ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് പങ്കുണ്ടെന്ന് ബെംഗളൂരുവില്‍ നിന്നുള്ള ബിജെപി എംപി തേജസ്വി സൂര്യ പാര്‍ലമെന്റില്‍. സര്‍ക്കാരിനെതിരേയുള്ള സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. വനിതാ പ്രതിഷേധക്കാരെയടക്കം അക്രമിക്കുന്നുവെന്നും തേജസ്വി സൂര്യ പാര്‍ലമെന്റില്‍ ആരോപിച്ചു.

ലൈഫ് മിഷന്‍ പദ്ധതിയിലും വലിയ അഴിമതിയാണ് നടക്കുന്നത്. ദുരന്തങ്ങളെ കേരള സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടമാക്കുന്നുവെന്നും തേജസ്വി സൂര്യ പറഞ്ഞു. കോവിഡ് രോഗികളുടെ ഡാറ്റ അനധികൃതമായി ശേഖരിക്കുന്നു. കള്ളക്കടത്ത് മുതല്‍ മയക്ക് മരുന്ന് കടത്ത് വരെയുള്ളവര്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് കിടക്കുന്നു. സര്‍ക്കാരിനെതിരേ ശബ്ദമുയുര്‍ത്താനുള്ള വലിയ ശക്തി ഇവിടെ ബിജെപിക്കില്ലെങ്കിലും ശക്തമായ പ്രതിഷേധം നടക്കുന്നുണ്ടെന്നും തേജസ്വി സൂര്യ ചൂണ്ടിക്കാട്ടി.

ബിജെപി എംപിയുടെ പ്രസ്താവനയ്‌ക്കെതിരെ ഇടത് എംപിമാര്‍ പ്രതിഷേധിച്ചു. എംഎം ആരിഫും പിആര്‍ നടരാജനും സഭയില്‍ എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചു.