ഹൈദരാബാദ്: ബി.ജെ.പിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന സ്വപ്‌നം കാണുന്നതിനിടെ തെക്ക് ഇന്ത്യയില്‍ നിന്നും ബി.ജെ.പിക്ക് തിരിച്ചടി. ആന്ധ്രപ്രദേശ് ഭരിക്കുന്ന തെലുങ്ക് ദേശം പാര്‍ട്ടി (ടി.ഡി.പി) എന്‍.ഡി.എ വിട്ടതോടെ തെക്കേ ഇന്ത്യയില്‍ ബി.ജെ.പി സംപൂജ്യരാകും.

ഉത്തരേന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഭരണം കയ്യടിക്കിയപ്പോഴും ദക്ഷിണേന്ത്യയില്‍ വലിയ മുന്നേറ്റം കാഴ്ചവെക്കാന്‍ ബി.ജെ.പിക്കു കഴിഞ്ഞിരുന്നില്ല. മുമ്പ് കൈയിലുണ്ടായിരുന്ന കര്‍ണാടക കോണ്‍ഗ്രസ് തിരിച്ചുപിടിച്ചതോടെ സഖ്യകക്ഷിയായ ടി.ഡി.പി ഭരിക്കുന്ന ആന്ധ്രാപ്രദേശ് മാത്രമായിരുന്നു ദക്ഷിണേന്ത്യയിലെ ബി.ജെ.പിയുടെ ഏക ആശ്വാസം. എന്നാല്‍ ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാന്‍ കേന്ദ്രം തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് ടി.ഡി.പി മുന്നണി വിടുകയായിരുന്നു.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു മന്ത്രിസഭയില്‍ ബി.ജെ.പിക്ക് രണ്ടു മന്ത്രിമാരാണുള്ളത്. സഖ്യപിരിഞ്ഞതോടെ വരും ദിവസങ്ങളില്‍ ഈ മന്ത്രിമാര്‍ രാജിവെക്കേണ്ടിവരും. ഇതോടെ തെക്ക് ഇന്ത്യയില്‍ ബി.ജെ.പിക്ക് ഒരു സംസ്ഥാനത്തും അധികാരമുണ്ടാവില്ല. ടി.ഡി.പി എന്‍.ഡി.എ വിട്ടത് സംഭവം സോഷ്യല്‍ മീഡിയയില്‍ വന്‍ ആഘോഷമാക്കിയിരുക്കുയാണ് യുവാക്കള്‍. പ്രധാനമായും തെക്കേ ഇന്ത്യ ബി.ജെ.പി മുക്തമായി എന്നു പറഞ്ഞാണ് സോഷ്യല്‍ മീഡിയയുടെ ആഘോഷം.