ഹൈദരാബാദ്: സിഎഎ വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാക്കള്‍ക്കെതിരെ കേസെടുത്ത തെലുങ്കാന സര്‍ക്കാര്‍ നടപടിക്കെതിരെ എം.എസ്.എഫ് ദേശിയ കമ്മിറ്റി. സിഎഎ വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ പേരില്‍ എം.എസ്.എഫ് നേതാവും ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ മുന്‍ ജോയിന്റ് സെക്രട്ടറിയുമായ ആഷിക് റസൂല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെയാണ് തെലുങ്കാന സര്‍ക്കാര്‍ കേസെടുത്തത്.

വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ക്കെതിരെ കേസെടുത്ത നടപടി തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടിപി അഷറഫലിയും ജനറല്‍ സെക്രട്ടറി എസ്.എച്ച് മുഹമ്മദ് അര്‍ഷാദും പറഞ്ഞു.

ജനാധിപത്യത്തില്‍ ഭരണകൂടത്തിന്റെ ജനവിരുദ്ധ നിയമങ്ങളോട് വിയോജിക്കാനും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനുമുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. സിഎഎ വിരുദ്ധ സമരങ്ങളുടെ പ്രഭവകേന്ദ്രമായി മാറിയത് ഇന്ത്യയിലെ സര്‍വ്വകലാശാലകളാണ്. എന്നിരിക്കെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വിദ്യാര്‍ഥി നേതാക്കളെ രാജ്യത്തുടനീളം മോദി സര്‍ക്കാര്‍ വേട്ടയാടുകയാണ്. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ തെലുങ്കാന യിലും സംഭവിക്കുന്നതെന്ന്, എംഎസ്എഫ് നേതാക്കള്‍ പ്രസ്തനാവനയില്‍ വിമര്‍ശിച്ചു.

ജനാധിപത്യവിരുദ്ധമായ അത്തരം ഭരണകൂട അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ഇനിയും പ്രതിഷേധങ്ങള്‍ ഉയരുമെന്നും വിദ്യാര്‍ത്ഥി നേതാക്കള്‍ക്കെതിരെ എടുത്ത കേസുകള്‍ നിയമപരമായി തന്നെ നേരിടുമെന്നും എം എസ് എഫ് ദേശീയ കമ്മിറ്റി പ്രസ്തനാവനയില്‍ അറിയിച്ചു.