തിരുവനന്തപുരം: ഗതാഗത മന്ത്രിയായി തോമസ് ചാണ്ടി നാളെ ചുമതലയേല്‍ക്കും. നാളെ നാലമുണിക്കാണ് സത്യപ്രതിജ്ഞ നടക്കുന്നത്. ഏ.കെ ശശീന്ദ്രന്‍ രാജിവെച്ചൊഴിഞ്ഞ മന്ത്രിസ്ഥാനത്തേക്കാണ് തോമസ് ചാണ്ടി മന്ത്രിയായി എത്തുന്നത്.

ശശീന്ദ്രന്റെ ലൈംഗിക സംഭാഷണം പുറത്തുവിട്ട ചാനല്‍ മേധാവി ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ശശീന്ദ്രന്‍ മന്ത്രിയായി തിരികെയെത്തുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനുമായി തോമസ് ചാണ്ടി നടത്തിയ കൂടിക്കാഴ്ച്ചയില്‍ തന്നെ തോമസ് ചാണ്ടിയാണ് മന്ത്രിയെന്ന് ഉറപ്പായിരുന്നു. കൂടാതെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലും തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നീടാണ് തോമസ്ചാണ്ടി മന്ത്രിയാകുന്നതിന് സ്ഥിരീകരണമുണ്ടാകുന്നത്.

കുട്ടനാട് എം.എല്‍.എയായ തോമസ് ചാണ്ടി മന്ത്രിയാകുന്നതിന് മുന്നണിയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും എതിര്‍പ്പുണ്ടായിരുന്നു. നേരത്തെ ശശീന്ദ്രന് പകരം മന്ത്രിയാകാന്‍ തയ്യാറായിരുന്നുവെങ്കിലും കേന്ദ്രനേതൃത്വത്തിനുള്ള അതൃപ്തി കാരണം മാറിനില്‍ക്കുകയായിരുന്നു. എന്നാല്‍ പത്തുമാസത്തിന് ശേഷം മന്ത്രിസ്ഥാനം തോമസ്ചാണ്ടിയെ തേടിയെത്തുകയായിരുന്നു.