Connect with us

kerala

ദൈവത്തിന്റെ മാലാഖമാരായി ഒപ്പംനിന്ന മനുഷ്യര്‍ക്ക് നന്ദി; സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാന

ദീര്‍ഘമായ ഒരു സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയാണ് റൈഹാന നന്ദി അറിയിച്ചത്.

Published

on

യുഎപിഎ ചുമത്തി യുപി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിക് കാപ്പന്റെ ജയില്‍ മോചനത്തില്‍ സഹായിച്ചവര്‍ക്ക് നന്ദി പറഞ്ഞ് ഭാര്യ റൈഹാന.

ദീര്‍ഘമായ ഒരു സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയാണ് റൈഹാന നന്ദി അറിയിച്ചത്. മുസ്ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പല സമയത്തും സഹായവുമായി എത്തിയിട്ടുണ്ടെന്ന് കുറിപ്പില്‍ അവര്‍ സൂചിപ്പിക്കുന്നു.

മുനവറലി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, അബ്ദുല്‍ വഹാബ് എംപി, ശശി തരൂര്‍, സി.പി.ഐ നേതാവ് ബിനോയ് വിശ്വം, മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിപില്‍ തുടങ്ങി നേതാക്കളെയും കുറുപ്പില്‍ അവര്‍ പരാമര്‍ശിക്കുന്നുണ്ട്.

റൈഹാന സിദ്ദീഖ് ഫേസ്ബുക്കില്‍ പങ്കുവെച്ച് കുറുപ്പിന്റെ പൂര്‍ണ്ണരൂപം.

പ്രിയപ്പെട്ടവരെ,

രണ്ടര വര്‍ഷമായി കൃത്യമായി പറഞ്ഞാല്‍ 2020ഒക്ടോബര്‍ 5നു ശേഷം ഞാന്‍ നിങ്ങളുമായി നിരന്തരം സംസാരിച്ചു കൊണ്ടേ ഇരിക്കുന്നു.. ഒരു സോഷ്യല്‍ മീഡിയയിലും അതിനു മുന്നേ നിങ്ങളെന്നെ കണ്ടിട്ടുണ്ടാവില്ല. സിദ്ധിഖ് കാപ്പന്‍ എന്ന ഒരു സാധാരണ മാധ്യമ പ്രവര്‍ത്തകന്‍, എന്റെ ജീവിത പങ്കാളി യുപി പോലീസിന്റെ കള്ളക്കേസില്‍ കുടുങ്ങി ഇരുട്ടറയില്‍ തളക്കപ്പെട്ടപ്പോള്‍, തീവ്രവാദിയായി മുദ്ര ചാര്‍ത്തപ്പെട്ടപ്പോള്‍, പലരും അദ്ദേഹത്തെ ഒരു തീവ്രവാദിയാക്കാന്‍ തിടുക്കം കാണിച്ചപ്പോള്‍ ഞാന്‍ പൊതുസമൂഹത്തോട് ഇതിന്റെ സത്യാവസ്ഥ വിളിച്ചു പറയണം എന്ന് ഉറപ്പിച്ചു. അന്ന് മുതല്‍ നിരന്തരം മാധ്യമങ്ങളോടും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും പൊതു സമൂഹത്തോടും കാപ്പന്റെ നിരപരാധിത്വം വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. എന്നെ കേള്‍ക്കാന്‍ നിങ്ങള്‍ സമയം കണ്ടെത്തി.. ഞങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ വിലപ്പെട്ട സമയങ്ങള്‍ നിങ്ങള്‍ നീക്കി വെച്ചു.. നിങ്ങളുടെ വലിയ പ്രതിസന്ധികളും വേദനകളും ദൈവത്തോട് പറയുമ്പോള്‍ ഞങ്ങള്‍ക്ക് വേണ്ടിയും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാന്‍ നിങ്ങള്‍ മറന്നില്ല..

ഇതിന്റെയൊക്കെ ഫലമായി രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം ഭാഗീകമായെങ്കിലും നമുക്ക് നീതി കിട്ടി. ദൈവത്തിനു സ്തുതി
ഇന്ന് കാപ്പന്‍ ഞങ്ങളുടെ കൂടെ ഉണ്ട്.നമുക്കറിയാം ഇന്ത്യയില്‍ യു എ പി എ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ അതില്‍ നിന്ന് മോചനം ലഭിക്കാനുള്ള പ്രയാസം, നിരപരാധികള്‍ക്ക് മേല്‍ കരിനിയമങ്ങള്‍ ചാര്‍ത്തപ്പെട്ടാല്‍ പെട്ടെന്ന് മോചനം കിട്ടില്ല എന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കറിയാം. എനിക്ക് ഇത് വളരെ ദീര്‍ഘമായ സമയമായി തോന്നുമെങ്കിലും നിയമം പഠിച്ചവര്‍ക്കറിയാം ഇതൊരു ചെറിയ കാലയളവാണെന്ന്.

ഈ രണ്ടര വര്‍ഷം കടന്നു പോയത് വളരെ ദുര്‍ഘടമായ പാതകളിലൂടെയാണ്. എങ്കിലും എനിക്ക് ഉറച്ച കാല്‍വെപ്പുകളോടെ പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ട് പോവാന്‍ ദൈവം എന്റെ കൈ പിടിച്ചു നടത്തിയിട്ടുണ്ട്.
ദൈവത്തിന്റെ മാലാഖമാരായി ഒരുപാട് മനുഷ്യര്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നിന്നു. എല്ലാവരുടെയും പേര് എഴുതാന്‍ കഴിയില്ല, അതിനു ഈ കുറിപ്പ് മതിയാവുകയില്ല.

കാപ്പന്‍ അറസ്റ്റിലായി എന്നറിഞ്ഞ നിമിഷം മുതല്‍ അദേഹത്തിന്റെ മോചനത്തിനായി നിയമ പരമായും മറ്റെല്ലാ തരത്തിലും മുന്നിട്ടിറങ്ങിയ KUWJ യൂണിയന്‍. പല സമ്മര്‍ദ്ദങ്ങളും അവര്‍ക്കുണ്ടായിട്ടുണ്ട് എങ്കിലും അവര്‍ അവരുടെ സുഹൃത്തിനു വേണ്ടി ഉറച്ചു നിന്നു. മണികണ്ഠന്‍, പ്രശാന്ത്, ജിഗീഷ്, മിജി, ധനസുമോദ്, അഴിമുഖത്തിലെ ജോസി ജോസഫ്, പ്രസൂണ്‍, ഡല്‍ഹി, തിരുവനന്തപുരം, കോഴിക്കോട് , മലപ്പുറം യൂണിയന്‍ അംഗങ്ങള്‍ അങ്ങനെ ഒരുപാട് മാധ്യമ സുഹൃത്തുക്കള്‍..

കാപ്പന്റെ അറസ്റ്റ് വിവരം അറിഞ്ഞ നിമിഷം മുതല്‍ വീട്ടില്‍ വന്നും ഫോണില്‍ സംസാരിച്ചും എനിക്ക് ധൈര്യവും സമാധാനവും തന്നു, അദ്ദേഹത്തിന് വേണ്ടി ഐക്യ ദാര്‍ഢ്യ സമിതി രൂപീകരിച്ചു, സമരങ്ങള്‍ നടത്തികൂടെ നിന്ന മനുഷ്യര്‍..മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കാപ്പനെ നന്നായി അറിയുന്ന ചെക്കുട്ടി സര്‍, എന്നെയും കൊണ്ട് തിരുവനന്തപുരം ഉള്ള എല്ലാ നേതാക്കളുമായി കാര്യങ്ങള്‍ സംസാരിക്കാന്‍ ഓടി നടന്ന അതിനു വേണ്ടി കുറെ തെറി കേള്‍ക്കേണ്ടി വന്ന ശ്രീജ, സോണിയ ചേച്ചി, എന്റെ നിഴലായി നിന്ന അംബിക ചേച്ചി, ഹരിഹരന്‍ സഖാവ്, പി എ എം ഹാരിസ് ,കെ പി ഒ റഹ്മത്തുള്ള, റെനി ഐലിന്‍..അങ്ങിനെ കുറെ പേര്‍.

