കമാല്‍ വരദൂര്‍

വാംഖഡെയിലെ ആ രാത്രി ഇന്നും മുന്നിലുണ്ട്…..2011 ഏപ്രില്‍ രണ്ട്… തിങ്ങിനിറഞ്ഞ വാംഖഡെയിലെ മീഡിയാ റൂമില്‍ നിന്ന് ടെന്‍ഷനടിച്ച ആ അവസാന ഓവറുകളില്‍ ഞങ്ങളെല്ലാം വര്‍ധിത ഹൃദയമിഡിപ്പോടെ നിന്നപ്പോള്‍ പിറന്ന ആ ഹെലികോപ്ടര്‍ ഷോട്ട്…. വിജയിക്കാന്‍ 11 പന്തില്‍ നാല് റണ്‍സ് വേട്ട ഘട്ടത്തിലാണ് നുവാന്‍ കുലശേഖരയെന്ന ലങ്കക്കാരനെ ധോണി ഗ്യാലറിയിലെത്തിച്ചത്…

നോക്കുക- ലോക ക്രിക്കറ്റിന്റെ ചരിത്രമെടുക്കുക. ലോകകപ്പ് പോലെ ഒരു ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ വേദിയില്‍, സിക്‌സറിലുടെ സ്വന്തം ടീമിനെ ആരെങ്കിലും വിജയത്തിലേക്ക് നയിച്ചിട്ടുണ്ടോ-ഇല്ല. 2007 ലെ ടി-20 ലോകകപ്പ് നോക്കിയാലും ധോണിയിലെ വിത്യസ്തനായ നായകനെ കാണാം. അന്ന് അദ്ദേഹം നായകപ്പട്ടത്തില്‍ കന്നിക്കാരനാണ്. ഒരു പ്രതീക്ഷയുമില്ലാതെയാണ് ദക്ഷിണാഫ്രിക്കയിലേക്ക് ഇന്ത്യന്‍ ടീം എത്തിയത്. പക്ഷേ ക്യാപ്റ്റന് പിന്‍ബലമായി യുവരാജ് സിംഗിനെ പോലുള്ള പുലികള്‍ അണിനിരന്നപ്പോള്‍ സ്വപ്‌നതുല്യമായ കിരീടം….ധോണിയുടെ മല്‍സരങ്ങള്‍ പല തവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

പലവട്ടം അദ്ദേഹത്തിന്റെ വാര്‍ത്താ സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്-എല്ലാത്തിലും അദ്ദേഹം പുലര്‍ത്തുന്ന മാന്യതയും സമചിത്തതയും-അത് നായകഗുണങ്ങളിലെ വലിയ പാഠമായിരുന്നു. ഐ.പി.എല്‍ കോഴ വിവാദങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പേരുകള്‍ പലവുരു പറഞ്ഞിരുന്നു. സ്വന്തക്കാരായ ചിലരെ ടീമില്‍ നിലനിര്‍ത്താന്‍ അദ്ദേഹം നടത്തിയ നീക്കങ്ങളെ വിമര്‍ശിക്കപ്പെട്ടിരുന്നു. സേവാഗും ഇര്‍ഫാന്‍ പത്താനും ഗാംഭീറുമെല്ലാം ചിലപ്പോഴെങ്കിലും എം.എസിന്റെ ഇടപെടലില്‍ സ്ഥാനം നഷ്ടപ്പെട്ടവരായിരുന്നു. അപ്പോഴെല്ലാം നായകനായ ധോണി പറഞ്ഞിരുന്ന കാര്യം ടീമിന്റെ വിജയമാണ്. പ്രശ്‌നങ്ങള്‍ പലതുണ്ടായിട്ടും ആ പ്രശ്‌നങ്ങളുടെ പേരില്‍ ടീം തോറ്റിട്ടില്ല.

 

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്ന ടീമിന്റെ ആദ്യാവസാനം ധോണിയായിരുന്നു. വിവാദത്തില്‍ ടീം പുറത്തായപ്പോള്‍, അദ്ദേഹത്തിന്റെ ഭാര്യ സാക്ഷി പോലും ആരോപണ വിധേയമായപ്പോള്‍-ക്രിക്കറ്റിന് നിരക്കാത്തതൊന്നും അദ്ദേഹം പറഞ്ഞില്ല. ധോണിയിലെ നായകന്‍ ആര്‍ക്ക് മുന്നിലും തല കുനിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ മുന്‍ഗാമികളില്‍, സൗരവ് ഗാംഗുലി ഒഴികെ മിക്കവരും ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും ഇംഗ്ലണ്ടിനുമെല്ലാം വഴങ്ങുന്നവരെ പോലെ കളിച്ചപ്പോള്‍ റിക്കി പോണ്ടിംഗിലെ നായകന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു-ധോണിയിലെ ക്യാപ്റ്റന്‍ ആത്മവിശ്വാസത്തിന്റെ തല ഉയര്‍ന്ന രൂപമാണെന്ന്.

