കൊച്ചി: അനധികൃത ഇടപാടുകളില്‍ ഉള്‍പെട്ട പ്രമുഖരുടെ പേരുകള്‍ പറഞ്ഞാല്‍ അതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരുമെന്ന് സ്വപ്‌ന സുരേഷിന് ജയിലില്‍ ഭീഷണി. കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ സ്വപ്‌നയാണ് ഇക്കാര്യം പറഞ്ഞത്. തന്റെ കുടുംബാംഗങ്ങള്‍ക്കും ഭീഷണിയുണ്ട്. പ്രമുഖരുടെ പേരുകള്‍ പുറത്തുപറയാതിരിക്കാന്‍ തനിക്ക് ജയിലില്‍ വലിയ തരത്തിലുള്ള സമ്മര്‍ദമുണ്ടെന്നും സ്വപ്‌ന പറഞ്ഞു.

കസ്റ്റഡി കാലാവധി കഴിഞ്ഞ് ജയിലിലെത്തിയപ്പോള്‍ പല ഉന്നതരുടെയും പേരുകള്‍ സ്വപ്ന വെളിപ്പെടുത്തിയത് അധികൃതര്‍ക്ക് ബോധ്യപ്പെട്ടിരുന്നു. ഇതോടെ സ്വപ്നയെ കസ്റ്റംസ് ഉദ്യോഗസ്ഥരുമായി സംവദിക്കുന്നതില്‍നിന്നു വിലക്കി. ഇതു സംബന്ധിച്ച അട്ടക്കുളങ്ങര ജയില്‍ അധികൃതര്‍ക്ക് കത്തു നല്‍കിയെങ്കിലും സ്വപ്നയുമായി സംവദിക്കുന്നത് അനുവദിക്കേണ്ടെന്ന് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നായിരുന്നു രേഖാമൂലമുള്ള മറുപടി.