കാപ്പന്റെ അറസ്റ്റ് മുതല്‍ ഈ കേസ് ഞാന്‍ ഏറ്റെടുത്തു കൊള്ളാമെന്നു പറഞ്ഞ് തീര്‍ത്തും സൗജന്യമായി കേസ് വാദിച്ച ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന വക്കീല്‍ ബഹു കപില്‍ സിബല്‍ സര്‍.അറസ്റ്റ് സമയത്തെ പ്രതിസന്ധികള്‍ ചെറുതല്ലായിരുന്നു. നാല്‍പത്തി അഞ്ചു ദിവസം കാപ്പന്‍ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും നിശ്ചയമില്ലാത്ത സമയത്ത് സുപ്രിം കോടതിയില്‍ നിന്ന് ഒരു വക്കീല്‍ ഡല്‍ഹിയിലേക്കും യുപി യിലേക്കും ഓടിക്കൊണ്ടേ ഇരുന്നു. എന്റെ മനസീക സമ്മര്‍ദ്ദങ്ങള്‍ മുഴുവന്‍ അറിഞ്ഞ, നിയമ വശങ്ങള്‍ ക്ഷമയോടെ പറഞ്ഞു തന്ന അഡ്വ വില്‍സ് മാത്യു സര്‍, ലഖ് നൗ കോടതിയിലേക്ക് കേസ് മാറ്റിയപ്പോള്‍ അവിടെ ഒരു വക്കീലിനെ കണ്ടെത്താനും അന്വോഷിക്കാനും ബുദ്ധിമുട്ടിയ സമയത്ത് വക്കീലിനെ ഏര്‍പ്പാട് ചെയ്യാനും കണ്ടെത്താനും സഹായിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും ചെക്കുട്ടി സാറിന്റെ സുഹൃത്തുമായ മുംബൈ സ്വദേശിനിയായ ഗീത മാഡം, ഡല്‍ഹിയിലുള്ള സാവിന്തി നൈനാന്‍,

എന്റെ അമ്മയെ പോലെ കൂടെ നിന്ന രമ സുന്ദരി മാഡം.ലഖ്‌നൗവില്‍ സൗജന്യമായി കേസ് വാദിക്കാന്‍ തയ്യാറായ അവിടത്തെ ഏറ്റവും മുതിര്‍ന്ന അറിയപ്പെടുന്ന വക്കീല്‍ ഐ ബി സിംഗ്, അദ്ദേഹത്തിന്റെ മകന്‍ ഇഷാന്‍ ഭാഗേല്‍, അഡ്വ ഖാലിദ് അടങ്ങിയ വലിയ ഒരു ടീം..

യു എ പി എ കേസില്‍ ഹൈകോടതി ജാമ്യം തള്ളി കേസ് വീണ്ടും സുപ്രിം കോടതിയില്‍ എത്തി, അഡ്വ ഹാരിസ് ബീരാന്‍ സര്‍ ആയിരുന്നു കേസ് നോക്കിയിരുന്നത്. കേസിന്റെ ഓരോ ഘട്ടത്തിലും സൂക്ഷ്മത പുലര്‍ത്തി സിബല്‍ സാറുമായുള്ള ബ്രീഫിങ്ങില്‍ വരെ എന്നെയും കൂടെ കൂട്ടി..
സിബല്‍ സാറിന്റെ ഓഫിസില്‍ തന്നെയുള്ള അഡ്വ. കോശി സര്‍..ഒന്നര വര്‍ഷമായിട്ടും കാപ്പനെ ഒന്ന് കാണാന്‍ വേണ്ടി ഞാന്‍ മുട്ടാത്ത വാതിലുകളില്ല.. ഒരു കണക്കിനും എനിക്ക് കാണാന്‍ പറ്റാത്ത അവസ്ഥയില്‍ നില്‍ക്കുന്ന സമയത്തു എന്റെ കൂടെ ലഖ്‌നൗ വരെ വന്നു കാപ്പനെ കാണാനും എല്ലാ വക്കീലുമാരുമായും കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് കേസ് ഏകോപിപ്പിച്ചു നിര്‍ത്താനും സഹായിച്ച എന്റെ കുടുംബാംഗം കൂടിയായ അഡ്വ. മുഹമ്മദ് ദാനീഷ്..

