ചാമ്പ്യന്‍സ് ലീഗ് കലാശപ്പോരില്‍ ലിവര്‍പൂളിന്റെ എതിരാളികള്‍ ടോട്ടനാം ഹോട്‌സ്പര്‍. ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടനത്തിന്റെ ഗംഭീര തിരിച്ചുവരവ് കണ്ട മത്സരത്തില്‍ അയാക്‌സ് ആംസ്റ്റര്‍ഡാമിനെ 3-2 എന്ന സ്‌കോറിന് തോല്‍പിച്ചാണ് ഫൈനല്‍ ബര്‍ത്ത് നേടിയത്. ഇരു പാദങ്ങളിലുമായി ഇരുടീമും 3-3 തുല്യത പാലിച്ചെങ്കിലും എതിര്‍ തട്ടകത്തിലെ മൂന്ന് ഗോളുകള്‍ ടോട്ടനത്തിന് തുണയായി. ഇതോടെ ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗ് കിരീടപ്പോരാട്ടം ഇംഗ്ലീഷ് ക്ലബ്ബുകള്‍ തമ്മിലായിരിക്കും.

കളി ആരംഭിച്ച് ആദ്യ അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ ടോട്ടനത്തിന്റെ വലകുലുങ്ങി. കളിയുടെ ഒന്നാം പകുതിയില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മുന്നിട്ടു നിന്ന അയാക്‌സ് ആദ്യപാദത്തിലെ ഒരു ഗോള്‍ മുന്‍തൂക്കത്തിന്റെ കൂടി അടിസ്ഥാനത്തില്‍ ഏതാണ്ട് വിജയം ഉറപ്പിച്ച മട്ടായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ നാലു മിനിറ്റുകളുടെ ഇടവേളയില്‍ കണ്ട ലൂക്കാസിന്റെ രണ്ട് തകര്‍പ്പന്‍ ഗോളുകള്‍ കളിയുടെ വഴിതിരിച്ചു. പിന്നീട് ഇരുടീമും അക്രമണ ഫുട്‌ബോള്‍ കാഴ്ചവെച്ചു. ഒടുക്കം, 95ാം മിനിറ്റില്‍ അയാക്‌സിന്റെ ഹൃദയം കീറി മുറിച്ച് ഒരു ഗോള്‍ കൂടി, ലൂകാസ് മോറയുടെ വക. ലൂകാസിന്റെ ഹാട്രിക്കിന്റെ പിന്‍ബലത്തില്‍ ടോട്ടനം കലാശക്കളിക്ക്. ജൂണ്‍ ഒന്നിനാണ് ഫൈനല്‍ മത്സരം.