Connect with us

Sports

കുബിലാസിന്റെ പെറു

Published

on

 

ലാറ്റിനമേരിക്ക എന്ന് കേള്‍ക്കുമ്പോള്‍ ഫുട്‌ബോള്‍ മനസ്സിലേക്ക് ഓടിവരുന്ന രണ്ട് രാജ്യങ്ങള്‍ ബ്രസീലും അര്‍ജന്റീനയുമാണ്. ഇവര്‍ കഴിഞ്ഞാല്‍ ഉറുഗ്വേയും പിന്നെ ചിലിയും. അതും കഴിഞ്ഞാല്‍ കൊളംബിയ… പക്ഷേ ഫിഫയുടെ റാങ്കിംഗ് പട്ടിക നോക്കു-ലോക ഫുട്‌ബോള്‍ രാജ്യങ്ങളില്‍ പതിനൊന്നാം സ്ഥാനത്തൊരു ലാറ്റിനമേരിക്കന്‍ ശക്തിയുണ്ട്-പെറു. നിലവിലെ റാങ്കിംഗില്‍ നമ്പര്‍ വണ്‍ ലോക ചാമ്പ്യന്മാരായ ജര്‍മനിയാണ്. 2-ബ്രസീല്‍,3-ബെല്‍ജിയം, 4-പോര്‍ച്ചുഗല്‍, 5-അര്‍ജന്റീന, 6-സ്വിറ്റ്‌സര്‍ലാന്‍ഡ്, 7-ഫ്രാന്‍സ്, 8-സ്‌പെയിന്‍, 9-ചിലി, 10-പോളണ്ട്, 11-പെറു……… ഇത് കഴിഞ്ഞ മാത്രമേ ഇംഗ്ലണ്ടിനും ഉറുഗ്വേക്കും ഇറ്റലിക്കുമെല്ലാം സ്ഥാനമുള്ളു.
കൊമ്പന്മാരുടെ ലാറ്റിനമേരിക്കയില്‍ നിന്നും ലോകകപ്പിനെത്തുക എന്നത് ചില്ലറ കാര്യമല്ല. ആകെ പത്ത് രാജ്യങ്ങളേ വന്‍കരയിലുള്ളു. പക്ഷേ എല്ലാവരും ഒന്നിനൊന്ന് ശക്തരാണ് കാല്‍പ്പന്ത് ലോകത്ത്. 1930 ല്‍ ഉറുഗ്വേ ജേതാക്കളായ കന്നി ലോകകപ്പില്‍ പന്ത് തട്ടിയവരാണ് പെറു. ഇതുള്‍പ്പെടെ നാല് ലോകകപ്പിന്റെ പാരമ്പര്യം. പക്ഷേ 1970 ലും 78 ലും ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ കളിച്ച ടീമിന് 1982 ലെ ലോകകപ്പിന് ശേഷം വലിയ വേദിയിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല.
36 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലോകകപ്പ് വേദിയിലേക്ക് പെറുവിനെ തിരിച്ചു കൊണ്ടുവന്നതിന്റെ ക്രെഡിറ്റ് റെക്കാര്‍ഡോ ഗാര്‍സിയ എന്ന പരിശീലകനാണ്. 2015 ലാണ് പെറുവിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അര്‍ജന്റീനക്കാരനായ ഗാര്‍സിയയെ ദേശീയ ടീമിന്റെ ചുമതലയേല്‍പ്പിച്ചത്. അതിന് ശേഷം കണ്ടത് സ്ഥിരതയുള്ള പ്രകടനങ്ങളായിരുന്നു. ബ്രസീല്‍, അര്‍ജന്റീന എന്നിവര്‍ക്കെതിര പോലും ആധികാരികമായി കളിച്ചു. അവസാന യോഗ്യതാ പോരാട്ടത്തില്‍ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറി മറിയുന്ന ഘട്ടത്തില്‍ ക്വിറ്റയില്‍ ഇക്വഡോറിനെ വീഴ്ത്തിയതോടെയാണ് റഷ്യന്‍ ടിക്കറ്റ് എന്ന വലിയ സ്വപ്‌നത്തിന്റെ പ്ലേ ഓഫ് ടിക്കറ്റ് നേടിയത്. ലാറ്റിനമേരിക്കയിലെ അഞ്ചാമന്മാര്‍ ഓഷ്യാനയിലെ ജേതാക്കളുമായി പ്ലേ ഓഫ് കളിക്കണമെന്നിരിക്കെ ആ പോരാട്ടത്തില്‍ ടീമിന് നിര്‍ണായക വിജയഗോള്‍ സമ്മാനിച്ച ജെഫേഴ്‌സണ്‍ ഫെര്‍ഫാനാണ് ടീമിന്റെ സൂപ്പര്‍ സ്റ്റാര്‍. വയസ്സ് 33 ആയി ജെഫേഴ്‌സണ്. പക്ഷേ നിര്‍ണായക ഘട്ടത്തില്‍ ടീമിനെ തുണക്കുന്ന ഗോളുകളെല്ലാം നേടിയത് ഈ വെറ്ററന്‍ സ്‌ട്രൈക്കറാണ്. പെഡ്രോ ഗലാസി, ജോസ് കാര്‍വാലോ, ആല്‍ബെര്‍ട്ടോ റോഡ്രിഗസ്, എഡില്‍സണ്‍ ഫ്‌ളോറെ തുടങ്ങിയവരാണ് ടീമിലെ പ്രധാനികള്‍. 