കാപ്പന്‍ മധുര ജയിലില്‍ കിടക്കുമ്പോള്‍ വക്കീലിന് പോലും അടുക്കാന്‍ കഴിയാത്ത സമയം ദൈവദൂതനെ പോലെ കാപ്പന് വേണ്ടി ഭക്ഷണവും വസ്ത്രവും പുസ്തകവും എത്തിച്ചു കൊണ്ടിരുന്ന സ്വാമി നാരായണ്‍ ദാസ്.ജാമ്യം ലഭിച്ചു, യുപി യിലുള്ള ജാമ്യക്കാരെ തന്നെ വേണമെന്ന കോടതിയുടെ നിര്‍ദേശത്തില്‍ പല ആളുകളുമായും നിരന്തരം അന്വോഷിച്ചു. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കെ എ ഷാജി, അദ്ദേഹം വഴി സ്‌നേഹത്തിന്റെ നിറകുടമായ ഒരമ്മയെ ഞങ്ങള്‍ക്ക് ലഭിച്ചു- പ്രൊഫസര്‍ രൂപ് രേഘ വര്‍മ്മ.. നദീം ഖാന്‍ വഴി റിയാസ് ഖാനും അലീ മുള്ള ഖാനും, ഡല്‍ഹി പ്രസ് ക്ലബ് പ്രസിഡന്റ് ഉമാ കാന്ത്, അദ്ദേഹം വഴി ലഖ്‌നൗവിലെ മാധ്യമ പ്രവര്‍ത്തകന്‍ കുമാര്‍ സൗവീര്‍ സാറും ഞങ്ങള്‍ക്കൊപ്പം നിന്നു.

എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലെ നേതാക്കളുമായും, എംപി മാരുമായും, എം എല്‍ എ മാരുമായും ഞാന്‍ സംസാരിച്ചിട്ടുണ്ട്, കത്തെഴുതിയിട്ടുണ്ട്.അവര്‍ കാപ്പന് വേണ്ടി സംസാരിച്ചിട്ടുണ്ട്. യൂണിയനും ഐക്യ ദാര്‍ഢ്യ സമിതിയും നയിച്ച പരിപാടികളില്‍ അവര്‍ പങ്കെടുത്തിട്ടുണ്ട്.കാപ്പന് വേണ്ടി പാര്‍ലമെന്റിലും,നിയമസഭയിലും ശബ്ദിച്ചു..

ബഹുമാനപ്പെട്ട പാണക്കാട് മുനവ്വറലി തങ്ങളാണ് അഡ്വ ഹാരിസ് ബീരാന്‍ സാറെ കേസ് ഏല്പിച്ചത്.
ഇ ടി മുഹമ്മദ് ബഷീര്‍ എംപി പല കാര്യങ്ങളിലും കൂടെ നിന്നു.കാപ്പന്‍ കോവിഡ് ബാധിച്ചു എയിംസ് ഹോസ്പിറ്റലില്‍ കിടന്ന സമയത്ത് ഞാനും മോനും ഡല്‍ഹിയിലേക്ക് ഫ്‌ലൈറ്റ് കയറിയപ്പോള്‍ അപകടകരമായ ഒരു സാഹചര്യമായിരുന്നു. അന്ന് എംപി അബ്ദുല്‍ വഹാബ് സാറിന്റെ ഫ്‌ലാറ്റില്‍ ആയിരുന്നു താമസിച്ചിരുന്നത്.അദ്ദേഹത്തിന്റെ വാഹനത്തില്‍ സുരക്ഷിതമായി ഞങ്ങള്‍ ഹോസ്പിറ്റലിലേക്കും ഫ്‌ലാറ്റിലേക്കും സഞ്ചരിച്ചു.ബിനോയ് വിശ്വം സര്‍ എപ്പോഴും എനിക്ക് വിളിച്ചു ധൈര്യം നല്‍കികൊണ്ടിരുന്നു.

