ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപത്തുണ്ടായ പാക് പ്രകോപനത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം ആക്രമണം നടത്തുകയായിരുന്നു.

വ്യാഴാഴ്ച രാവിലെയാണ് കുപ്വാരയിലെ നൗഗാമിലും പൂഞ്ചിലും പാക് സൈന്യത്തിന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായത്. നൗഗാം മേഖലയില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു , നാല് പേര്‍ക്ക് പരിക്കേറ്റു, പൂഞ്ചില്‍ ഒരു സൈനികനാണ് വീരമൃത്യു വരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി സൈനിക വക്താവ് കേണല്‍ രാജേഷ് കാലിയ പ്രതികരിച്ചു. പരിക്കേറ്റവരെ സൈന്യത്തിന്റെ ആശുപത്രിയിലേക്ക് മാറ്റി.

നിയന്ത്രണരേഖയിലും ഇന്ത്യന്‍ പോസ്റ്റുകളിലേക്കും പാകിസ്താന്‍ മോര്‍ട്ടാര്‍ ആക്രമണവും വെടിവെപ്പും തുടരുകയാണ്. പാക് പ്രകോപനത്തിന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ടെന്നും സൈനിക വക്താവ് പറഞ്ഞു.