ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായി സുപ്രീംകോടതി വിധി. സി.ബി.ഐയിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ അന്വേഷിക്കമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. 10 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. സിറ്റിംഗ് ജഡ്ജിയുടെ മേല്‍നോട്ടത്തിലായിരിക്കണം അന്വേഷണം പൂര്‍ത്തിയാക്കേണ്ടതെന്നും സുപ്രീം കോടതി അറിയിച്ചു. സി.ബി.ഐ.ഡയറക്ടറെ നീക്കിയതിനെതിരേയുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.

സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് അലോക് വര്‍മ ഫയല്‍ ചെയ്ത ഹര്‍ജിയും അഴിമതിയാരോപണം അന്വേഷിക്കാന്‍ പ്രത്യേകാന്വേഷണസംഘത്തെ (എസ്.ഐ.ടി.) നിയോഗിക്കണമെന്ന കോമണ്‍ കോസ് എന്ന സംഘടനയുടെ പൊതുതാത്പര്യ ഹര്‍ജിയുമാണ് സുപ്രീം കോടതി പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേട്ടത്.

പരസ്പരം അഴിമതി ആരോപിച്ച് സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെയും സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെയും കഴിഞ്ഞ ദിവസമാണ് പുറത്താക്കിയത്.