16 ന് ഡെന്മാര്‍ക്കുമായാണ് പെറുവിന്റെ ആദ്യ മല്‍സരം. മോര്‍ദോവിയ അറീനയിലെ ഈ മല്‍സരമാണ് ടീമിന് പ്രധാനം. 21 ന് ഫ്രാന്‍സിനെയും 26ന് ഓസ്‌ട്രേലിയയെും ടീം നേരിടും. ടിയോഫിലോ കുബിലാസ് എന്ന വിഖ്യാതനായ താരമാണ് പെറുവിന്റെ ഫുട്‌ബോള്‍ മുഖം. 1970 ല്‍ മെക്‌സിക്കോയില്‍ നടന്ന ലോകകപ്പില്‍ മിന്നിത്തിളങ്ങിയ മുന്‍നിരക്കാരനായ കുബിലാസ് ആ ലോകകപ്പിലെ ഏറ്റവും മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫുട്‌ബോള്‍ രാജാവ് പെലെ ആ ലോകകപ്പിന് ശേഷം പറഞ്ഞത് എനിക്ക് ശക്തനായൊരു പിന്‍ഗാമിയുണ്ടായിരിക്കുന്നു-അവനാണ് ടിയോഫിലോ കുബിലാസ് എന്നാണ്. 70 ലെ ലോകകപ്പില്‍ പെറു നാല് മല്‍സരങ്ങള്‍ കളിച്ചിരുന്നു. എല്ലാ മല്‍സരത്തിലും കുബിലാസ് ഗോളും നേടി. മൊറോക്കെക്കെതിരായ മല്‍സരത്തില്‍ രണ്ട് ഗോളുകള്‍ നേടിയതോടെ അദ്ദേഹത്തിന്റെ ചാമ്പ്യന്‍ഷിപ്പ് ഗോള്‍ സമ്പാദ്യം അഞ്ചായി ഉയര്‍ന്നിരുന്നു. ആ ലോകകപ്പില്‍ ബള്‍ഗേറിയക്കെതിരായ മല്‍സരത്തിന്റെ ഒരു ഘട്ടത്തില്‍ പെറു രണ്ട് ഗോളിന് പിറകിലായിരുന്നു. രണ്ടാം പകുതിയില്‍ കുബിലാസ് മിന്നിയപ്പോള്‍ 3-2ന് ടീം മല്‍സരം ജയിച്ചു. ഈ മല്‍സരത്തലേന്നായിരുന്നു പെറുവില്‍ വന്‍ ഭൂചലനമുണ്ടായത്. ഉദ്ദേശം അമ്പതിനായിരത്തോളം പേര്‍ അന്ന് മരണപ്പെട്ടു. കരഞ്ഞിരുന്ന രാജ്യത്തിന് പക്ഷേ ആ ലോകകപ്പ് ജയം വലിയ ആശ്വാസമായിരുന്നെന്ന് പിന്നിട് കുബിലാസ് എഴുതിയിരുന്നു. അന്നത്തെ ക്വാര്‍ട്ടര്‍ പോരാട്ടം പെലെയുടെ ബ്രസിലുമായിട്ടായിരുന്നു. തോല്‍ക്കാനായിരുന്നു വിധി. പക്ഷേ കുബിലാസിനെ തേടി വലിയ ബഹുമതി ആ ലോകകപ്പിന് ശേഷം വന്നു. ലോകകപ്പിന് ശേഷം ഫുട്‌ബോള്‍ രാജാവ് പെലെയോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചു-1974 ലെ ലോകകപ്പില്‍ താങ്കള്‍ കളിക്കുമോയെന്ന്. ഇല്ല എന്ന് മറുപടി നല്‍കിയ പെലെ ഉടന്‍ പറഞ്ഞു എനിക്ക് പകരം എന്റെ പിന്‍ഗാമി കുബിലാസ് ലോകകപ്പിനുണ്ടാവുമെന്ന്. പക്ഷേ 74 െലെ ലോകകപ്പിന് പെറു യോഗ്യത നേടിയില്ല. പെലെയുടെ പിന്‍ഗാമി അങ്ങനെ വിസ്മൃതിയിലായി. 82 ലായിരുന്നു പിന്നെ പെറുവിനെ ലോകം കണ്ടത്. അതിന് ശേഷം വീണ്ടും ദീര്‍ഘാവധി. ഇപ്പോള്‍ റഷ്യയില്‍. കുബിലാസിന്റെ പിന്‍ഗാമികള്‍ക്ക് കാര്യങ്ങള്‍ പക്ഷേ എളുപ്പമല്ല.

