കോഴിക്കോട്: കേന്ദ്രത്തിലും കേരളത്തിലും ഭരണമാറ്റത്തിന്റെ കാഹളം മുഴങ്ങിക്കഴിഞ്ഞതായി മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഗുജറാത്തി ഹാളില്‍ യു.ഡി.എഫ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തില്‍ മോദി ഭരണം കുറ്റിയടിച്ച് കെട്ടിയിരിക്കുന്നു എന്നായിരുന്നു തുടക്കത്തില്‍ പ്രചരിപ്പിച്ചിരുന്നത്. ഭരണമാറ്റം ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇന്ന് സ്ഥിതി മാറി. ഭരണം നിലനിര്‍ത്താന്‍ ചില്ലറ പൊടിക്കൈകള്‍ പ്രയോഗിക്കുന്നുണ്ട്. എന്നാല്‍ ഒന്നും ഏശുന്നില്ല. നാലര വര്‍ഷത്തെ ഭരണം ജനങ്ങളെ കൊള്ളയടിക്കുന്ന വിധത്തിലാണ്. പെട്രോളിന്റെയും ഡീസലിന്റെയും വിലക്കയറ്റം ആര്‍ക്കാണ് ന്യായീകരിക്കാന്‍ കഴിയുക? കുഞ്ഞാലിക്കുട്ടി ചോദിച്ചു.
നോട്ട്‌നിരോധനം എന്ന ശുദ്ധഭ്രാന്തിലൂടെയുണ്ടായ പ്രതിസന്ധി കൃഷിക്കാരെയും ഇടത്തരക്കാരെയും ചെറുകിട വ്യവസായികളെയും ദുരിതത്തിലാക്കി. എല്ലാവരും തളര്‍ന്നു. അഴിമതിയുടെ ഊക്കന്‍ കഥകളാണ് എങ്ങും കേള്‍ക്കുന്നത്. വായ തൊടാതെ എല്ലാം വിഴുങ്ങുകയാണ്. മന്‍മോഹന്‍സിങിന്റെ കാലത്ത് ചൈന കഴിഞ്ഞാല്‍ ഇന്ത്യ എന്നായിരുന്നു സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തിയിരുന്നത്. ഇന്ന് എന്താണ് സ്ഥിതി. രാജ്യത്തിന്റെ വളര്‍ച്ച കുത്തകകളില്‍ മാത്രം ഒതുങ്ങുകയാണ്.

വിഭാഗീയതയും ചേരിതിരിവും ഉണ്ടാക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. അദ്വാനിയും വാജ്‌പേയിയും ഭരണസാരഥ്യം വഹിക്കുമ്പോള്‍ ഇന്ത്യ തിളങ്ങുന്നു എന്ന വ്യാജ പ്രചാരണത്തിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ക്ക് വീണ്ടും അധികാരത്തിലെത്താന്‍ കഴിഞ്ഞില്ല. അതുതന്നെയാണ് ആവര്‍ത്തിക്കാന്‍ പോകുന്നത്. ബി.ജെ.പി വിരുദ്ധ കക്ഷികളുടെ മുന്നണി അധികാരത്തില്‍ വരും.

കേരളത്തില്‍ ഓഖി ദുരന്തത്തിന്റെയും പ്രളയത്തിന്റെയും മറവില്‍ രക്ഷപ്പെടാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബ്രൂവറി അഴിമതിയെപറ്റിയാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. കിന്‍ഫ്രയുടെ സ്ഥലം ബ്രൂവറിക്കായി കൊടുത്തില്ല എന്ന് വ്യവസായമന്ത്രി ഇ.പി ജയരാജന്‍ പറയുന്നു. കൊടുത്തുവെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണനും പറയുന്നു. പിന്നെ സ്ഥലം കൊടുത്തത് ആകാശത്താണോ-കുഞ്ഞാലിക്കുട്ടി ചോദിച്ചു.

യു.ഡി.എഫില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വേഗത്തില്‍ തീരുമാനമെടുക്കുമെന്ന് കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജനാധിപത്യത്തെയും ഭരണകൂട സംവിധാനത്തെയും മാനിക്കാത്ത മോദിയെ ജനങ്ങള്‍ ബഹിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി. ശങ്കരന്‍ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍, എം.കെ രാഘവന്‍ എം.പി, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍, അഡ്വ. കെ. പ്രവീണ്‍ കുമാര്‍, മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ സി. മോയിന്‍കുട്ടി, എം.സി മായിന്‍ഹാജി, ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല, യൂത്ത്‌ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം,ദളിത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് യു.സി രാമന്‍, കേരള കോണ്‍ഗ്രസ് എം. നേതാവ് ജോണ്‍ പൂതക്കുഴി, കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എം.എ റസാഖ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.