ബലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് റിപബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി നടത്തിയ വിവാദ വാട്‌സ് ആപ്പ് ചാറ്റ് പുറത്ത് വന്നതോടെ അർണബിന്റെ യഥാർത്ഥ മുഖം വെളിവായെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. സംഭവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പാലിക്കുന്ന മൗനത്തിനെതിരെയും അവർ രംഗത്തെത്തി. രാജ്യ സുരക്ഷ കേന്ദ്രസർക്കാർ അടിയറ വെച്ചുവെന്നും അവർ ആരോപിച്ചു.

സൈനിക നീക്കങ്ങൾ ചോർത്തുന്നത് രാജ്യദ്രോഹമാണ്. വളരെ അസ്വസ്ഥതയുണ്ടാക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. .എന്നാൽ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ പോലും തയ്യാറാകാത്ത കേന്ദ്ര നിലപാട് അതിശയിപ്പിക്കുന്നു. േേകാൺഗ്രസ് പ്രവർത്തക സമതിയിൽ സംസാരിക്കവേ സാണിയ പറഞ്ഞു.

കർഷക സമരത്തിനെതിരെ അഹങ്കാരം നിറഞ്ഞ നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. വിശദമായ പഠനങ്ങളും യാതൊരു കൂടിയാലോചനയും ഇല്ലാതെയാണ് ധൃതിപ്പെട്ട് കാർഷിക നിയമങ്ങൾ നടപ്പിലാക്കിയത്. ഭക്ഷ്യസുരക്ഷയുടെ അടിത്തറ ഇളക്കുന്നതാണ് കേന്ദ്രത്തിന്റെ കാർഷിക നിയമം. താങ്ങുവിലയും പൊതുവിതരണ ശൃംഖലയും തകർക്കുന്നതാണ് ഈ നിയമങ്ങളെന്നും സോണിയ കുറ്റപ്പെടുത്തി.

ടി.വി റേറ്റിംഗിൽ കൃത്രിമം നടത്തിയതുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് കോടതിയിൽ സമർപ്പിച്ച വാട്‌സ് ആപ്പ് ചാറ്റുകളാണ് വിവാദമായത്.