40 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് ഹേതുവായ പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയും ടെലിവിഷൻ റേറ്റിങ്ങ് കമ്പനിയായ ബാർകിന്റെ മുൻ സിഇഒ പാർഥോ ദാസ് ഗുപ്തയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകൾ ഞെട്ടിക്കുന്നതാണെന്ന് പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്റെ കുടുംബം. വാർത്ത വിശ്വസിക്കാനാവുന്നില്ല, സത്യമാണെങ്കിൽ അത് രാജ്യത്തെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണെന്നും ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻ വയനാട് ലക്കിടി സ്വദേശി വസന്തകുമാറിന്റെ സഹോദരൻ സജീവ് ചന്ദ്രിക ഓൺലൈനിനോട് പറഞ്ഞു. പുൽവാമ ആക്രമണം മറ്റെല്ലാ മാധ്യമങ്ങളേക്കാളും നേരത്തെ റിപ്പോർട്ട് ചെയ്തത് തങ്ങളുടെ വിജയമായാണ് അർണബ് വാട്‌സ്ആപ്പിൽ പറയുന്നത്. ‘നമ്മൾ ഇത്തവണ ജയിക്കും’ എന്നായിരുന്നു പുൽവാമ ആക്രണമണം അറിഞ്ഞതിനു ശേഷം അർണബ് പ്രതികരിച്ചത്.
‘ജീവിതത്തിന്റെ നല്ല കാലം മുഴുവൻ രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്നവരാണ് പട്ടാളക്കാർ. അവർ കാവലിരിക്കുന്നത് കൊണ്ടാണ് നമ്മൾ സ്വസ്ഥമായി ഉറങ്ങുന്നത്. കുടുംബവും നാടും വിട്ട്, കൊടും തണുപ്പിൽ രാജ്യത്തിനായി പോരാടുന്നവരെ പോലും രാഷ്ട്രീയക്കാർ സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നു എന്നത് വിശ്വസിക്കാൻ പ്രയാസമാണ്.’ സജീവ് പറയുന്നു. സംഭവത്തിൽ അടിന്തിരമായി അന്വേഷണം നടത്തി വസ്തുതകൾ രാജ്യത്തെ ജനങ്ങളെ അറിയിക്കാൻ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2019 ഫെബ്രുവരി 14നാണ് രാജ്യത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തി പുൽവാമയിൽ 40 ജവാന്മാർ വീരമൃത്യു വരിച്ചത്. വയനാട് സ്വദേശി വസന്തകുമാർ ഉൾപ്പടെ 40 സിആർപിഎഫ് ജവാന്മാർക്കാണ് അന്ന് ജീവൻ നഷ്ടമായത്. ജമ്മുവിൽനിന്നും ശ്രീനഗറിലേക്ക് വരികയായിരുന്ന സൈനിക വാഹനത്തിനുനേരെ സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചു കയറ്റിയായിരുന്നു ആക്രമണം. ആക്രമണത്തിൽ കൊല്ലപ്പെട്ട ഏക മലയാളി പട്ടാളക്കാരനായിരുന്നു ധീരജവാൻ വസന്ത്കുമാർ.
വസന്തകുമാറിന്റെ അമ്മയും ഭാര്യയും രണ്ട് മക്കളും ലക്കിടിയിലെ വീട്ടിൽ തന്നെയാണ് ഇപ്പോഴും താമസിക്കുന്നത്. തുറമുഖ വകുപ്പിൽ ജോലിയുള്ള സജീവ് സ്ഥലം മാറ്റത്തിനായി ഒന്നര വർഷം മുന്നേ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നവെങ്കിലും ഇതുവരെ സർക്കാർ നടപടിയെടുത്തിട്ടില്ല. വസന്തകുമാറിന്റെ പിതൃസഹോദര പുത്രനാണ് സജീവ്.
2019 ഫെബ്രുവരി 23ന് നടന്ന അർണബിന്റെ ചാറ്റുകളാണ് ഇപ്പോൾ പുറത്തായത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ചാറ്റിലുള്ളത്. പുൽവാമക്കു തിരിച്ചടിയായി ഇന്ത്യ പാകിസ്ഥാനിലെ ബാലാക്കോട്ടിൽ നടത്തിയ ആക്രമണം അർണബ് മുൻകൂട്ടി അറിഞ്ഞിരുന്നതായി ചാറ്റിൽ നിന്ന് സൂചന ലഭിക്കുന്നുവെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. പുൽവാമ ആക്രമണം മറ്റെല്ലാ മാധ്യമങ്ങളേക്കാളും നേരത്തെ റിപ്പോർട്ട് ചെയ്തത് തങ്ങളുടെ വിജയമായാണ് അർണബ് പറയുന്നത്. നിരവധി പ്രമുഖർ ചാറ്റിന്റെ സ്‌ക്രീൻഷോട്ടുകൾ പങ്കുവെച്ചിട്ടുണ്ട്. റേറ്റിങ് തട്ടിപ്പു കേസിൽ ജയിലിലാണ് പാർഥോ ദാസ് ഗുപ്ത ഇപ്പോൾ. സെറ്റ് ടോപ് ബോക്‌സുകളിൽ പ്രത്യേക സോഫ്റ്റ്‌വെയർ സ്ഥാപിച്ച് ചാനലുകളുടെ റേറ്റിങ് കൃത്യമായി എടുക്കാനുളള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പദ്ധതി അട്ടിമറിക്കണമെന്ന് ദാസ് അർണബിനോട് അഭ്യർഥിക്കുന്നന്നതും ചാറ്റിൽ ഉണ്ട്. പ്രധാനമന്ത്രിയുടെ ഓഫിസിലും കേന്ദ്രത്തിലുമുള്ള അർണബിന്റെ ബന്ധം അടിവരയിടുന്ന ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്.

ഇരുവരും തമ്മിലെ സംഭാഷണം ചുവടെ:

അർണബ് ഗോസ്വാമി: എന്തെങ്കിലും വലുത് സംഭവിക്കും
പാർഥോ ദാസ് ഗുപ്ത: ദാവൂദ്?
അർണബ് ഗോസ്വാമി: അല്ല സാർ, പാക്കിസ്താൻ.. എന്തെങ്കിലും വലുത് ഇത്തവണ നടക്കും
പാർഥോ ദാസ് ഗുപ്ത: കൊള്ളാം
പാർഥോ ദാസ് ഗുപ്ത: ഇപ്പോൾ ആ വലിയ മനുഷ്യന് ഇത് വളരെ നല്ലതാണ്?. അദ്ദേഹം തിരഞ്ഞെടുപ്പ് തൂത്തുവാരും. സ്‌ട്രൈക്കോ അതോ അതിലും വലുതോ?
അർണബ് ഗോസ്വാമി: സ്‌ട്രൈക്കിനേക്കാൾ വലുത്. കശ്മീരിനെ സംബന്ധിച്ച് വളരെ വലുത്.