കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്കിടെ കൂടാരം തകര്‍ന്ന് വീണ് 20 പേര്‍ക്ക് പരിക്കേറ്റു. മിഡ്‌നാപൂരില്‍ തിങ്കാളാഴ്ച രാവിലെയോടെയാണ് സംഭവം.

പ്രധാനമന്ത്രി സംസാരിച്ച് കൊണ്ടിരിക്കെയാണ് കൂടാരങ്ങളില്‍ ഒന്ന് തകര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകരുടെ ദേഹത്തേക്ക് വീണത്. തുടര്‍ന്ന് പ്രധാനമന്ത്രി എല്ലാവരോടും സൂക്ഷിക്കാന്‍ പ്രസംഗത്തിനിടെ പറഞ്ഞു. എന്നാല്‍ ടെന്റ് തകര്‍ന്ന് സ്ത്രീകളും പുരുഷന്മാരും ഉള്ള സദസിലേക്ക് വീഴുകയായിരുന്നു. മറ്റ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് പരിക്കേറ്റവരെ ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചു. ഇവരെ മിഡ്‌നാപൂര്‍ മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രി പരിക്കേറ്റവരെ ആസ്പത്രിയിലെത്തി സന്ദര്‍ശിച്ചു.