ന്യൂഡല്‍ഹി: സംസ്ഥാനത്തെ നാല് സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സുപ്രീം കോടതി സ്‌റ്റേ ചെയ്തു. തൊടുപുഴ അല്‍ അസ്ഹര്‍, വയനാട് ഡി.എം, പാലക്കാട് പി.കെ ദാസ്, വര്‍ക്കല എസ്.ആര്‍ എന്നീ മെഡിക്കല്‍ കോളേജുകളിലെ പ്രവേശന നടപടികളാണ് സ്റ്റേ ചെയ്തത്. മെഡിക്കല്‍ കൗണ്‍സിലിന്റെ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

പ്രവേശനാനുമതി നല്‍കിയ ഹൈക്കോടതി നടപടി അംഗീകരിക്കാനാവില്ലെന്ന് വിധിയില്‍ കോടതി വ്യക്തമാക്കി. പ്രവേശനം നേടുന്നവര്‍ക്ക് പുറത്തുപോകേണ്ട സാഹചര്യം ഉണ്ടാകുമെന്ന് മുന്നറിയിപ്പും നല്‍കി. ഈ വര്‍ഷത്തെ പ്രവേശനത്തില്‍ നാല് കോളേജുകള്‍ മാനദണ്ഡങ്ങളൊന്നും പാലിച്ചില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി പ്രവേശന നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്.

നാല് മെഡിക്കല്‍ കോളേജുകളിലുമായി 550 സീറ്റുകളാണ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നടത്തിയ മോപ് അപ് കൗണ്‍സിലിങ്ങില്‍ ഭൂരിഭാഗം സീറ്റുകളിലേക്കും പ്രവേശനം പൂര്‍ത്തിയായിരുന്നു. ഇത്തരത്തില്‍ പ്രവേശനം നേടിയ മുഴുവന്‍ വിദ്യാര്‍ഥികളുടേയും പ്രവേശം അസാധുവാക്കുന്നതാണ് കോടതിയുടെ ഉത്തരവ്.