രാജ്യസുരക്ഷയെ സംബന്ധിക്കുന്ന വിവരങ്ങൾ ചോർത്തി വാട്‌സ് ആപ്പ് വഴി കാര്യലാഭത്തിന് പ്രചരിപ്പിച്ച്, സ്വന്തം രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത സൈനികരുടെ രക്തസാക്ഷിത്വത്തെ ആഘോഷിച്ച അർണാബ് ഗോസ്വാമി രാജ്യസ്‌നേഹിയും, കഠിനാദ്ധ്വാനം ചെയ്തുണ്ടാക്കുന്ന ഉൽപന്നങ്ങൾക്ക് മിനിമം വില നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ സമരം നടത്തുന്ന കർഷകർ രാജ്യദ്രോഹികളുമാവുന്ന പുതിയ രാജ്യമാവുകയാണ് മോദിക്കാലത്ത് ഇന്ത്യ. ജീവിതത്തിന്റെ നല്ല കാലം മുഴുവൻ രാജ്യത്തിന് കാവലിരിക്കുന്ന സൈനികരുടെ മൃതദേഹത്തിൽ ചവിട്ടി റേറ്റിംഗിൽ ഒന്നാമതെത്താൻ മത്സരിക്കുന്ന ഒരു ടിവി അവതാരകന്റെ അതിഗുരുതരമായ വാട്‌സ്ആപ്പ് ചാറ്റുകൾ പുറത്ത് വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും കണ്ടഭാവം നടിക്കാതെ കേന്ദ്ര ഭരണകൂടം പുലർത്തുന്ന നിസംഗത രാജ്യത്തിന്റെ ഫാഷിസത്തിലേക്കുള്ള യാത്രയുടെ പേടിപ്പെടുത്തുന്ന വേഗതയാണ് കാണിക്കുന്നത്.

ഈ സാഹചര്യത്തിലാണ് ശശി തരൂർ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞ മൂന്ന് കാര്യങ്ങൾക്ക് പ്രസക്തിയേറുന്നത്. ‘രാജ്യസുരക്ഷ സംബന്ധിയായ രഹസ്യങ്ങൾ ഒരു സ്വകാര്യ ചാനലിന് വാണിജ്യപരമായ കാര്യങ്ങൾക്ക് വേണ്ടി വെളിപ്പെടുത്തുക,’രാജ്യസ്നേഹി’യെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാൾ നമ്മുടെ 40 പട്ടാളക്കാരുടെ മരണം ‘നമ്മൾ വിജയിച്ചു’ എന്ന് വിളിച്ചു പറഞ്ഞ് ആഘോഷിക്കുക, ടി.ആർപിയിൽ വഞ്ചനാപരമായ കൃത്രിമത്വം നടത്തുക’ എന്നിവയായിരുന്നു അത്.

നാൽപത് ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് ഹേതുവായ പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയും ടെലിവിഷൻ റേറ്റിങ്ങ് കമ്പനിയായ ബാർകിന്റെ മുൻ സിഇഒ പാർഥോ ദാസ് ഗുപ്തയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകൾ ഞെട്ടിക്കുന്നതാണെന്ന് പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്റെ കുടുംബം തന്നെ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അർണബിന്റെ നിലപാട് രാജ്യത്തെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണെന്നാണ് ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻ വയനാട് ലക്കിടി സ്വദേശി വസന്തകുമാറിന്റെ സഹോദരൻ സജീവ് പറഞ്ഞത്. അത് ശരിയുമാണ്. കുടുംബത്തെയും പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും വിട്ട് രാജ്യത്തിനായി പോരാടുന്നവരുടെ ചോര, രാഷ്ട്രീയ വിജയങ്ങൾക്ക് വേണ്ടി വീഴ്ത്തി ജീവനെടുക്കുന്ന ഒരു നാട്ടിൽ ജനാധിപത്യത്തെ എവിടെയാണ് ഇന്ത്യൻ ജനത ഇനി തിരയേണ്ടത്?.

പുൽവാമ അക്രമണം നടന്നയുടനെ ഇത്തവണ നമ്മൾ ജയിക്കും എന്നായിരുന്നു അർണബിന്റെ പ്രതികരണം. വാർത്ത ആദ്യം പുറത്ത് വിട്ടതിന്റെ ക്രെഡിറ്റ് അയാൾ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. അതേസമയം രാജ്യത്തിന് വേണ്ടി മരിച്ചു വീണ സൈനികരെയും അവരുടെ കുടുംബാംഗങ്ങളെയും അയാൾ സൗകര്യപൂർവ്വം മറക്കുകയും ചെയ്യുന്നു.

ഏറ്റവുമൊടുവിൽ എല്ലാം പാക്കിസ്ഥാന്റെ തലയിൽ കെട്ടിവെക്കുന്ന പുതിയ പ്രസ്താവനയുമായി അർണബ് രംഗത്തെത്തിയിട്ടുണ്ട്. ഇതേറ്റു പിടിക്കാനും പാക്കിസ്ഥാനെയും ഇമ്രാൻ ഖാനെയും തെറി വിളിക്കാനും ഇനി ലോകത്തിലെ ഏറ്റവും വലിയ രാജ്യത്ത് നിന്ന് തന്നെ ശബ്ദങ്ങളുയരും. അതിനിടക്ക് പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികരുടെയും ദൽഹിയിലെ കൊടുംതണുപ്പിൽ സമരം ചെയ്യുന്ന കർഷകരുടെയും ഇടറിയ ശബ്ദം മുങ്ങിപ്പോവുകയും ചെയ്യുമെന്ന ആശങ്കയിലാണ് ഇന്ത്യയിപ്പോൾ.