Football

മെസിയുടെ ഇരട്ട ഗോളില്‍ അര്‍ജന്റീന; ബ്രസീലിനും ജയം

ജയത്തോടെ തോല്‍വി അറിയാതെ 35 രാജ്യാന്തര മത്സരങ്ങള്‍ അര്‍ജന്റീന പൂര്‍ത്തിയാക്കി.

Published

on

2022 ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരങ്ങളില്‍ ബ്രസീലിനും അര്‍ജന്റീനയ്ക്കും ജയം. അര്‍ജന്റീന 3-0 ന് ജമൈക്കയെ തോല്‍പ്പിച്ചപ്പോള്‍ ബ്രസീല്‍ 5 -1 ന് ടുണീഷ്യയെ കീഴടക്കി.

സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇരട്ട ഗോളാണ് അര്‍ജന്റീനയ്ക്ക് മിന്നും ജയം സമ്മാനിച്ചത്. പകരക്കാരനായെത്തിയാണ് മെസി ഇരട്ട ഗോള്‍ നേടിയത്. 86, 89 എന്നി മിനിറ്റുകളിലാണ് മെസിയുടെ ഗോളുകള്‍ പിറന്നത്. നേരത്തെ ആദ്യ പകുതിയില്‍ ജൂലിയന്‍ ആല്‍വരേസ് നേടിയ ഗോളിലാണ് അര്‍ജന്റീന ലീഡ് നേടിയത്.

രണ്ടാം പകുതിയില്‍ ലൗട്ടാരൊ മാര്‍ട്ടിനെസിനെ പിന്‍വലിച്ചാണ് ലയണല്‍ മെസിയെ കോച്ച് കളത്തില്‍ ഇറക്കിയത്. ജയത്തോടെ തോല്‍വി അറിയാതെ 35 രാജ്യാന്തര മത്സരങ്ങള്‍ അര്‍ജന്റീന പൂര്‍ത്തിയാക്കി.

