വോളിബോളിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, എഴുതുമ്പോള്‍ എന്നും ആദ്യം മുന്നില്‍ വരുന്ന വലിയ ചിത്രം ജിമ്മി ജോര്‍ജ്ജിന്റേതാണ്. ഒളിംപിക്‌സ് പോല വലിയ വേദികളില്‍ സെമിഫൈനലിന്റെ ചൂടും കരുത്തുമറിഞ്ഞവരായിരുന്നു ഒരു കാലത്ത് നമ്മുടെ വോളിയെങ്കില്‍ ഇടക്കാലത്ത് നമ്മുടെ കായിക ദൗര്‍ബല്യത്തിന്റെ ഇരകളായി വോളിയും അകാല ചരമത്തിന്റെ വേദനാ മുഖത്താണ്.
ബ്രസീലുള്‍പ്പെടെ ലാറ്റിനമേരിക്കന്‍ ശക്തികള്‍ ലോക വോളിയില്‍ ഉയരങ്ങളിലെത്തിയപ്പോള്‍ ഹോക്കിയെ ഓസ്‌ട്രേലിയക്കും ഹോളണ്ടിനും മുന്നില്‍ അടിയറ വെച്ചത് പോലെ നമ്മള്‍ പലരെയും കുറ്റം പറഞ്ഞും സ്വയം ശപിച്ചും കരകാണാക്കയത്തില്‍ മുങ്ങിതാണു.
ജിമ്മി ജോര്‍ജ്ജിന്റെ സ്മരണകളില്‍ വോളിബോള്‍ നഗരം വിട്ട് ഗ്രാമങ്ങളില്‍ ഒതുങ്ങിയെങ്കിലും ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ കുതിച്ചും കിതച്ചും കേരളത്തിന്റെ പോരാളികള്‍ വോളിയെന്ന ഗെയിമിനെ നാട് മറന്നിട്ടില്ലെന്ന് തെളിയിച്ചു. കൂറെ കാലത്തെ കാത്തിരിപ്പിന് ശേഷം പോയ വാരത്തില്‍ നമ്മുടെ പുരുഷ ടീം ദേശീയ സീനിയര്‍ വോളിയില്‍ ആവേശപ്പോരാട്ടത്തില്‍ ശക്തരായ റെയില്‍വേസിനെ അഞ്ച് സെറ്റ് പോരാട്ടത്തില്‍ തകര്‍ത്ത് ദേശീയ ചാമ്പ്യന്മാരായി.
വനിതാ സംഘം മിന്നും പ്രകടനം നടത്തി കലാശക്കളി വരെയെത്തി. വോളിയില്‍ കേരളം കളിക്കുന്നത് കേരളത്തോട് തന്നെയാണെന്ന വിരോധാഭാസം പുതിയതല്ല. തമിഴ്‌നാട്, കര്‍ണാടക, റെയില്‍വേസ് മറ്റ് ഡിപ്പാര്‍ട്ട്‌മെന്റല്‍ ടീമുകള്‍ ഇവക്കായെല്ലാം കളിക്കുന്നത് മലയാളി താരങ്ങളാണ്. ഇന്ന് കേരളത്തിന് കളിക്കുന്നവരാണ് നാളെ തമിഴ്‌നാട്ടിലേക്ക് ചേക്കേറുന്നത്.
മറ്റന്നാള്‍ ഇവരാണ് റെയില്‍വേസിന്റെ കുപ്പായത്തില്‍ കളിക്കുന്നത്. ഈ ഗതികേടിലേക്ക് മലയാളി താരങ്ങള്‍ പോവാന്‍ കാരണം അവരുടെ ജീവിതം ഭദ്രമാക്കാനാണ്. താരങ്ങള്‍ക്ക് ജോലിയും ജീവിതവും നല്‍കുന്ന കാര്യത്തില്‍ നമ്മുടെ ഭരണകൂടം ഇപ്പോഴും പ്രഖ്യാപന പാതയില്‍ മാത്രമാണ്. ഏത് വലിയ മീറ്റ് കഴിഞ്ഞാലും കായിക മന്ത്രിയോ സര്‍ക്കാരോ വലിയ ആവേശപ്രഖ്യാപനം നടത്തും. വലിയ ജോലി, പ്രതിഫലം തുടങ്ങിയ വാഗ്ദാനങ്ങളെല്ലാം കേട്ട് താരങ്ങള്‍ സംതൃപ്തരാവും. പക്ഷേ യാഥാര്‍ത്ഥ്യത്തിന്റെ മൈതാനത്തേക്ക് വരുമ്പോള്‍ എന്തെല്ലാമാണ് കടമ്പകള്‍.
ഉദ്യോഗസ്ഥര്‍ എന്ന് പറയുന്ന വഴി മുടക്കികള്‍ നിയമപുസ്തകത്തിന്റെ പേജുകള്‍ നിരത്തും. ഐ.എ.എസ് ഓഫീസര്‍മാ രാണ് പല വകുപ്പുകളുടെ യും തലവന്മാര്‍. സര്‍ക്കാര്‍ ജോലി പ്രഖ്യാപിച്ചാലും ഫയലുകള്‍ എത്തുക ഈ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലാവും. അപ്പോഴാവും ഇവരുടെ പെരുന്തച്ചന്‍ കോംപ്ലക്‌സ് പുറത്ത് വരുക- ഒരു ടെസ്റ്റും എഴുതാതെ, മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാതെ ഇവനാരടാ ജോലി നേടാന്‍ എന്നതാണ് അവരുടെ ചോദ്യം.
