റായ്പൂര്‍: വോട്ടു ചെയ്തവരുടെ വിരല്‍ അരിയുമെന്ന് മാവോവാദികളുടെ ഭീഷണി. ഛത്തീസ്ഗഡിലെ മാവോവാദി ശക്തികേന്ദ്രങ്ങളായ മണ്ഡലങ്ങളിലാണ് വോട്ടു ചെയ്തവരുടെ വിരല്‍ അരിയുമെന്ന് ഭീഷണി മുഴക്കിയത്.

ഇതേത്തുടര്‍ന്ന് വിരലിലെ വോട്ടിങ് മഷി മായ്ക്കാനുള്ള നെട്ടോട്ടത്തിലാണ് ജനങ്ങള്‍. 60.62 ശതമാനം പോളിങ് രേഖപ്പെടുത്തിയ ദന്തേവാഡ ജില്ലയില്‍ നിന്നാണ് ഇത്തരമൊരു റിപ്പോര്‍ട്ട്. ഇന്ദ്രാവതി നദിയുടെ തീരത്തുള്ള ഏഴ് പോളിങ് ബൂത്തുകള്‍ മാവോവാദി ഭീഷണിയെത്തുടര്‍ന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിരുന്നു.

കിലോമീറ്ററുകള്‍ താണ്ടിയാണ് ആളുകള്‍ സമ്മതിദാനം നിര്‍വഹിച്ചത്. ഇവരുടെ വിരലുകള്‍ അരിയുമെന്നാണ് മാവോവാദികള്‍ ഭീഷണി മുഴക്കിയത്. 18 നിയോജകമണ്ഡലങ്ങളിലായി ഛത്തീസ്ഗഡില്‍ നടത്തിയ ആദ്യഘട്ട വോട്ടെടുപ്പില്‍ 76.28 ശതമാനം പോളിങ് രേഖപ്പെടുത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനെക്കാള്‍ ഒരു ശതമാനം അധികമാണിത്.