ലോക റെക്കോര്‍ഡ് കരസ്ഥമാക്കാന്‍ അര്‍ജന്റീനയ്ക്ക് മൂന്ന് ജയം മാത്രമാണ് ഇനി ബാക്കി വേണ്ടത്. തുടര്‍ച്ചയായി പരാജയമറിയാതെ 37 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇറ്റലിയാണ് മുന്‍പിലുള്ളത്.

ടുണീഷ്യക്കെതിരെ നടന്ന മത്സരത്തില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ 29 ാം മിനിറ്റില്‍ സ്‌കോര്‍ ചെയ്തു. പെനല്‍റ്റി കിക്കിലൂടെയാണ് താരം ഗോള്‍ കണ്ടെത്തിയത്. ബ്രസീലിനായി റാഫീഞ്ഞ ഇരട്ട ഗോള്‍ നേടി. 11, 40 മിനിറ്റുകളില്‍ ആയിരുന്നു റാഫീഞ്ഞയുടെ ഗോളുകള്‍.

റിച്ചാര്‍ലിസണ്‍ 19 ാം മിനിറ്റിലും പെട്രൊ 74 ാം മിനിറ്റിലും ബ്രസീലിനായി വല കുലുക്കി.

Continue Reading

Football

ഐഎസ്എല്‍ തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിയിരിക്കെ ബ്ലാസ്‌റ്റേഴ്‌സ് താരം സഹലിന് പരിക്ക്

വിയറ്റ്‌നാമിനെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് പരിക്കേറ്റത്.

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ കേരള ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ താരം സഹല്‍ അബ്ദുസ്സമദിന് പരിക്ക്.

വിയറ്റ്‌നാമിനെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് പരിക്കേറ്റത്. ആദ്യ പകുതിയുടെ 38ാം മിനുട്ടിലാണ് പരിക്കേറ്റത്. കാലിന്റെ പേശിക്ക്  വേദന അനുഭവപ്പെട്ടതിന് പിന്നാലെ താരം കളി നിര്‍ത്തുകയായിരുന്നു. കേരള താരം രാഹുല്‍ കെ.പിയാണ് പകരമിറങ്ങിയത്. സാരമായ പരിക്കാണോ  എന്ന് ഇതുവരെ വ്യക്തമല്ല.

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരം ഒക്‌ടോബര്‍ ഏഴിന് ഈസ്റ്റ്   ബംഗാളിനെതിരെയാണ്.

അതേസമയം, വിയറ്റ്‌നാമിനെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് തോല്‍വി. 10, 49, 70 മിനിറ്റുകളിലാണ് വിയറ്റ്‌നാമിന്റെ ഗോളുകള്‍ പിറന്നത്.

Continue Reading

kerala

രോഹിതും സംഘവുമെത്തി; ഗ്രീന്‍ഫീല്‍ഡ് നാളെ ബ്ലു

ഗ്രീന്‍ ഫീല്‍ഡിലെ പറക്കും വിക്കറ്റില്‍ നാളെ ഇന്ത്യ- ദക്ഷിണാഫ്രിക്ക ആവേശപ്പോര്.

Published

on

തിരുവനന്തപുരം: ഗ്രീന്‍ ഫീല്‍ഡിലെ പറക്കും വിക്കറ്റില്‍ നാളെ ഇന്ത്യ- ദക്ഷിണാഫ്രിക്ക ആവേശപ്പോര്. ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിനായി രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ തിരുവനന്തപുരത്തെത്തി. ഇന്ത്യന്‍ താരങ്ങള്‍ തലസ്ഥാനത്ത് വിമാനമിറങ്ങിയതോടെ ആരാധകര്‍ നിറഞ്ഞ ആവേശത്തിലാണ്. ഹൈദരാബാദില്‍ നിന്നും ഇന്നലെ 4.30 നെത്തിയ വിമാനത്തിലാണ് ടീം ഇന്ത്യ എത്തിയത്. പ്രിയ താരങ്ങളെ കണ്ട ആരാധകര്‍ ജയ് വിളികളോടെയാണ് സ്വീകരിച്ചത്. ആരാധകരുടെ വലിയ നിരതന്നെ വിമാനത്താവളത്തിലുണ്ടായിരുന്നു. വിരാത് കോലിയും രോഹിത് ശര്‍മ്മയുമെല്ലാം വിമാനത്താവളത്തിന് പുറത്തെത്തിയപ്പോള്‍ ആരാധകര്‍ ആരവം മുഴക്കി.