സൗരവ് ഗാംഗുലി അതായിരുന്നു. നല്ല സമയത്താണ് അദ്ദേഹം വ്യക്തമായ തീരുമാനമെടുത്തത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ 2014 അവസാനം ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിയാനുളള തീരുമാനം നാടകീയമായിരുന്നെങ്കിലും ആ തീരുമാനത്തില്‍ നിന്ന് അദ്ദേഹം പിന്നോക്കം പോയില്ല. ഏകദിന ടീമിന്റെ ക്യാപ്റ്റന്‍സി വേണമെങ്കില്‍ 2019 ലെ ലോകകപ്പ് വരെ അദ്ദേഹത്തിന് നിലനിര്‍ത്താമായിരുന്നു. കാരണം സെലക്ഷന്‍ കമ്മിറ്റിയിലോ, ക്രിക്കറ്റ് ബോര്‍ഡിലോ അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ കുറവായിരുന്നു. പക്ഷേ വിരാത് കോലിയിലെ നായകന്‍ തിളങ്ങി നില്‍ക്കുമ്പോള്‍ പടിയിറങ്ങാനുളള അനുയോജ്യമായ സമയം അദ്ദേഹം കണ്ടെത്തി.

 
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ പരാജയപ്പെടുന്നുവെങ്കില്‍ തീര്‍ച്ചയായും നമ്മളെല്ലാം കോലിയെ വിളിക്കാന്‍ ആവശ്യപ്പെടുമെന്ന വ്യക്തമായ ചിത്രവും ധോണിക്ക് മുന്നിലുണ്ടായിട്ടുണ്ടാവാം. കപില്‍ദേവ് ഉള്‍പ്പെടെ പല വമ്പന്മാരോടും കളി മതിയാക്കാന്‍ പറഞ്ഞിട്ടുണ്ട് ക്രിക്കറ്റ് ബോര്‍ഡ്. അത്തരത്തിലൊരു സാഹചര്യം തനിക്ക് മുന്നിലേക്ക് വരരുതെന്നും അദ്ദേഹത്തിലെ ക്രിക്കറ്റര്‍ ആഗ്രഹിക്കുന്നുണ്ട്. പുതിയ നായകന് കീഴില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി കളിക്കാന്‍ അദ്ദേഹത്തിന് കഴിയും. സീനിയര്‍-ജൂനിയര്‍ തര്‍ക്കങ്ങളുടെ വലിയ പാരമ്പര്യമുള്ള നമ്മുടെ ക്രിക്കറ്റില്‍ ധോണിയും കോലിയും ഏറ്റുമുട്ടാന്‍ സാധ്യതകളും കുറവാണ്.

കോലിയിലെ യുവതാരത്തെ രണ്ടും കൈയ്യുമടിച്ച് പ്രോല്‍സാഹിപ്പിച്ചിരുന്നു ധോണിയിലെ നായകന്‍. കൃത്യമായ സമയത്തുള്ള ഈ മടക്കം എം.എസ്, താങ്കളെ വീണ്ടും ഉന്നതങ്ങളിലെത്തിക്കുന്നു. പണം കായ്ക്കുന്ന മരമാണ് ക്രിക്കറ്റ്….. സര്‍വാധികാരിയാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ നായകന്‍-എല്ലാം ത്യജിക്കാന്‍ താങ്കള്‍ തീരുമാനിച്ചതിലുണ്ട് താങ്കളുടെ മഹത്വം. ക്രിക്കറ്റിനെ ജനപ്രിയമാക്കിയതില്‍, ഏകദിനങ്ങളും ടി-20യും ആവേശമാക്കിയതില്‍, ഹെലികോപ്ടര്‍ പോലെ സുന്ദരമായ ഷോട്ടുകള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ചതിന് ഒരായിരം നന്ദി… താങ്കളുടെ പേരില്‍ പുറത്തിറങ്ങിയ സിനിമ പറയുന്നുണ്ട്-റാഞ്ചിയിലെ ആ ജീവിതവും ആ ഉയര്‍ച്ചയും. എം.എസ് ധോണി -ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന നീരജ് പാണ്ഡെയുടെ സിനിമ പോലെ-ഇന്ത്യന്‍ യുവതക്ക് താങ്കള്‍ മാതൃകയാണ്-ആവര്‍ത്തിക്കുന്നു നന്ദിയുടെ ആയിരം സിക്‌സറുകള്‍.