കായിക വേദിയില്‍ മികവ് പ്രകടിപ്പിച്ചതിനുളള അംഗീകാരമാണെന്ന് പറഞ്ഞാല്‍ പോലും അംഗീകരിക്കില്ല. ഈ അടുത്ത് കണ്ടതല്ലേ പൊലീസ് തലപ്പത്തെ ചില ഏമാന്‍മാരുടെ കോംപ്ലക്‌സ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഫൈനല്‍ കൊച്ചിയില്‍ നടന്നപ്പോള്‍ അത് കാണാന്‍ ഐ.എം വിജയന്‍ എന്ന ഇന്ത്യ കണ്ട മികച്ച ഫുട്‌ബോളര്‍ക്ക് വി.ഐ.പി പാസ് കൊടുക്കുന്നതിന് പാര പണിതത് വിജയന്‍ ജോലി ചെയ്യുന്ന പൊലീസിലെ തന്നെ ചില കേമന്മാരാണ്. വിജയന്‍ എന്ന പാവം തൃശൂരുകാരന് കാല്‍പ്പന്ത് മൈതാനത്ത് പെരുമ തെളിയിച്ചാണ് പൊലീസായത്-അല്ലാതെ പൊലീസ് പരിശീലനത്തിലല്ല.
ഞങ്ങള്‍ കൊമ്പന്മാര്‍ വെയിലത്ത് ഡ്യൂട്ടി ചെയ്യുമ്പോള്‍ വിജയനെങ്ങനെ വി.ഐ.പി ലോഞ്ചില്‍ സച്ചിനെ പോലുളളവരുമൊത്ത് കളി കാണുമെന്ന ചിന്തിക്കുന്ന സീനിയേഴ്‌സ് ഗ്രൂപ്പിലുള്ളവരാണ് മിക്ക ഉദ്യോഗസ്ഥരും. കേരളത്തിന് വോളി കിരീടം സമ്മാനിച്ച സംഘത്തിലെ പ്രധാനിയാണ് ലിബറോ രതീഷ്. പ്രായം 35 കഴിഞ്ഞിട്ടും ഈ കോഴിക്കോട്ടുകാരന് ജോലിയില്ല.
മാനദ ണ്ഡ ങ്ങളും നിയമ പുസ്തകവുമെ ല്ലാം നോക്കിയാല്‍ ഇനി ജോലി കിട്ടാന്‍ തടസങ്ങള്‍ മാത്രമേയുള്ളു. സംസ്ഥാനത്തിന് വേണ്ടി കിരീടം സമ്മാനിച്ചിട്ടും കളി കഴിഞ്ഞാല്‍ തൊഴില്‍ ഇല്ലാതെ ജീവിതത്തിന് മുന്നില്‍ സ്മാഷ് ഉതിര്‍ക്കാന്‍ കഴിയാതെ നില്‍ക്കുന്ന താരത്തിന്റെ വേദന പറഞ്ഞറിയിക്കേണ്ടതില്ല. രതീഷിന് മാത്രമല്ല വനിതാ സംഘത്തിലെ മൂന്ന് പേര്‍ക്ക് ജോലിയില്ല.
ജോലിയില്ലാതെ വരുമ്പോള്‍ ഇവര്‍ ജോലി തേടി പോവാന്‍ നിര്‍ബന്ധിതരാവും. അവിടെ വല വിരിച്ച് ഡിപ്പാര്‍ട്ട്‌മെന്റല്‍ ഉദ്യോഗസ്ഥരും അന്യ സംസ്ഥാനക്കാരുമുണ്ടാവും. അവരുടെ വലയിലേക്ക് ഇവര്‍ കയറും. 2010 വരെ ഒരു വര്‍ഷം 50 കായിക താരങ്ങള്‍ക്ക് ജോലി സംവരണം ഉറപ്പ് വരുത്തിയിരുന്നു കേരളം. ഇടക്കാലത്ത് ആ സംവരണം അട്ടിമറിച്ചതും നമ്മുടെ ഉദ്യോഗസ്ഥ പ്രബുദ്ധികളാണ്.
മികവ് പ്രകടിപ്പിക്കുന്ന സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് ജോലി ഉറപ്പ് നല്‍കാന്‍ സര്‍ക്കാര്‍ കര്‍ശനമായി തന്നെ രംഗത്ത് വരണം. പ്രഖ്യാപനത്തിലുള്ള വിശ്വാസം എല്ലാവര്‍ക്കും നഷ്ടമായതിനാല്‍ പ്രവര്‍ത്തനമാണ് അത്യാവശ്യം. സ്‌പോര്‍ട്‌സ് കൗണ്‍സിലും കായിക വകുപ്പും രംഗത്തിറങ്ങിയാല്‍ അവര്‍ക്കൊപ്പം മാധ്യമങ്ങളും ജനങ്ങളുമുണ്ടാവും. വോളിക്കാര്‍ മാത്രമല്ല കായിക താരങ്ങളാരും നാട് വിടില്ല