താമരശ്ശേരി ചുങ്കത്തെ ബാറില്‍ മദ്യപിക്കാനെത്തിയ ആളെ ബാറിനുപുറത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ചമല്‍ പൂവന്‍മല വീട്ടില്‍ റിബാഷ് (40)ആണ് മരിച്ചത്. സംഭവത്തില്‍ ബാറിലെ സെക്യൂരിറ്റി ജീവനക്കാരായ അഞ്ചുപേരെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച വൈകീട്ട് ബാറില്‍ എത്തിയതായിരുന്നു റിബാഷ്. മദ്യപിച്ചശേഷം ബാറിനുപുറത്തുെവച്ച് സെക്യൂരിറ്റി ജീവനക്കാരോട് വഴക്കുണ്ടാക്കിയതായി പറയുന്നു. ഇതില്‍ ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ റിബാഷിന്റെ കഴുത്തില്‍ അടിച്ചതായി പോലീസ് പറഞ്ഞു. അടിയുടെ ആഘാതത്തില്‍ റിബാഷ് താഴെവീണു. ഇതോടെ ഇയാള്‍ അബോധാവസ്ഥയിലായി.

വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം. അബോധാവസ്ഥയിലായ ആളെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനുപകരം സെക്യൂരിറ്റി ജീവനക്കാര്‍ ബാറിനുമുറ്റത്ത് അരികിലേക്ക് മാറ്റിക്കിടത്തി. തുടര്‍ന്ന് രാത്രി പന്ത്രണ്ടുമണിയോടെ റിബാഷിന്റെ മുഖത്തും തലയിലും വെള്ളമൊഴിച്ചശേഷം ബാറിന്റെ പുറത്ത് ദേശീയപാതയോരത്തെ കടത്തിണ്ണയില്‍ എടുത്തുകിടത്തി.
ശനിയാഴ്ച പുലര്‍ച്ചെ പത്രമിടാന്‍ വന്നയാളാണ് കടത്തിണ്ണയില്‍ റിബാഷിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനടുത്ത് കുറേ ചെരുപ്പുകള്‍ എടുത്തുവച്ചിരുന്നു. അടിപിടി നടന്നെന്ന് വരുത്താനാണ് ഇത് ചെയ്തതെന്ന് പോലീസ് സംശയിക്കുന്നു. ബാറിലെ ജീവനക്കാരെ ചോദ്യംചെയ്തതോടെയാണ് സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരിലേക്ക് സംശയം നീണ്ടത്.
താമരശ്ശേരി ഡിവൈ.എസ്.പി.യുടെ ചുമതല വഹിക്കുന്ന വടകര ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി. എം. സുബൈര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബാറിലെ സി.സി.ടി.വി. ക്യാമറയുടെ ദൃശ്യം പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതില്‍ റിബാഷിനെ മര്‍ദിക്കുന്ന ദൃശ്യം ലഭ്യമായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും അറിയിച്ചു.