ഉത്തരേന്ത്യന്‍ വര്‍ഗീയ വിഭ്രാന്തിയുടെ മൂര്‍ത്തഭാവങ്ങള്‍ കേരളത്തിലും തലപൊക്കികൊണ്ടിരിക്കുന്നു. മതഭ്രാന്ത് ബാധിച്ചവരും രാഷ്ട്രീയ പാപ്പരത്തം പേറുന്നവരും മനുഷ്യനെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കാനും രക്തം ചിന്താനും പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു. സഹിഷ്ണുതയോടെ ജീവിക്കാനും വര്‍ഗീയത വെടിയാനുമാണ് മതങ്ങള്‍ കല്‍പ്പിക്കുന്നത്. എന്താണ് വര്‍ഗീയത എന്ന ചോദ്യത്തിന് പ്രവാചകന്‍ നല്‍കിയ മറുപടി, തന്റെ ജനതയെ അക്രമത്തിലേക്ക് നയിക്കുക എന്നാണ്. എല്ലാ പച്ച കരളുള്ള ജീവിയിലും നിങ്ങള്‍ക്ക് പുണ്യമുണ്ട് എന്നും, ഒരു വ്യക്തിയെ അന്യായമായി കൊല ചെയ്താല്‍ ലോകത്തുള്ള മുഴുവന്‍ മനുഷ്യരെയും കൊന്നൊടുക്കിയതുപോലെയാണെന്നുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ കൊല ചെയ്യുന്ന മുസ്‌ലിം ചേരിയിലുള്ള സംഘടനകളെ നിഷിതമായി എതിര്‍ക്കുന്ന മുസ്‌ലിം പണ്ഡിതരെയും സംഘടനകളെയും കാണാന്‍ സാധിക്കും.

എല്ലാ രാഷ്ട്രീയ മത കൊലപാതകങ്ങളെയും എതിര്‍ക്കുന്ന അതിനോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ടേയിരിക്കുന്ന നേതൃത്വനിരയുടെ തിരംഗ കൂട്ടായ്മകള്‍ എല്ലാ സമുദായത്തില്‍ നിന്നും രൂപപ്പെട്ടുവരേണ്ടിയിരിക്കുന്നു. ആ നേതൃത്വനിര നല്‍കുന്ന മതേതര പരിപാടികള്‍ ജനാധിപത്യ ഇന്ത്യക്കും മാനവികതക്കും ശക്തമായ മുതല്‍ക്കൂട്ടാവുകയും ചെയ്യും. ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയിലെ തിരംഗയാത്ര ഇതിനുദാഹരണമാണ്. ഹിന്ദു മുസ്‌ലിം കലാപഭൂമിയാക്കാന്‍ ശ്രമിച്ച ജഹാംഗീര്‍പുരിയിലെ ഫാസിസ്റ്റ് ഗൂഢാലോചനയെ പ്രദേശവാസികളായ ഹിന്ദു മുസ്‌ലിം സഹോദരന്‍മാരും അവരുടെ നേതൃത്വവും നേരിട്ടത് ത്രിവര്‍ണ്ണ പതാകയേന്തി സൗഹൃദത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ്. ജഹാംഗീര്‍ ജനതയില്‍ വര്‍ഗീയ വിഷവിത്തുക്കള്‍ പാകാന്‍ സംഘ്പരിവാരങ്ങളെ അനുവദിക്കില്ലയെന്ന ബോധത്തോടെയും ആഹ്വാനത്തോടെയുമാണ് അവര്‍ സമാധാന ഐക്യജാഥകള്‍ അവസാനിപ്പിച്ചത്. പതിമൂന്ന് വര്‍ഷമായി അവിടെ കച്ചവടം നടത്തിയ മുഹമ്മദ് ഹസന്‍ നൂര്‍ എന്ന യുവാവ് കലാപ ദിവസം നഷ്ടപ്പെടുമായിരുന്ന തന്റെ സാധന സാമഗ്രികളുമായി എടുത്തോടിയത് അടുത്ത അമ്പലത്തിലേക്കായിരുന്നു. ഹസന്‍ നൂറിന്റെ കച്ചവട സാധനങ്ങള്‍ പണ്ഡിത്ജി അമ്പലത്തില്‍ സൂക്ഷിച്ചുവെക്കുകകയും ഒരാളും അക്രമിക്കുകയില്ലയെന്ന സുരക്ഷിത ബോധവും നല്‍കി. പണ്ഡിത്ജി എനിക്ക് രക്ഷിതാവിനെപ്പോലെയാണ് എന്നാണ് നൂര്‍ പറഞ്ഞത്. ഈയൊരു സംഭവത്തില്‍ പണ്ഡിത്ജി ഹിന്ദുമത ധര്‍മത്തിന്റെ പ്രതീകമാണ്. അമ്പലങ്ങള്‍ സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും ഇടങ്ങളുമാണ്. ഈ സനാതന മൂല്യധര്‍മങ്ങളെയാണ് ആര്‍.എസ്.എസ് പോലെയുള്ള തീവ്ര ഹിന്ദുത്വ സംഘടനകള്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. സ്‌നേഹ സൗഹൃദ ഹിന്ദു മതത്തിന്റെ ശത്രു സംഘ്പരിവാര ശക്തികളാണ്. അവര്‍ തന്നെയാണ് ഹിന്ദു മത ധാര്‍മിക മൂല്യങ്ങളെ കാര്‍ന്നു തിന്നുന്നതും. അവരില്‍ നിന്ന് ഹിന്ദുവിനെയും അമ്പലങ്ങളെയും സംരക്ഷിക്കുക എന്നതായിരിക്കും മതേതര ഇന്ത്യക്ക് ഹിന്ദു സമൂഹത്തിനും നേതൃത്വത്തിനും നല്‍കാനുള്ള ഏറ്റവും വലിയ ധര്‍മം.

1526ല്‍ ബാബറിന്റെ ആഗമനത്തോടെയാണ് ഇന്ത്യയില്‍ മുഗള്‍ അഥവാ മുസ്‌ലിം ഭരണകൂടം ആരംഭിക്കുന്നത്. 1529ല്‍ മകന്‍ ഹുമയൂണ്‍ ചക്രവര്‍ത്തിയാകുന്ന വേളയില്‍ ബാബര്‍ നല്‍കിയ കത്തില്‍ പറയുന്നത് ഇപ്രകാരമാണ്: നിനക്ക് ഈ നാട് ഭരിക്കണമെങ്കില്‍ ഇവിടത്തെ ജനങ്ങളുടെ മതപരമായ കാര്യത്തില്‍ ഒരിക്കലും ഇടപെടരുത് എന്നാണ്. ഈ ബോധ്യമാണ് ഇന്ന് നഷ്ടപെട്ടിരിക്കുന്നത്. 1206 ല്‍ ഡല്‍ഹി സുല്‍ത്താന്‍മാരുടെ ഭരണം തൊട്ട് നീണ്ട ആറു പതിറ്റാണ്ടുകാലം മുസ്‌ലിം ഭരണം ഇന്ത്യയില്‍ ഉണ്ടായിരുന്നിട്ടും 1872 ല്‍ കൊളോണിയല്‍ കാലത്ത് ബ്രിട്ടീഷുകാര്‍ നടത്തിയ ആദ്യ സെന്‍സസില്‍ ഇന്ത്യയിലെ മുസ്‌ലിം ജന സംഖ്യ 24 ശതമാനമായിരുന്നു. ഇന്ത്യയെ മതാധിഷ്ഠിത മുസ്‌ലിം രാജ്യമാക്കാനോ മതപരിവര്‍ത്തനത്തിന് വിധേയമാക്കാനോ അവര്‍ ശ്രമിച്ചിരുന്നില്ല. കാരണം ബഹുസ്വരതയിലൂന്നിയ രാഷ്ട്രമാണ് ഗുണകരവും ആരോഗ്യപരവുമായത് എന്ന യാഥാര്‍ഥ്യം അവര്‍ മനസ്സിലാക്കിയവരായിരുന്നു

ജാതീയ വേര്‍തിരിവുകളും വിഭാഗീയ കാഴ്ചപ്പാടുകളും ആദര്‍ശവത്കരിക്കുന്നിടത്ത് സജീവമായി കാണുന്ന ഒന്നാണ് ന്യൂനപക്ഷ ഭയം. ശ്രീലങ്കന്‍ നരവംശ ശാസ്ത്രജ്ഞനായ എസ്.ജെ തമ്പായ 1980 കളില്‍ ശ്രീലങ്കയില്‍ നടന്ന വംശീയ ഏറ്റുമുട്ടലിനെ കുറിച്ച് വിശേഷിപ്പിച്ചത് ഇപ്രകാരമാണ്. ജനസംഖ്യയില്‍ എഴുപത് ശതമാനത്തിലേറെയും സിംഹളരായിരുന്നു. രാജ്യത്തെ രാഷ്ട്രീയത്തേയും സൈന്യത്തേയും ഉദ്യോഗസ്ഥരേയും നിയന്ത്രിക്കുന്നതും സിംഹളര്‍ തന്നെയായിരുന്നു. അവരുടെ ബുദ്ധമതമായിരുന്നു ഔദ്യോഗിക മതം. ഭാഷയായ സിംഹള ഭാഷക്ക് മറ്റു ഭാഷകള്‍ക്കുപരിയായി ഔദ്യോഗിക പദവിയുമുണ്ടായിരുന്നു. ഇതൊക്കെയുണ്ടായിട്ടും തങ്ങള്‍ ന്യൂനപക്ഷമായ തമിഴരാല്‍ ആപത്തിലാകുമെന്ന ഭയമാണ് അവര്‍ക്കുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ന്യൂനപക്ഷമായ തമിഴര്‍ വംശീയധിക്ഷേപത്തിന് ഇരയായിക്കൊണ്ടേയിരുന്നു.ഇന്ത്യയില്‍ 1964 മുതല്‍ 2020 വരെയുള്ള കാലയളവില്‍ പ്രധാനമായും 9 കലാപങ്ങളാണ് ഉണ്ടായത്. 1964 ല്‍ ബംഗാളില്‍ ഉണ്ടായ കലാപം മുതല്‍ 2020 ല്‍ ഡല്‍ഹിയിലുണ്ടായ കലാപങ്ങളുടെയെല്ലാം പിന്നിലുള്ള മുഖ്യ കാരണം മുസ്‌ലിം വിദ്വേഷവും വെറുപ്പുമായിരുന്നു. തത്ഫലമായി പതിനായിരക്കണക്കിന് മനുഷ്യര്‍ മരണമടയുകയും മൂവായിരത്തിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും മൂന്നു ലക്ഷത്തിലധികം പേര്‍ മാറിതാമസിക്കേണ്ടതായും വന്നു. കലാപവുമായി ബന്ധപ്പെട്ട് മാനസിക സംഘര്‍ഷങ്ങളും പിരിമുറുക്കങ്ങളും അനുഭവിക്കുന്നവരുടെ കണക്കുകള്‍ വിവരണാതീതവുമാണ്.

വെറുപ്പുകളെയും വിദ്വേഷങ്ങളും പ്രാരംഭ കാലഘട്ടത്തുതന്നെ ആശയപരമായി നേരിട്ടു കൊണ്ടു വളര്‍ന്നു വ്യാപിച്ച മതമാണ് ഇസ്‌ലാം. അതുകൊണ്ടുതന്നെ വെറുപ്പിനും വിദ്വേഷത്തിനും ഇസ്‌ലാമില്‍ സ്ഥാനമില്ല. സ്‌നേഹവും സൗഹാര്‍ദവുമാണ് ഇസ്‌ലാമിന്റെ മുഖമുദ്ര. വിദ്വേഷകര്‍ക്കെതിരെയും ഫാസിസ്റ്റുകള്‍ക്കെതിരെയും വാളെടുക്കലല്ല ഇസ്‌ലാമിന്റെ താല്‍പര്യവും. ഇസ്‌ലാമിന്റെ പ്രതീകം അതിരുകളില്ലാത്ത മാനവികതയാണ്. അവിടെ വെറുപ്പിന്റെ പ്രത്യയശാസ്ത്രമില്ല. മുസ്‌ലിം വിദ്വേഷം ശക്തമാക്കി കൂട്ടക്കുരുതികളും ബലാല്‍കാരങ്ങളും ആസൂത്രണം ചെയ്യുന്ന ഫാസിസ്റ്റുകള്‍ക്ക്മുമ്പില്‍ ജനാധിപത്യത്തിന്റെ വലയങ്ങളെ ശക്തിപ്പെടുത്തുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങളുമായി മുസ്‌ലിം സമൂഹം ഒരുമയോടെ മുന്നേറണമെന്നതായിരിക്കും സമകാലിക ഇന്ത്യ ആഗ്രഹിക്കുന്നത്. മതേതര ഇന്ത്യയെ ഹിന്ദുത്വ ഭൂമികയാക്കാന്‍ നൂറ് വര്‍ഷത്തോളമായി ഫാസിസ്റ്റുകള്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ ആ ഇന്ത്യയെ മതേതരത്വത്തിന്റെ പാളയത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് ഏതു രീതിയിലുള്ള പ്രവര്‍ത്തന പദ്ധതികളാണ് മുസ്‌ലിം സമൂഹം നിര്‍വഹിക്കപ്പെടേണ്ടത് എന്നതിനെകുറിച്ചുള്ള കൃത്യമായ ബോധവും ആസൂത്രണവും മുസ്‌ലിം നേതൃത്വങ്ങള്‍ക്കുണ്ടാവേണ്ടതുണ്ട്. അതായിരിക്കും ഇപ്പോഴത്തെ സാഹചര്യത്തില്‍ ജനാധിപത്യ ഇന്ത്യയോട് നിര്‍വഹിക്കാനുള്ള ഏറ്റവും വലിയ കടമ. മതങ്ങള്‍ ജനാധിപത്യവത്കരിക്കപ്പെടുകയും ആധുനികവത്കരിക്കപ്പെടുകയും ചെയ്തുകൊണ്ടേയിരിക്കേണ്ടതുണ്ട്. സമകാലിക രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വിഷയങ്ങളെ മതപരമായ പ്ലാറ്റ്‌ഫോമുകളിലെ സ്ഥാപനങ്ങളില്‍ നിന്ന് ജനാധിപത്യപരമായി ചര്‍ച്ച ചെയ്യുമ്പോള്‍ അതിനെ സ്വാഗതം ചെയ്യുകയാണ് മതേതര രാഷ്ട്രം ചെയ്യേണ്ടത്.

കൊളോണിയല്‍ കാലത്തുതന്നെ ഇന്ത്യയില്‍ വര്‍ഗീയത രൂപപ്പെട്ടുവന്നിരുന്നുവെന്നും ബ്രിട്ടീഷ് ഭരണതന്ത്രത്തിന്റെ ഭാഗമായി ഇന്ത്യയില്‍ ഹിന്ദു മുസ്‌ലിം സംഘര്‍ഷം സൃഷ്ടിച്ചിരുന്നു എന്നുമാണ് ഇന്ത്യയിലെ വര്‍ഗീയതയെ കുറിച്ച് പഠനം നടത്തിയ ഗ്യാനേന്ദ്ര പാണ്ഡെ Construction of Communalism in Colonial North India എന്ന ഗ്രന്ഥത്തില്‍ പറയുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഗാന്ധിയുടെയും നെഹ്‌റുവിന്റെയും അംബേദ്കറിന്റെയും കാഴ്ചപ്പാടുകള്‍ ഇന്ത്യയെ മതേതരത്വമാക്കുന്നതില്‍ സഹായകമായി. 1980 കളില്‍ മതേതര സമൂഹത്തെ ഹിന്ദുത്വ രാഷ്ട്രീയം ശക്തമായി വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തു. ശേഷം രാഷ്ട്രീയവും വര്‍ഗീയവുമായ ഭൂരിപക്ഷം 2014 ല്‍ നേടുകയും ചെയ്തു. രാഷ്ട്രീയ ഭൂരിപക്ഷവും വര്‍ഗീയ ഭൂരിപക്ഷവും രണ്ടും രണ്ടാണ്. രാഷ്ട്രീയ ഭൂരിപക്ഷങ്ങള്‍ രൂപപ്പെടുകയോ രൂപപ്പെടാതിരിക്കുകയോ ചിലപ്പോള്‍ പുനര്‍നിര്‍മിക്കപ്പെടുകയോ ചെയ്‌തേക്കാം. അതുകൊണ്ടുതന്നെ രാഷ്ട്രീയ ഭൂരിപക്ഷം സ്ഥായിയായ ഒന്നല്ല. എന്നാല്‍ വര്‍ഗീയ ഭൂരിപക്ഷം സ്ഥായിയായ ഒന്നാണ്. പരിവര്‍ത്തിപ്പിക്കുവാന്‍ കഴിയാത്തതും എന്നാല്‍ നശിപ്പിക്കാന്‍ സാധ്യവുമായ ഒന്നാണ് വര്‍ഗീയ ഭൂരിപക്ഷം എന്നാണ് അംബേദ്കര്‍ വിവക്ഷിച്ചിട്ടുള്ളത്. ജനാധിപത്യവും മതേതരവുമായ പ്രക്രിയയിലൂടെ മാറ്റിനിര്‍ത്തപ്പെടേണ്ടതാണ് വര്‍ഗീയത. അതിന് മതേതര രാഷ്ട്രീയം മാത്രമാണ് ഏക പ്രതിവിധി. ഇന്ത്യയിലുണ്ടായിട്ടുള്ള എല്ലാ വര്‍ഗീയ സംഘര്‍ഷങ്ങളുടെയും തുടക്കം അന്യമത സമുദായത്തെകുറിച്ചുള്ള തികഞ്ഞ അജ്ഞതയും അവിശ്വാസവും തെറ്റിദ്ധാരണകളുമാണ്. വര്‍ഗീയ വിദ്വേഷം നടത്തുന്നവരെ അസ്ഥിരപ്പെടുത്തുന്ന തിരംഗ കൂട്ടായ്മകള്‍ ജഹാംഗീര്‍പുരിയിലെന്നപോലെ കേരളത്തിലും രൂപപ്പെടേണ്ടതുണ്ട്.