മലയാളി താരം സഞ്ജുസാംസണും ആരാധകര്‍ ജയ് വിളിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷനും നൂറുകണക്കിന് ക്രിക്കറ്റ്‌പ്രേമികളും ചേര്‍ന്ന് താരങ്ങളെ സ്വാഗതം ചെയ്തു. കോവളം റാവിസ് ഹോട്ടലിലാണ് ഇന്ത്യന്‍ ടീമിന് താമസമൊരുക്കിയിരിക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ച് മുതല്‍ എട്ട് വരെ ടീം ഇന്ത്യ ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനത്തിറങ്ങും. അതേസമയം മുഴുവന്‍ സമയവും വിശ്രമത്തിലായിരുന്നു ഞായറാഴ്ച പുലര്‍ച്ചെ അബുദാബിയില്‍ നിന്നെത്തിയ ദക്ഷിണാഫ്രിക്കന്‍ സംഘം. അവര്‍ ഇന്നലെ പരിശീലനത്തിനിറങ്ങി. മൂന്ന് വര്‍ഷത്തിനു ശേഷം ഗ്രീന്‍ഫീല്‍ഡില്‍ എത്തിയ അന്താരാഷ്ട്ര മത്സരം നഗരത്തെയാകെ ഉണര്‍ത്തിയിട്ടുണ്ട്.

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. കേരള ക്രിക്കറ്റ് ടീം മുന്‍ നായകനും തിരുവനന്തപുരം സ്വദേശിയുമായ കെ.എന്‍ അനന്തപദ്മനാഭനും നിതിന്‍ മേനോനുമാണ് മത്സരം നിയന്ത്രിക്കുന്നത്. രണ്ടാം ട്വന്റി 20 ഒക്‌ടോബര്‍ രണ്ടിന് ആസാമിലെ ഡോ.ഭൂപന്‍ ഹസാരിക ക്രിക്കറ്റ് സ്റ്റേഡിയത്തിലും മൂന്നാം മത്സരം ഇന്‍ഡോറിലെ ഹോള്‍കര്‍ സ്റ്റേഡിയത്തിലും നടക്കും.

സൗരവ് ഗാംഗുലി സ്‌റ്റേഡിയത്തിലെത്തും

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് ഹബ്ബില്‍ നാളെ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി 20 മത്സരം കാണാന്‍ ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലി സ്‌റ്റേഡിയത്തിലെത്തും. ഇന്ത്യ ദര്‍ശിച്ച മികച്ച നായകന്മാരില്‍ ഒരാളാണ് സൗരവ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി അദ്ദേഹം ക്രിക്കറ്റ് ബോര്‍ഡിന്റെ തലവനാണ്. അടുത്ത മാസം ബി.സി.സി.ഐ വാര്‍ഷിക ജനറല്‍ ബോഡി നടക്കാനിരിക്കെ ഒരിക്കല്‍ കൂടി അദ്ദേഹം കളത്തിലിറങ്ങുമെന്നാണ് കരുതപ്പെടുന്നത്. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ തലവന്‍ സ്ഥാനത്തേക്കും കൊല്‍ക്കത്തക്കാരന്റെ പേര് ഉയരുന്നുണ്ട്. 28ന് രാവിലെ തിരുവനന്തപുരത്തെത്തുന്ന ഗാംഗുലി സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കാണും. സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ ‘സേ നോ ടു ഡ്രഗ്‌സ്’ പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും. അതിനു ശേഷമാണ് ഗ്രീന്‍ഫീല്‍ഡില്‍ എത്തുക.

Continue Reading

Trending