ന്യൂഡല്‍ഹി: സുദര്‍ശന്‍ ന്യൂസ് ടിവിയുടെ യുപിഎസ്‌സി ജിഹാദ് ഷോയ്‌ക്കെതിരെ ശക്തമായ നിലപാടു സ്വീകരിച്ച് സുപ്രിം കോടതി. വളരെ ശ്രദ്ധേയമായ നിരീക്ഷണങ്ങളാണ് ജസ്റ്റിസ് ചന്ദ്രചൂഢ്, ജസ്റ്റിസ് കെഎം ജോസഫ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവര്‍ അടങ്ങുന്ന ബഞ്ച് നടത്തിയത്. ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യം വയ്ക്കുന്ന പരിപാടിക്ക് അനുമതി നല്‍കാനാകില്ലെന്നും പരമോന്നത കോടതി വ്യക്തമാക്കി.

ബിന്ദാസ് ബോല്‍ എന്ന പരിപാടിക്കാണ് കോടതി താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തിയത്. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ ഷോ വേണ്ടെന്നാണ് കോടതി ഉത്തരവ്. ഷോയില്‍ പ്രഥമദൃശ്യാ മുസ്‌ലിംകളെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. മുസ്‌ലിംകള്‍ക്ക് യുപിഎസ്‌സി പരീക്ഷകളില്‍ പങ്കെടുക്കാനുള്ള പ്രായ പരിധിയെ കുറിച്ചും തവണകളെ കുറിച്ചും വസ്തുതാപരമായ പിശകുകളും ഷോയിലുണ്ടെന്ന് കോടതി വ്യക്തമാക്കി.

കേസില്‍ കോടതി നടത്തിയ ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ ഇങ്ങനെയാണ്;

* ഭരണഘടനാ അവകാശങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും കീഴിലുള്ള ഒരു ജനാധിപത്യ ഭരണഘടനാ സംവിധാനത്തില്‍ സമുദായങ്ങളുടെ സഹജീവിതമാണ് ആണിക്കല്ല്. സംസ്‌കാരങ്ങളുടെയും മൂല്യങ്ങളുടെയും നാഗരികതയുടെയും ഉരുകിയൊലിക്കുന്ന പാത്രമാണ് ഇന്ത്യ. ഒരു സമുദായത്തെ അധിക്ഷേപിക്കാനുള്ള ഏതൊരു ശ്രമവും ഭരണഘടനയുടെ സംരക്ഷകരായ ഈ കോടതി അങ്ങേയറ്റത്തെ നീരസത്തോടെയാണ് കാണുന്നത്.

* ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമല്ല. സിവില്‍ സര്‍വീസിലേക്ക് നുഴഞ്ഞു കയറാനുള്ള ഗൂഢാലോചനയില്‍ ജാമിഅ വിദ്യാര്‍ത്ഥികള്‍ ഭാഗമാകുന്നു എന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. ഒരു സമുദായത്തെ ലക്ഷ്യം വയ്ക്കാനോ പ്രത്യേക രീതിയില്‍ ബ്രാന്‍ഡ് ചെയ്യാനോ ആകില്ല. ഇത് ഒരു സമുദായത്തെ ഗൂഢമായ രീതിയില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ്.

* രാജ്യത്തിന്റെ സുപ്രിംകോടതി എന്ന നിലയില്‍ സിവില്‍ സര്‍വീസിലേക്ക് മുസ്‌ലിംകള്‍ നുഴഞ്ഞു കയറുന്നു എന്നു പറയാന്‍ ഞങ്ങള്‍ നിങ്ങളെ അനുവദിക്കില്ല. മാധ്യമപ്രവര്‍ത്തകന് ഇങ്ങനെ ചെയ്യാന്‍ സമ്പൂര്‍ണ സ്വാതന്ത്യം ഉണ്ട് എന്നും പറയാന്‍ കഴിയില്ല.

* ഈ പരിപാടി അധിക്ഷേപകരമാണ്. പ്രത്യേക സമുദായത്തില്‍പ്പെട്ടവര്‍ ഒരേ പരീക്ഷയെഴുതി ഒരു ഇന്റര്‍വ്യൂ പാനലിലൂടെയാണ് കടന്നു പോകുന്നത്. ഇക്കാര്യത്തെ എങ്ങനെ കാണുന്നു. സിവില്‍ സര്‍വീസ് ആഗ്രഹിക്കുന്ന ഒരു സമുദായത്തെ ലക്ഷ്യം വയ്ക്കുകയോ?

* ഒരു സ്വാതന്ത്ര്യവും സമ്പൂര്‍ണമല്ല. മാധ്യമസ്വാതന്ത്ര്യം പോലും.