മുംബൈ: ടൈംസ് നൗ, റിപ്പബ്ലിക് ടിവി ചാനലുകള്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കെതിരെ ഹിന്ദി സിനിമാ ലോകത്തെ ഒന്നിപ്പിച്ചത് നിര്‍മാതാവും സിദ്ധാര്‍ത്ഥ് റോയ് കപൂര്‍. ചാനലുകള്‍ക്കെതിരെ ഒന്നിച്ച് ഹര്‍ജി നല്‍കാനുള്ള തീരുമാനം കപൂറിന്റെ ആശയമായിരുന്നു. നടി വിദ്യാ ബാലന്റെ ഭര്‍ത്താവാണ് റോയ് കപൂര്‍.

‘അപകീര്‍ത്തി പരാമര്‍ശങ്ങള്‍ക്കെതിരെ കോടതിയെ സമീപിച്ചതും ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയതും റോയ് കപൂര്‍ കാരണമാണ്. അദ്ദേഹം മുന്‍കൈ എടുത്തിട്ടില്ലായിരുന്നുവെങ്കില്‍ ഇത്തരത്തില്‍ ഒരു ഹര്‍ജി സമര്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല. പ്രധാനപ്പെട്ട എല്ലാ നിര്‍മാതാക്കളെയും വ്യക്തിപരമായി വിളിച്ച് ഹര്‍ജിയില്‍ ഒപ്പുവയ്ക്കാന്‍ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു’ – ഹര്‍ജിക്കാരില്‍ ഒരാള്‍ നാഷണല്‍ ഹെറാള്‍ഡിനോട് പറഞ്ഞു.

ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് 38 ഹിന്ദി സിനിമാ സംഘടകളാണ് കോടതിയെ സമീപിച്ചിരുന്നത്.

വിദ്യാബാലന്‍

ദന്‍ഗല്‍, ദ സ്‌കൈ ഈസ് പിങ്ക്, ചെന്നൈ എക്‌സപ്രസ്, ബര്‍ഫി തുടങ്ങി ഇന്ത്യയിലുടനീളമുള്ള അമ്പതിലേറെ ചിത്രങ്ങളുടെ നിര്‍മാതാവാണ് സിദ്ധാര്‍ത്ഥ് റോയ് കപൂര്‍. 2012 ഡിസംബര്‍ 14നാണ് ഇവര്‍ വിദ്യാബാലനെ വിവാഹം കഴിച്ചത്.