മുംബൈ: ആര്‍കിടെക്ട് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യമില്ല. അലിബാഗ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. പൊലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളിയ കോടതി ഗോസ്വാമിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു.

അതിനിടെ, ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന അര്‍ണബിന്റെ ഹര്‍ജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇതിനൊപ്പം ജാമ്യഹര്‍ജിയും ഫയല്‍ ചെയ്യുമെന്നാണ് സൂചന.

വനിതാ പൊലീസുകാരിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ അര്‍ണബിനെതിരെ മറ്റൊരു കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അര്‍ണബിനൊപ്പം ഭാര്യയെയും മകനെയും മറ്റ് രണ്ട് കുടുംബാംഗങ്ങളെയും പ്രതിചേര്‍ത്തു. റായ്ഗഡ് ലോക്കല്‍ ക്രൈബ്രാഞ്ചിലെ ഉദ്യോഗസ്ഥയുടെ പരാതിയില്‍ മുംബൈ എന്‍എം ജോഷി മാര്‍ഗ് പൊലീസ് സ്റ്റേഷനിലാണ് കേസ്.

ബുധനാഴ്ച രാവിലെയാണ് ഗോസ്വാമിയെ മുംബൈയിലെ വീട്ടില്‍ നിന്ന് പൊലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകിട്ടു തന്നെ കൂട്ടു പ്രതികളായ ഫിറോസ് ശൈഖ്, നിതേഷ് ദര്‍ദ എന്നിവര്‍ക്കൊപ്പം അര്‍ണബിനെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായിക് ആത്മഹത്യ ചെയത് കേസില്‍ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് അര്‍ണബിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.