് പെരുമാറ്റച്ചട്ടത്തിന് എതിരാണെന്നും ഇലക്ഷന്‍ കമ്മീഷന്‍ പറയുന്നു.

ചിത്രത്തില്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്രോയാണ് നായകനായി എത്തുന്നത്. മോദിയുടെ പ്രധാനമന്ത്രിയാകുന്നതു വരെയുള്ള ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്.