മുംബൈ: അര്‍ണബ് ഗോസ്വാമിയുടെ നേതൃത്വത്തിലുള്ള റിപബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ടെലിവിഷന്‍ ചാനലുകള്‍ റേറ്റിങ്ങില്‍ കൃത്രിമത്വം കാണിച്ചെന്ന് മുംബൈ പൊലീസിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ചാനലുകള്‍ക്കെതിരെ പരസ്യദാതാക്കള്‍ രംഗത്ത്. ടിആര്‍പി റേറ്റിങ്ങില്‍ കൃത്രിമത്വം കാണിക്കുകയും സമൂഹത്തില്‍ വിഷം വമിപ്പിക്കുകയും ചെയ്ത ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്നും അവയെ കരിമ്പട്ടികയില്‍ പെടുത്തിയെന്നും ബജാജ് മാനേജിങ് ഡയറക്ടര്‍ രാജീവ് ബജാജ് വ്യക്തമാക്കി. സിഎന്‍ബിസി ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റേറ്റിങ് കണക്കാക്കി ഗാര്‍ഹിക ഉപഭോക്താക്കളുടെ ഡാറ്റ ഉപയോഗിക്കുകയും ഇതില്‍ കൃത്രിമത്വം കാണിച്ച് നിയമവിരുദ്ധമായി പരസ്യവരുമാനം നേടിയെടുക്കുകയും ചെയ്തിരുന്നുവെന്നാണ് കണ്ടെത്തല്‍. ഇതേതുടര്‍ന്നാണ് രാജീവ് ബജാജിന്റെ പ്രതികരണം.

‘സുദൃഢമായ ബ്രാന്‍ഡ് ഉണ്ടാക്കിയെടുത്ത് അതിന്മേലാണ് ബിസിനസ് പടുത്തുയര്‍ത്തുന്നത്. ബിസിനസില്‍ ബ്രാന്‍ഡ് (വാണിജ്യ മുദ്ര) വളര്‍ത്തിയെടുക്കല്‍ പ്രധാനമാണ്. എന്നാല്‍ വ്യവസായം വളര്‍ത്തുക എന്നത് മാത്രമാകരുത് ബിസിനസ് സ്ഥാപനങ്ങളുടെ ലക്ഷ്യം. സമൂഹത്തിന്റെ നന്മയും പ്രധാനമാണ്’-രാജീവ് ബജാജ് പറഞ്ഞു.

സമൂഹത്തില്‍ വിഷം പരത്തുന്നവരുമായി ഒരു തരത്തിലും സഹകരിക്കില്ലെന്ന് ബജാജ് തീരുമാനിച്ചിട്ടുണ്ടെന്നും എംഡി വ്യക്തമാക്കി. ബജാജില്‍ മൂന്ന് ചാനലുകളെ ഞങ്ങള്‍ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേസ് അന്വേഷണത്തിന്റെ ഭാഗമായി റിപ്പബ്ലിക് ടിവിയിലുള്ളവരെ ഇന്നോ നാളെയോ പൊലീസ് ചോദ്യം ചെയ്യും. റേറ്റിങ്ങില്‍ കൃത്വിമത്വം കാണിച്ച് അധിക പരസ്യ വരുമാനങ്ങളും നേടിയിട്ടുണ്ട്. ഇതും അന്വേഷിക്കും. റിപ്പബ്ലിക് ചാനലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കും. കുറ്റകൃത്യം നടന്നുവെന്ന് വ്യക്തമായാല്‍ ചാനലിന്റെ ബാങ്ക് അകൗണ്ടുകള്‍ മരവിപ്പിക്കുന്നതടക്കമുള്ള കടുത്ത നടപടികളുണ്ടാകുമെന്ന് മുംബൈ പോലീസ് മേധാവി പരമവീര്‍ സിംഗ് വ്യക്തമാക്കി. രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.