പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അസദുദ്ദീന്‍ ഉവൈസിയുടെ സാന്നിധ്യം വിലകുറച്ചു കണ്ടത് വിനയായെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍. എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറാണ് ബിഹാറില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടത്. ഉവൈസിയുടെ സാന്നിധ്യം വില കുറച്ചു കണ്ടത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ്. സത്യം അംഗീകരിച്ചേ പറ്റൂ. കോണ്‍ഗ്രസിന്റെ പ്രകടനം ദുര്‍ബലമായെന്നും താരീഖ് അന്‍വര്‍ പറഞ്ഞു.
ഉവൈസിയുടെ സാന്നിധ്യം ബിജെപിക്ക് സഹായകരമായി എന്ന് നേരത്തെ രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ മഹാസഖ്യം ഉവൈസിയെ പരിഗണിക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യമാണ് അതിന് മറുപടിയായി ഉയര്‍ന്നത്. ഇത്തരത്തില്‍ മഹാസഖ്യം ഉവൈസിയെ അവഗണിച്ചതാണ് ബിഹാറില്‍ തിരിച്ചടിയായതെന്ന വിമര്‍ശനം അംഗീകരിക്കുന്നതാണ് താരീഖ് അന്‍വറിന്റെ പുതിയ പ്രസ്താവന.
ബിഹാറില്‍ ഉവൈസിയുടെ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ അഞ്ച് സീറ്റുകളാണ് നേടിയത്. ഉത്തര്‍പ്രദേശിലും ബംഗാളിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുമെന്ന് ഉവൈസി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Be the first to write a comment.