News

വെടിനിര്‍ത്തല്‍ കരാര്‍; മൂന്ന് ബന്ദികളെ ഹമാസും 183 തടവുകാരെ ഇസ്രാഈലും മോചിപ്പിച്ചു

By webdesk18

February 01, 2025

വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി വീണ്ടും ബന്ദികളെ വിട്ടയച്ച് ഹമാസും ഇസ്രാഈലും. മൂന്ന് ബന്ദികളെ ഹമാസും 183 ഫലസ്തീന്‍ തടവുകാരെ ഇസ്രാഈലും മോചിപ്പിച്ചു.

ഗസ്സ സിറ്റിയിലെ തുറമുഖത്തും ഖാന്‍ യൂനിസിലുമായാണ് റെഡ് ക്രോസിന്റെ സഹായത്തോടെ ബന്ദികളെ കൈമാറിയത്. ഇതോടെ മൊത്തം 18 ബന്ദികളെ ഹമാസ് മോചിപ്പിച്ചു. മണിക്കൂറുകള്‍ക്കുശേഷം, ഇസ്രാഈല്‍ ബന്ദികളാക്കിയ ഫലസ്തീന്‍ പൗരന്മാരെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ റാമല്ലയില്‍ ബസില്‍ എത്തിക്കുകയായിരുന്നു. 583 ഫലസ്തീന്‍ തടവുകാരെ ഇസ്രാഈല്‍ ഇതിനകം മോചിപ്പിച്ചു. തെല്‍ അവീവില്‍ ബന്ദികളുടെ മോചനത്തിന്റെ തല്‍സമയ ദൃശ്യം സ്‌ക്രീനില്‍ കാണാന്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു.

വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടക്കും. യു.എസിന്റെ പിന്തുണയോടെ ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ ഒപ്പിട്ട ആറ് ആഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം വിജയമാണെന്നാണ് വിലയിരുത്തല്‍. വെടിനിര്‍ത്തല്‍ കരാറിനെതിരെ ഇസ്രായേലില്‍ നെതന്യാഹു ശക്തമായ വലതുപക്ഷ എതിര്‍പ്പാണ് നേരിടുന്നത്. അതേസമയം, കരാര്‍ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നാണ് ഹമാസ് നിലപാട്.