തിരുവനന്തപുരം: സംസ്ഥാന-ദേശീയ പാതകളില്‍ മദ്യവില്‍പ്പന ശാലകള്‍ നിരോധിച്ച സുപ്രീം കോടതി വിധി പ്രകാരം സംസ്ഥാനത്തെ ഭൂരിഭാഗം മദ്യശാലകളും അടച്ചുപൂട്ടേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. വിധിപ്രകാരം ഏപ്രില്‍ ഒന്നുമുതലാണ് സംസ്ഥാനത്തെ പാതയോരത്തെ ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും അടയ്‌ക്കേണ്ടത്. വിധിയെ തുടര്‍ന്നു സംസ്ഥാനത്തെ ദേശീയപാതയോരത്തെ പകുതിയോളം മദ്യശാലകളും പൂട്ടേണ്ടിവരുമെന്ന് നിയമ സെക്രട്ടറി ഉപദേശം നല്‍കി.

ബിവറേജസ് ഔട്ട്‌ലെറ്റുകളടക്കം സംസ്ഥാനത്തെ ഭൂരിഭാഗം ബിയര്‍, വൈന്‍ പാര്‍ലറുകളും ദേശീയ, സംസ്ഥാന പാതയോരത്താണ് നിലനില്‍ക്കുന്നത്. ദേശീയ-സംസ്ഥാന പാതയോരത്തെ ബാറുകള്‍ പൂട്ടണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയാല്‍ സംസ്ഥാനത്തെ 204 ബാറുകള്‍ പൂട്ടേണ്ടി വരുമെന്നാണ് എക്‌സൈസ് വകുപ്പിന്റെ പ്രാഥമിക കണക്ക്. കൊച്ചിയിലെ അഞ്ച് പഞ്ചനക്ഷത്ര ബാറുകളും സുപ്രീം കോടതി വിധി പ്രകാരം അടയ്‌ക്കേണ്ടതായി വരും. എന്നാല്‍ റോഡ് ഡിവിഷന്‍ എഞ്ചിനീയര്‍മാരില്‍ നിന്നും കൃത്യമായി വിവരം ശേഖരിച്ചശേഷം മാത്രമേ അന്തിമ പട്ടിക പുറത്തുവിടുകയുള്ളവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന് വന്‍ വരുമാന നഷ്ടമുണ്ടാക്കി വയ്ക്കുന്നതാണ് സുപ്രീം കോടതി വിധിയെന്നും അതേ സമയം, ഉത്തരവ് നടപ്പാക്കിയാല്‍ പൂട്ടേണ്ട ബാറുകളുടെ ലൈസന്‍സ് മറ്റൊരു സ്ഥലത്തേക്ക് മാറ്റാനാകുമെന്നും നിയമ സെക്രട്ടറി ഉപദേശത്തില്‍ പറഞ്ഞു. അബ്കാരി നിയമമനുസരിച്ച് മാനദണ്ഡങ്ങള്‍ പരിശോധിച്ചാവും ലൈസന്‍സുകള്‍ മാറ്റുക.

ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ നിന്ന് കുറഞ്ഞത് 500 മീറ്റര്‍ അകലെയായിരിക്കണം മദ്യശാലകള്‍ വേണ്ടതെന്നാണ് സുപ്രീം കോടതി ഉത്തരവ്്. അതിനാല്‍ സംസ്ഥാനത്തെ പകുതിയോളം ബിയര്‍, ബിയര്‍- വൈന്‍ പാര്‍ലറുകളും ബാറുകളും പൂട്ടേണ്ടതായി വരും. നേരത്തെ കോടതി ഉത്തരവ് വന്നത് സര്‍ക്കാര്‍ ഗൗരവത്തിലെടുത്തിരുന്നില്ല. വിധി ബിവറേജസ് ഔട്ട്ലെറ്റുകളെ മാത്രമേ ബാധിക്കു എന്നായിരുന്നു സര്‍ക്കാര്‍ കരുതിയിരുന്നത്. എന്നാല്‍ വിധി ബിയര്‍, വൈന്‍ പാര്‍ലറുകളേയും ബാധിക്കുന്നതാണെന്ന വാദവും ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്.

നടപടി സംസ്ഥാനത്തിന്റെ നികുതി വരുമാനത്തെ കാര്യമായി ബാധിക്കും, പ്രതിസന്ധി മറികടക്കാന്‍ വിധിക്കെതിരെ റിവിഷന്‍ പെറ്റീഷനുമായി സുപ്രീം കോടതിയെ സമീപിക്കുകയെ സംസ്ഥാനത്തിന് മുന്നില്‍ ഇനി മാര്‍ഗമുള്ളുവെന്നും അല്ലെങ്കില്‍ അടുത്ത ഏപ്രില്‍ ഒന്നുമുതല്‍ ഇവ അടച്ചിടേണ്ടതായി വരുമെന്നും ഉപദേശത്തില്‍ പറയുന്നു. സര്‍ക്കാരിന്റെ കീഴിലുള്ള ബിവറേജസ് ഔട്ട്ലെറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് വലിയ പണച്ചെലവുള്ള കാര്യമല്ല. എന്നാല്‍ കോടതി വിധി കാര്യമായി ബാധിക്കുന്നത് പഞ്ചനക്ഷത്ര ബാറുകള്‍, ബിയര്‍- വൈന്‍ പാര്‍ലറുകള്‍ എന്നിവയെയാണ്. കാരണം ഇവയെല്ലാം മാറ്റി സ്ഥാപിക്കുക എന്നത് പ്രായോഗികമായി സാധിക്കുന്ന കാര്യമല്ല. വന്‍തോതില്‍ നിക്ഷേപം നടത്തിയാണ് പല ബാറുകളും പാര്‍ലറുകളും സ്ഥാപിച്ചിരിക്കുന്നത്.

നിയമ സെക്രട്ടറിയുടെ ഉപദേശം സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച ചെയ്യും. ഈ റിപ്പോര്‍ട്ട് പരിശോധിച്ചാകും സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുക. മാര്‍ച്ച് 30നകം സര്‍ക്കാരിന് ഉത്തരവ് നടപ്പാക്കേണ്ടിവരും. അതിന് മുമ്പ് രൂപരേഖ തയ്യറാക്കാന്‍ ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.