കോണ്‍ഗ്രസ് ആദ്യം മുതല്‍ ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ എന്ന് പറഞ്ഞ് ഒപ്പം നിന്നു. കെ പി നൗഷാദ് അലി തുടക്കം മുതല്‍ ഞങ്ങളെ ചേര്‍ത്ത് നിര്‍ത്തി.കോണ്‍ഗ്രസ് എംപിമാര്‍ എല്ലാവരും കാപ്പന് വേണ്ടി സംസാരിച്ചു. കേ രളത്തില്‍ നിന്നുള്ള ഇരുപത് എംപി മാര്‍ ഒപ്പിട്ട കത്ത് ചീഫ് ജസ്റ്റിസിനു അയച്ചു.ശശി തരൂര്‍ എംപി കേസിന്റെ കാര്യങ്ങള്‍ കപില്‍ സിബല്‍ സാറുമായി ചര്‍ച്ച ചെയ്തു..
സിപിഎം എംപി മാരും, മുസ്ലിം ലീഗ് എംപി മാരും അദ്ദേഹത്തിന്റെ മോചനത്തിന് വേണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു.
കോണ്ഗ്രസ് വനിതാ നേതാവ് ഷമ മുഹമ്മദ് ഒരു അനിയത്തിയോടുള്ള സ്‌നേഹത്തോടെ ചേര്‍ത്ത് പിടിച്ചു.. ഡല്‍ഹിയില്‍ വരുമ്പോള്‍ ഒക്കെ കാണാന്‍ വന്നു ധൈര്യം പകര്‍ന്നു.ഇന്ത്യയിലെ പല എംപി മാരും പാര്‍ലമെന്റില്‍ കാപ്പന് വേണ്ടി സംസാരിച്ചു.
തേജസ് പത്രത്തിലെ കാപ്പന്റെ സഹപ്രവര്‍ത്തകര്‍

ഇന്ത്യയിലും, ഇന്ത്യയുടെ പുറത്തുള്ള മാധ്യമങ്ങളും കാപ്പന് വേണ്ടി നിരന്തരം എഴുതികൊണ്ടിരുന്നു..ഒട്ടുമിക്ക മത സംഘടനകളും, എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലെ മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത എല്ലാവരും കൂടെ നിന്നു, കാപ്പന് വേണ്ടി സംസാരിച്ചിട്ടുണ്ട്, പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്..

എന്റെ ഫാമിലി എല്ലാം കൊണ്ടും എനിക്ക് തുണയായി നിന്നു..കാപ്പന്റെ ഫാമിലി, ഞങ്ങളുടെ നാട്ടുകാര്‍, പ്രത്യേകിച്ച് എടുത്തു പറയേണ്ട എന്റെ അയല്‍വാസികള്‍ അവരായിരുന്നു എപ്പോഴും കൂടെ..എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍നോമ്പ് നോറ്റും പ്രാര്‍ത്ഥിച്ചും ധൈര്യം പകര്‍ന്നു. എന്റെ മാതാപിതാക്കള്‍..സോഷ്യല്‍ മീഡിയ വഴി എനിക്ക് കിട്ടിയ സ്‌നേഹിക്കാന്‍ മാത്രമറിയുന്ന മനുഷ്യര്‍..
എന്റെ എല്ലാ സമ്മര്‍ദ്ദങ്ങളും വേദനകളും അനുഭവിച്ചറഞ്ഞ ഞങ്ങളുടെ മക്കള്‍.. ഏത് പ്രതിസന്ധിയും നേരിടാന്‍ അവരെ പ്രാപ്തരാക്കി എടുത്തു..

ശത്രുക്കള്‍ പല വ്യാജ പ്രചാരണങ്ങളും നിലക്കാതെ നടത്തികൊണ്ടിരുന്നപ്പോള്‍, ഞാന്‍ സത്യങ്ങള്‍ മാത്രം പറഞ്ഞു കൊണ്ടിരുന്നു.
ഇനിയും കടമ്പകള്‍ ഏറെയുണ്ട്.നിയമപരമായി അതിനെ നേരിടും
കോടതിയില്‍ അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയും വരെ മുന്നോട്ട് തന്നെ പോവണം.
ഇത് വരെ ഞങ്ങളുടെ കൂടെ നിന്ന, ഞങ്ങള്‍ക്ക് വേണ്ടി സംസാരിച്ച, പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു.. ഇനിയും നിങ്ങള്‍ ഞങ്ങളുടെ കൂടെ ഉണ്ടാവണം..
കാപ്പനെ പോലെ ഒരുപാട് നിരപരാധികളായ മനുഷ്യര്‍ ഇരുട്ടറയില്‍ ഇപ്പോഴും കിടക്കുന്നുണ്ട്. അവര്‍ക്ക് വേണ്ടി ഒരുമിച്ചു നില്‍ക്കേണ്ടതുണ്ട്.
വീണ്ടും പറയുന്നു.. തെറ്റ് ചെയ്തവര്‍ക്കുള്ളതാണ് ജയില്‍. നിരപരാധികള്‍ക്കുള്ളതല്ല.
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാതിരിക്കട്ടെ

സ്‌നേഹത്തോടെ

റൈഹാന സിദ്ധിഖ്

 

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending