കേരളത്തെ പാകിസ്താനോടുപമിച്ച് പുലിവാല് പിടിച്ച ‘ടൈംസ് നൗ’ ചാനലിനുള്ള മലയാളികളുടെ പ്രഹരം അവസാനിക്കുന്നില്ല. ചാനലിന്റെ മൊബൈല്‍ ആപ്ലിക്കേഷനില്‍ നെഗറ്റീവ് റിവ്യൂ രേഖപ്പെടുത്തിയ മലയാളികള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ടൈംസ് നൗവിന്റെ റേറ്റിങ് 3.5-ലെത്തിച്ചു. വെറും ഒറ്റ ദിവസം കൊണ്ടാണ് 4.5-ല്‍ നിന്നും ടൈംസ് നൗവിന്റെ റേറ്റിങ് ഒരു സ്റ്റാര്‍ കുറഞ്ഞത്. ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനൊപ്പം ഒറ്റ സ്റ്റാര്‍ അടയാളപ്പെടുത്തി റിവ്യൂ നല്‍കിയുമാണ് മലയാളികള്‍ ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ചാനലിന്റെ മാധ്യമ ധാര്‍മികതക്കു നിരക്കാത്ത നിലപാടുകളോട് പ്രതികരിക്കുന്നത്.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് നല്‍കിയ വാര്‍ത്തയിലാണ് കേരളത്തെ പാകിസ്താനോടുപമിച്ചു കൊണ്ടുള്ള വലിയ ക്യാപ്ഷന്‍ സ്‌ക്രീനില്‍ വലുതാക്കി നല്‍കിയത്. ‘പ്രക്ഷുബ്ധമായ പാകിസ്താനിലേക്ക്’ അമിത് ഷാ പോകുന്നു എന്നായിരുന്നു തലക്കെട്ട്. സമീപകാലത്ത് മാട്ടിറച്ചി നിരോധനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേരളം സ്വീകരിച്ച നിലപാടാണ് സംഘ് പരിവാറുമായി ചേര്‍ന്നുപോകുന്ന ചാനലിനെ ചൊടിപ്പിച്ചത്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ചാനല്‍ ഖേദം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

കേരളത്തെപ്പറ്റി നല്‍കിയ വാര്‍ത്തയില്‍ പ്രതിഷേധമറിയിച്ചും ടൈംസ് നൗവിന്റെ പൊതുവെയുള്ള കാവി വലതുപക്ഷ ചായ് വിനെ വിമര്‍ശന വിധേയമാക്കിയും ആയിരക്കണക്കിന് കമന്റുകളാണ് ടൈംസ് നൗവിന്റെ പ്ലേസ്റ്റോര്‍ പേജില്‍ വന്നിട്ടുള്ളത്. വിവിധ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ ടൈം നൗ അധികൃതരെ ‘പഠിപ്പിക്കാനും’ ചിലര്‍ ഈ അവസരം ഉപയോഗപ്പെടുത്തി. ആപ്പിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള കമന്റുകളും വരുന്നുണ്ട്.

അതേസമയം, ടൈംസ് നൗവിന്റെ ഫേസ്ബുക്ക് പേജിലും ‘പൊങ്കാല’ തുടരുകയാണ്. എല്ലാ വാര്‍ത്തകള്‍ക്കു കീഴിലും മലയാളികളുടെ കമന്റുകള്‍ കൊണ്ട് നിറഞ്ഞ അവസ്ഥയാണുള്ളത്.

 

 

ദേശീയ തലത്തിലെ പ്രമുഖ വാര്‍ത്താ മാധ്യമങ്ങളായ എന്‍.ഡി.ടി.വി, ദി ഹിന്ദു, എ.ബി.പി ലൈവ്, സീ ന്യൂസ്, എന്‍.ഡി.ടി.വി ഇന്ത്യ ഹിന്ദി, ഡി.ഡി ന്യൂസ്, ഇക്കണോമിക് ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയവക്കെല്ലാം നാലോ അതിലധികമോ റേറ്റിങ് ഉള്ളപ്പോഴാണ് ടൈംസ് നൗവിന്റെ റേറ്റിങ് കുത്തനെ ഇടിയുന്നത്. മൊബൈല്‍ ആപ്ലിക്കേഷനിലൂടെയുള്ള പരസ്യ വരുമാനം അടക്കമുള്ള നിരവധി കാര്യങ്ങള്‍ക്ക് പ്ലേ സ്റ്റോര്‍ റേറ്റിങ് ആണ് അടിസ്ഥാനമാക്കാറുള്ളത്.